
കോട്ടയം: എങ്ങനെ പിടിച്ചുനിൽക്കുമെന്ന് അറിയില്ല. അത്രയേറെ പ്രതിസന്ധിയാണ്. ഒരു തരത്തിലും മുമ്പോട്ടുപോകാൻ കഴിയാത്ത അവസ്ഥയും !.
അങ്കണവാടികളിലെ കുട്ടികൾക്കുള്ള പോഷകാഹാരമായ 'അമൃതം ഫുഡ്' നിർമ്മിച്ച് വിതരണം ചെയ്യുന്ന ഉദയനാപുരം പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റ് ഓരോ ദിവസവും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. സർക്കാർ നിശ്ചയിച്ച വില 12 വർഷമായി കിലോയ്ക്ക് 70 രൂപയിൽ തുടരുമ്പോൾ ഉൽപാദനച്ചെലവ് 105 രൂപ വരെ ഉയർന്നതാണ് വെല്ലുവിളിയായത്. സബ്‌സിഡി നിരക്കിലുള്ള ഗോതമ്പ് ഇപ്പോൾ ലഭിക്കുന്നില്ല. ഇതോടെ നഷ്ടം ഇരട്ടിയായി. ദേശീയ ന്യൂട്രീഷൻ വാരാചരണത്തിന്റെ ഭാഗമായും നിലവിലെ സാഹചര്യം വിലയിരുത്താനും ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജു, വൈസ് പ്രസിഡന്റ് ബിന്ദു അനിൽകുമാർ, കെ.ദീപേഷ്, പി.ഡി ജോർജ്, സൗമ്യ സനീഷ് തുടങ്ങിയവർ യൂണിറ്റ് സന്ദർശിച്ചു.
പ്രതിസന്ധികൾ നിരവധി
20 വർഷമായി വൈക്കം, പള്ളം, ഏറ്റുമാനൂർ ബ്ലോക്കുകളിലെ അങ്കണവാടികളിലേക്ക് അമൃതം വിതരണം ചെയ്യുന്നത് ഇവിടെ നിന്നാണ്. ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയിൽ നിന്നാണ് യൂണിറ്റിന് സബ്‌സിഡി നിരക്കിൽ ഗോതമ്പ് ലഭിച്ചിരുന്നത്. നിലവിൽ പൊതുവിപണിയിൽ നിന്ന് ഉയർന്ന വിലയ്ക്ക് ഗോതമ്പ് വാങ്ങേണ്ട സാഹചര്യമാണ്. റെയ്ഡ്‌കോ വഴി വിതരണം ചെയ്യുന്ന പഞ്ചസാര, കടലപ്പരിപ്പ്, സോയാബീൻ, കപ്പലണ്ടി തുടങ്ങിയ അസംസ്‌കൃത വസ്തുക്കൾക്കും പൊതുവിപണിയിലെ വില നൽകണം.
ഉത്പ്പാദന ചെലവ് (ഒരു കിലോയ്ക്ക്): 105 രൂപ വരെ
ഉത്പ്പാദന ചെലവ് വർദ്ധിച്ചിട്ടും സർക്കാർ 70 നിന്ന് ഒരു രൂപ പോലും വർദ്ധിപ്പിക്കാൻ തയാറാകുന്നില്ല.
വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി അമൃതം ഫുഡിന്റെ വില വർദ്ധിപ്പിച്ചു ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. (പഞ്ചായത്ത് അധികൃതർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |