
കോട്ടയം : ജനങ്ങൾക്ക് ഭീഷണി ഉയർത്തി കൂടുകൂട്ടിയിരിക്കുന്ന കടന്നലുകളെയും, കുളവികളെയും പിടിക്കാൻ പരിശീലനം നേടിയവരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. പാമ്പുകളെ പിടികൂടുന്നത് പോലെ കടന്നലുകളെ തുരത്താൻ വനംവകുപ്പിന് റെസ്ക്യൂ ടീമില്ല. മലയോരമേഖലയിൽ ഉൾപ്പെടെ ഇവയുടെ ശല്യത്താൽ പൊറുതിമുട്ടുകയാണ് ജനം. കാടിനുള്ളിലെയും ജനവാസകേന്ദ്രങ്ങളിലെയും ഉയരമുള്ള വന്മരങ്ങൾക്കൊപ്പം തെങ്ങ്, പന, കമുക്, റബർ എന്നിവ കടന്നലുകൾക്ക് സുരക്ഷിതമായി കൂടുകൂട്ടാൻ അനുയോജ്യമായ സ്ഥലങ്ങളാണെന്ന് വിദഗ്ദ്ധർ പറയുന്നു. പൂന്തേൻ, പഴച്ചാറുകൾ, ചെറുപ്രാണികൾ എന്നിവയാണ് ഭക്ഷണം. മുൻകാലങ്ങളെ അപേക്ഷിച്ച് വേനൽക്കാലം നീളുന്നതും ശൈത്യകാലത്ത് തണുപ്പ് കുറയുന്നതും കടന്നലുകളുടെ അതിജീവന നിരക്ക് കൂട്ടുന്നതായാണ് വിലയിരുത്തൽ. ചൂടുകൂടിയ കാലാവസ്ഥ ഇവയുടെ പ്രജനനകാലം വർദ്ധിപ്പിക്കാനും കൂടുതൽ കോളനികൾ ഉണ്ടാകാനും സഹായിക്കുന്നു. മഴയുടെ രീതിയിലുണ്ടായ മാറ്റങ്ങൾ കാരണം പലപ്പോഴും ഇവയുടെ കൂടുകൾ നശിച്ചുപോകാതെ കൂടുതൽ കാലം നിലനിൽക്കുന്നു.
കുത്തേറ്റാൽ മരണവും സംഭവിക്കാം
കടന്നലുകൾ ഇളകിയാൽ പ്രദേശം മുഴുവൻ വ്യാപകമാകും. പുകശല്യം ഏറിയാലും സ്ഥിതി ഗുരുതരമാകും. കുത്തേൽക്കുന്നത് മരണത്തിനും ഇടയാക്കും. പ്രതിരോധ കുത്തിവയ്പ്പാണ് രക്ഷാമാർഗം. വനം മേഖലയിൽ നിന്നാണ് ആക്രമണകാരികളായ കടന്നലുകൾ നാട്ടിലേയ്ക്ക് ചേക്കേറുന്നത്.
കടനാട്ടിൽ ഏഴുപേർക്ക് മലങ്കുളവിയുടെ കുത്തേറ്റു
കടനാട് : തൊഴിലുറപ്പ് ജോലിക്കിടെ ഏഴ് സ്ത്രീകൾക്ക് മലങ്കുളവിയുടെ കുത്തേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് 2 നാണ് സംഭവം. പഞ്ചായത്ത് ഓഫീസിന് അര കിലോമീറ്റർ അകലെ താഴത്തേൽ പുരയിടത്തിനു സമീപമുള്ള ഇടവഴിയിൽ തൊഴിലുറപ്പ് തൊഴിലിൽ ഏർപ്പെട്ടിരുന്നവർക്കാണ് കുളവിയുടെ കുത്തേറ്റത്. പരിക്കേറ്റ ഭാരതി തങ്കപ്പൻ, രമണി കൃഷ്ണൻകുട്ടി, ശാന്തമ്മ തങ്കച്ചൻ, ചന്ദ്രിക സുകുമാരൻ, നളിനി മനോഹർ, ശാന്ത രവി, മേരി ജോർജ് എന്നിവരെ പാലാ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരുടെയും തലയ്ക്കാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |