കോട്ടയം: സംഭരിച്ച നെല്ലിന്റെ മുഴുവൻ തുകയും ചിങ്ങം ഒന്നിന് മുമ്പ് കർഷകരിൽ നൽകുമെന്ന ഭക്ഷ്യവകുപ്പ് മന്ത്രിയുടെ വാക്കിന് പുല്ലുവില. ഓണം കഴിഞ്ഞിട്ടും പണത്തിനായി ബാങ്ക് കയറിയിറങ്ങുകയാണ് കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും കർഷകർ. രണ്ടാം കൃഷിയുടെ വളപ്രയോഗത്തിന് സമയമായിട്ടും പുഞ്ചകൃഷിയുടെ നെല്ല് സംഭരിച്ച വകയിൽ 476 കോടി രൂപ കർഷകർക്ക് ലഭിക്കാനുണ്ട്. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി നൂറ് ദിവസം പിന്നിട്ടിട്ടും വിഷയത്തിൽ നടപടി നീളുകയാണ്. സപ്ളൈകോയുടെ കണക്ക് പ്രകാരം കഴിഞ്ഞ സീസണിലെ പുഞ്ചകൃഷിയിൽ 1,87,829 കർഷകരിൽ നിന്ന് 5.83 ലക്ഷം ടൺ നെല്ലാണ് സംഭരിച്ചത്. നെല്ലിന്റെ വിലയായി 1280.66 കോടി രൂപ മാത്രമാണ് വിതരണം ചെയ്തത്.
കൈയ്യിൽ നയാപൈസയില്ല
പണം ലഭിക്കാത്തതിനാൽ രണ്ടാം കൃഷിയുടെ വളപ്രയോഗം ഉൾപ്പെടെ മുടങ്ങുന്ന സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. നെല്ല് സംഭരിച്ചതിന്റെ കണക്ക് യഥാസമയം കേന്ദ്രത്തിന് കൈമാറിയിരുന്നില്ല. ഇതിനെതുടർന്ന് കേന്ദ്രത്തിൽ നിന്ന് സപ്ളൈകോയ്ക്ക് ഫണ്ട് ലഭിക്കാൻ കാലതാമസം നേരിട്ടു. കാലതാമസം ഒഴിവാക്കാൻ റിവോൾവിംഗ് ഫണ്ടിന് രൂപം നൽകുമെന്ന് യു.ഡി.എഫ് പ്രകടനപത്രികയിൽ പറഞ്ഞിരുന്നെങ്കിലും ബഡ്ജറ്റ് നിർദ്ദേശം ഇല്ലാത്തതിനാൽ നടപ്പായില്ല.
സർക്കാർ വിശദീകരണം
സാങ്കേതിക നടപടികളിലെ കാലതാമസവും ഓണത്തിനു തുടർച്ചയായുള്ള ബാങ്ക് അവധിയുമാണ് ഭക്ഷ്യമന്ത്രിയുടെ പ്രഖ്യാപനമനുസരിച്ച് ഓണത്തിന് മുമ്പ് പണം കൊടുക്കാൻ കഴിയാതെ വന്നതെന്നാണ് സർക്കാർ ന്യായീകരണം.
നെൽവില വിതരണം 2025-26
കർഷകർ:187829
കൊടുത്തുതീർത്തത്:1280.66 കോടി രൂപ
കുടിശിക:476.55 കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |