
പാലാ: പിളർന്ന യു.ഡി.എഫിനെ ഒപ്പം കൂട്ടി കേരള കോൺഗ്രസ് (എം) രൂപംകൊടുത്ത നഗരവികസന മുന്നണിയിൽ വീണ്ടും പിളർപ്പ്. ഇന്നലെ നഗരവികസന മുന്നണിയിൽപ്പെട്ട ടോണി തൈപ്പറമ്പൻ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തപ്പോൾ രജിതാ പ്രകാശ് ആകട്ടെ വോട്ട് ചെയ്യാൻ എത്തിയില്ല. ഇങ്ങനെ തമ്മിൽ പിളർന്ന ഭരണസമിതിയുടെ ആയുസ് ഇനി എത്രനാൾ എന്നുള്ളതാണ് ബാക്കിയാവുന്ന ചോദ്യം. കൺവീനർ ബിജു പാലൂപ്പടവന്റെ ഒറ്റക്കഴിവിൽ ഇനി ഈ മുന്നണി പിടിച്ചുനിന്നാലായി.
പതിറ്റാണ്ടുകൾക്ക് ശേഷം നഗരസഭയിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് ഭരണം നഷ്ടമാവുകയും കോൺഗ്രസിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് ഭരണത്തിലെത്തുകയും ചെയ്തെങ്കിലും വെറും ആറ് മാസം മാത്രമായിരുന്നു ഭരണസമിതിയുടെ ആയുസ്.
നാലുപേർ വിമതർ എന്ന പേരിൽ യു.ഡി.എഫിനെതിരെ തിരിയുകയും ചെയ്തു.
സ്വതന്ത്രയായി വിജയിച്ച മായ രാഹുലും ടോണി തൈപ്പറമ്പനുമായിരുന്നു വിമതരുടെ നേതൃസ്ഥാനത്ത്. കേരള കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി നേതാവ് ബിജു പാലുപ്പടവന്റെ ബുദ്ധിമികവിൽ ഇടതുപക്ഷം വിമതരെ ഒപ്പംകൂട്ടി പുതിയൊരു മുന്നണി സംവിധാനം രൂപീകരിച്ചത്. ഇപ്പോൾ വിമതരും രണ്ട് വഴിക്കായതോടെ നഗരവികസനമുന്നണിയുടെ നിലനിൽപ്പ് തന്നെ ചോദ്യചിഹ്നമാവുകയാണ്.
രൂക്ഷവിമർശനവുമായി ടോണി
തന്നെയും ബിജു മാത്യൂസിനെയും തമ്മിലടിപ്പിച്ച് നഗരവികസന മുന്നണി കൺവീനർ ബിജു പാലൂപ്പടവൻ രാഷ്ട്രീയ നേട്ടം കൊയ്യുകയായിരുന്നുവെന്ന് ആരോപിച്ച് വിമത കോൺഗ്രസ് കൗൺസിലർ ടോണി തൈപ്പറമ്പിൽ രംഗത്തെത്തി. തന്നെയും ബിജു മാത്യൂസിനെയും രണ്ട് അവസരങ്ങളിലായി പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ വീട്ടിൽ കൊണ്ടുപോയി ഇതാണ് വൈസ് ചെയർമാൻ സ്ഥാനാർത്ഥിയെന്ന് ബിജു പാലുപ്പടവിൽ പരിചയപ്പെടുത്തിയതായും ടോണി ആരോപിക്കുന്നു.
ഊഹാപോഹങ്ങൾക്ക് അടിസ്ഥാനമില്ല
അടുത്തബന്ധു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന സാഹചര്യത്തിലാണ് വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്ന് കൗൺസിലർ രജിതാ പ്രകാശ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നതിന് പിന്നിൽ മറ്റ് രാഷ്ട്രീയ കാരണങ്ങളൊന്നുമില്ലെന്നും രജിതാ പ്രകാശ് വ്യക്തമാക്കി.
എല്ലാവരോടും നന്ദിയെന്ന് ബിജു മാത്യൂസ്
വലിയൊരു ഉത്തരവാദിത്വവും അവസരവും തന്നെ ഏൽപ്പിച്ച എല്ലാവരോടും നന്ദി പറയുന്നതായി വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ബിജു മാത്യൂസ് പറഞ്ഞു. നഗരസഭയുടെ താത്പര്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |