
കോട്ടയം : വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ പമ്പിംഗ് തടസപ്പെടുന്നത് കുടിവെള്ള വിതരണത്തെയും സാരമായി ബാധിച്ചു. ഉപഭോഗം കൂടി ഉത്പാദനം കുറഞ്ഞതോടെ പകലും രാത്രിയിലുമായി മണിക്കൂറുകളോളം ഓരോ ഫീഡർ ലൈനും ഓഫാക്കുകയാണ്. ഇതിന് പുറമേ വോൾട്ടേജ് ക്ഷാമവുമുണ്ടാകുന്നതിനാൽ പമ്പിംഗ് തടസപ്പെടുന്നു. മീനച്ചിലാറ്റിൽ നിന്ന് പേരൂർ പമ്പ് ഹാസിൽ വെള്ളമടിച്ച് കളക്ടറേറ്റിലെ പ്രധാന ജലവിതരണ ടാങ്കിലെത്തിച്ചാണ് നഗരത്തിലെയും സമീപ പ്രദേശങ്ങളിലേക്കും കുടിവെള്ള വിതരണം നടത്തുന്നത്. ആഴ്ചയിൽ രണ്ടും മൂന്നും ദിവസം ഇടവിട്ടാണ് ഓരോ പ്രദേശത്തേയും ജലവിതരണം നിയന്ത്രിച്ചിട്ടുള്ളത്. എന്നാൽ പമ്പിംഗ് പലപ്പോഴും മുടങ്ങുന്നതോടെ നഗരത്തിൽ പല ഭാഗങ്ങളിലും വെള്ളമെത്തുന്നില്ല. പടിഞ്ഞാറൻ മേഖലയിലാണ് സ്ഥിതി രൂക്ഷം.
കഞ്ഞിക്കുഴിയിൽ ഹൈലെവൽ ലൈൻ കഴിഞ്ഞ ദിവസം പൊട്ടിയതോടെ നഗരത്തിൽ പല വാർഡുകളിലെയും ജലവിതരണം മുടങ്ങി. മീനച്ചിലാറ്റിലിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ജലസംഭരണികളിൽ നിന്നാണ് വാട്ടർഅതോറിട്ടി ജലവിതരണം ചെയ്യുന്നത്. ചൂട് കൂടിയതോടെ ആറുകളിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. ഇതും പമ്പിംഗിനെ ബാധിക്കും.
ഇൻവെർട്ടറിനും ജനറേറ്ററിനും ഡിമാൻഡ്
വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ ഇൻവെർട്ടറിനും ജനറേറ്ററിനും ഡിമാൻഡായി. സാധാരണ കുടുംബത്തിന് ആവശ്യമായ ലൈറ്റും ഫാനും രണ്ടു മൂന്നു മണിക്കൂർ പ്രവർത്തിപ്പിക്കുന്നതിനുള്ള ഇൻവെർട്ടർ ബാറ്ററിയ്ക്ക് 25000 രൂപയാകും. ചെറിയ ജനറേറ്ററിനാണെങ്കിൽ 50000 വരെയും. ആവശ്യക്കാർ കൂടിയതോടെ ബുക്ക് ചെയ്ത് വരുത്തുന്നതിന് കാലത്താമസമെടുക്കുന്നുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. വായ്പയെടുത്തും ലക്ഷങ്ങൾ മുടക്കിയും സോളാർ പാനൽ സ്ഥാപിച്ച നിരവധിപ്പേർക്ക് കെ.എസ്.ഇ.ബി നെറ്റ് മീറ്റർ നൽകാത്തതിനാൽ സോളാറിൽ നിന്നുള്ള വൈദ്യുതി ലഭ്യമാക്കാനാവുന്നില്ല. ഒരു ലക്ഷത്തോളം സിംഗിൾ ഫേസ് മീറ്ററും കാൽലക്ഷത്തോളം ത്രീഫേസ് നെറ്റ് മീറ്ററിനും ഓർഡർ നൽകിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ സ്ഥിതിയിൽ ലഭിക്കാൻ മാസങ്ങളെടുക്കുമെന്നാണ് അധികൃതർ പറയുന്നത്.
ആശ്വാസമേകിയിരുന്ന ചെറുകിട പദ്ധതികൾ
കടുത്ത വേനലിൽപ്പോലും ചെറുകിട കുടിവെള്ള പദ്ധതികളാണ് സാധാരണക്കാർക്ക് ആശ്വാസം പകർന്നിരുന്നത്. മണിമലയാറിന്റെ ഭാഗമായി മുണ്ടക്കയം പഞ്ചായത്ത് പരിധിയിൽ തന്നെ നിരവധി പദ്ധതികളാണ് പ്രവർത്തിക്കുന്നത്. ഒട്ടുമിക്ക പദ്ധതികൾക്കും ജലസ്രോതസ് കുഴൽക്കിണറുകളാണ്. ചൂട് കനത്താൽ ഇതും അവതാളത്തിലാകുമോയെന്നാണ് ആശങ്ക.
ഒരുമാസം മുൻപുണ്ടായ പ്രളയത്തിൽ കരകവിഞ്ഞ മീനച്ചിൽ, മണിമലയാറുകളിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങി
ചൂട് ഇങ്ങനെ തുടർന്നാൽ കുടിവെള്ളക്ഷാമം ഇത്തവണ നേരത്തേയുണ്ടാകാൻ സാദ്ധ്യതയേറെയാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |