
പാലാ: ചെയർപേഴ്സൺ മായാ രാഹുൽ രൂപീകരിച്ച ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് യു.ഡി.എഫ് കൗൺസിലർമാർ കൂട്ടത്തോടെ ലെഫ്റ്റ് ചെയ്തത് നഗരസഭയിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു.
ചെയർപേഴ്സന്റെ 'തോഴിയെ' ഗ്രൂപ്പിന്റെ അഡ്മിനായി നിയമിച്ചതിൽ പ്രതിഷേധിച്ചാണ് ഗ്രൂപ്പ് വിടുന്നതെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ഗ്രൂപ്പിൽ കുറിപ്പിട്ടതിന് പിന്നാലെയാണ് കൗൺസിലർമാർ കൂട്ടത്തോടെ പുറത്തുപോയത്.
നഗരസഭയിലെ മുഴുവൻ കൗൺസിലർമാരെയും പ്രധാന ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് ഔദ്യോഗിക ആവശ്യങ്ങൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ചെയർപേഴ്സൺ രൂപീകരിച്ചത്. യോഗ അറിയിപ്പുകളും ഭരണപരമായ വിവരങ്ങളും കൈമാറുന്നതിനുള്ള വേദിയായാണ് ഗ്രൂപ്പ് ആരംഭിച്ചത്. ഗ്രൂപ്പിൽ ചെയർപേഴ്സനോട് എപ്പോഴും ഒപ്പം നിൽക്കുന്ന ഒരു കൗൺസിലറെ അഡ്മിനായി നിയമിച്ചതാണ് പ്രതിഷേധത്തിന് കാരണമായതെന്നാണ് ആരോപണം. ഇത്തരമൊരു നിയമനം നിഷ്പക്ഷതയ്ക്ക് വിരുദ്ധമാണെന്നും യു.ഡി.എഫ് കൗൺസിലർമാർ ചൂണ്ടിക്കാട്ടുന്നു.
ഇത് മുൻകൂട്ടി തീരുമാനിച്ചത്!
പാർലമെന്ററി പാർട്ടി ലീഡറുടെ കുറിപ്പ് ഗ്രൂപ്പിൽ വരുന്നതിന് മുമ്പേ തന്നെ യു.ഡി.എഫിലെ രണ്ട് കൗൺസിലർമാർ ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റായിരുന്നുവെന്നാണ് ഭരണനേതൃത്വത്തിന്റെ ചൂണ്ടിക്കാട്ടൽ. അതിനാൽ, കൂട്ടലെഫ്റ്റ് മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ രാഷ്ട്രീയ നീക്കമാണെന്ന ആക്ഷേപവും ഭരണപക്ഷം ഉയർത്തുന്നു.
നഗരസഭയുടെ ഭരണപരമായ വിവരങ്ങളും അറിയിപ്പുകളും കൗൺസിലർമാരെയും ഉദ്യോഗസ്ഥ മേധാവികളെയും ഇനി മുതൽ ഈ ഗ്രൂപ്പിലൂടെയാണ് അറിയിക്കുന്നത്. ഗ്രൂപ്പിൽ നിന്ന് ഏതാനും കൗൺസിലർമാർ പുറത്തുപോയത് എന്തിനെന്നറിയില്ല.
മായാ രാഹുൽ, നഗരസഭാ ചെയർപേഴ്സൺ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |