
കൊക്കയാർ: കൃത്യമായി പറഞ്ഞാൽ അഞ്ച് വർഷം. ഈ കാലമത്രയും ഒരു നാട് കാത്തിരിപ്പിലായിരുന്നു. നാടിന്റെ സ്പന്ദനമായിരുന്ന കൊക്കയാർ-വെംബ്ലി പാലത്തിനായി. 2021ലെ പ്രളയത്തിൽ തകർന്നുപോയ പാലം പുനർനിർമ്മിച്ച് വൈകാതെ നാടിന് സമർപ്പിക്കും. പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും നിരന്തരമായ ഇടപെടലുകളെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് അനുവദിച്ച ഫണ്ട് ചെലവഴിച്ചാണ് പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. നിലവിൽ പുതിയ പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. അപ്രോച്ച് റോഡ് നിർമ്മാണം ഉൾപ്പെടെയുള്ള അവസാനവട്ട മിനുക്കുപണികൾ മാത്രമാണ് അവശേഷിക്കുന്നത്. ഇവ ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകും. പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടന തീയതി പൊതുമരാമത്ത് വകുപ്പ് ഉടൻ പ്രഖ്യാപിക്കും. മേഖലയിലെ നിരവധി കുടുംബങ്ങളുടെ യാത്രാ ദുരിതമാണ് പാലം തുറക്കുന്നതോടെ അവസാനിക്കുക.
ഇനി സഞ്ചാരികളെത്തും
കൊക്കയാർ പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രധാന പാതയിലാണ് പാലം സ്ഥിതി ചെയ്യുന്നത്. വെംബ്ലി വെള്ളച്ചാട്ടം, ഉറുമ്പിക്കര ഹിൽ സ്റ്റേഷൻ, പാപ്പാനി വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് സഞ്ചാരികൾക്ക് ഇനി തടസങ്ങളില്ലാതെ എത്തിച്ചേരാം.
പാലം പൂർണ്ണസജ്ജമായി തുറന്നുകൊടുക്കുന്നതോടെ മേഖലയിലെ വിനോദസഞ്ചാരത്തിന് വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ.
നിർമ്മാണ ചെലവ്: 4.53 കോടി രൂപ
ആശ്രയമായത് താത്ക്കാലിക പാലം
പ്രളയത്തിന് ശേഷം ജനകീയ സമിതി നിർമ്മിച്ച താത്ക്കാലിക പാലത്തിലൂടെയായിരുന്നു അഞ്ച് വർഷത്തോളമായി വാഹനങ്ങൾ സഞ്ചരിച്ചിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |