SignIn
Kerala Kaumudi Online
Friday, 11 September 2026 2.49 AM IST

പ്രളയത്തിന് പിന്നാലെ ചൂട് കടുക്കുന്നു......... കരിഞ്ഞുണങ്ങി നെല്ല്, ഉള്ളുപൊള്ളി കർഷകർ

nel

കോട്ടയം : പ്രളയത്തെ അതിജീവിച്ച പാടശേഖരങ്ങളിലെ നെൽച്ചെടികൾ കടുത്ത ചൂട് താങ്ങാനാകാതെ കരിഞ്ഞുണങ്ങുന്നു. ഇതോടെ വിളവ് കുറയുമെന്ന ആശങ്കയിലാണ് നിരവധി വെല്ലുവിളികളെ അതിജീവിച്ച് കൃഷിയിറക്കിയ കർഷകർ. മേൽ മണ്ണ് വിണ്ടുകീറി, അടിക്കടിയുള്ള വൈദ്യുതിമുടക്കം കാരണം വെള്ളം പമ്പുചെയ്ത് കയറ്റാനും കഴിയുന്നില്ല. തുലാവർഷത്തിലാണ് ഇനി പ്രതീക്ഷ. അതിന് മുമ്പ് നെല്ല് വിളയുമെന്നതിനാൽ പ്രയോജനവുമില്ല. ചിലയിടങ്ങളിൽ ചെളികുത്തി തയ്യാറാക്കിയ ബണ്ടുകൾ മിന്നൽ പ്രളയത്തിൽ തകർന്നതോടെ വെള്ളം വറ്റിക്കുന്നതിന്റെ അധിക ചെലവും ഉണ്ടായി. സബ്സിഡിവീണ്ടും കിട്ടാത്തതിനാൽ ഇരട്ടി വില നൽകി സ്വകാര്യ ഏജൻസികളിൽ നിന്ന് വിത്തു വാങ്ങി വീണ്ടും നിലമൊരുക്കേണ്ടി വന്നു. ഇതിന് പിന്നാലെയാണ് വില്ലനായി ചൂടെത്തിയത്. മോട്ടോർ വച്ച് പമ്പുചെയ്ത് ചാലുകീറി വെള്ളം നെൽച്ചുവട്ടിൽ എത്തിയില്ലെങ്കിൽ കരിയും. അതിനാൽ എങ്ങനെയും പമ്പിംഗ് നടത്താനുള്ള ശ്രമത്തിലാണ് പാടശേഖര സമിതികൾ. തിരുവാർപ്പ്, അയ്മനം, നീണ്ടൂർ, കുമരകം ,ആർപ്പുകര, ചങ്ങനാശേരി ,കല്ലറ, വെച്ചൂർ, വൈക്കം പ്രദേശങ്ങളിൽ നൂറ് കണക്കിന് കർഷകരാണ് ഇതോടെ ദുരിതത്തിലായത്.

കരക്കൃഷിയും പ്രതിസന്ധിയിൽ

കരക്കൃഷിയ്ക്കും വർദ്ധിക്കുന്ന ചൂട് പ്രതിസന്ധിയാണ്. വാഴക്കർഷകരാണ് ഏറെ വലയുന്നത്. കുലച്ചതും കുലയ്ക്കാത്തതുമായ വാഴകൾ ചൂട് കാറ്റിൽ ഒടിഞ്ഞു വീഴുകയാണ്. പാവൽ, പടവലം, വെള്ളരി എന്നിവയുടെ ഉത്പാദനം കുറഞ്ഞു. ചൂടുകൂടിയ സമയത്ത് ലഭിക്കുന്ന വിളവിന് വലുപ്പം കുറവായതിനാൽ മാർക്കറ്റിൽ വേണ്ടത്ര വില ലഭിക്കുന്നില്ലെന്നും കർഷകർ പറയുന്നു.

ചൂട് കൂടിയാൽ
വിളവ് എത്തേണ്ട സമയത്തിന് മുൻപ് നെൽച്ചെടികൾ കതിരിടും

85 ദിവസം കൊണ്ട് കതിരിടേണ്ട നെൽച്ചെടി 75 ദിവസത്തിനുള്ളിൽ കതിരിടും

ചൂടിന്റെ ശക്തിയിൽ നെല്ലോലകൾ കരിഞ്ഞുണങ്ങും

ഒരേക്കറിൽ നിന്ന് 25 ക്വിന്റൽ കിട്ടേണ്ടിടത്ത് 20 ക്വിന്റൽ നെല്ലായി കുറയും

നെൽച്ചെടികൾക്ക് താങ്ങാനാകുന്ന ചൂട് : 23 - 25 ഡിഗ്രി സെൽഷ്യസ്

''പ്രളയത്തിൽ നെൽക്കൃഷിക്കുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂർത്തിയായി ഓൺലൈൻ അപേക്ഷ കർഷകർ നൽകി ഒരു മാസമായിട്ടും നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ല. കനത്ത ചൂടിൽ നെല്ലുണങ്ങി ഉണ്ടാകുന്ന നഷ്ടം നികത്താൻ സർക്കാർ സഹായ ധനം ലഭിക്കില്ല. വിരിപ്പുകൃഷി ഇത്തവണ കൈ പൊള്ളിക്കും.

-മോഹനൻ (നെൽകർഷകൻ )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL