കോട്ടയം: പ്രളയത്തിൽ വിരിപ്പുകൃഷി നശിച്ചിട്ടും തളരാതെ പുഞ്ചകൃഷിക്കൊരുങ്ങി കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും കർഷകർ. അടുത്തമാസം പകുതിയോടെ വിതയ്ക്കാമെന്ന പ്രതീക്ഷയിലാണ് കർഷകർ. വിരിപ്പുകൃഷി ഏതാണ്ട് നശിച്ചതോടെ വിത്തുക്ഷാമമുണ്ട്. മുൻവർഷങ്ങളിൽ സമയത്ത് വിത്ത് ലഭിക്കാതിരുന്നത് കൃഷിയെ ദോഷകരമായി ബാധിച്ചു. അടുത്തമാസം ആദ്യം വിത്ത് ലഭിക്കുമെന്ന പ്രതീക്ഷയിൽ പണമടച്ചു കാത്തിരിക്കുകയാണ് കർഷകർ. വിരിപ്പുകൃഷി പ്രളയത്തിൽ മുങ്ങിയതോടെ 30-40 ദിവസം പ്രായമായ നെൽച്ചെടികളാണ് നശിച്ചത്. തിരുവാർപ്പ് ,അയ്മനം ,ആർപ്പുക്കര,കുമരകം നീണ്ടൂർ, മഞ്ചാടിക്കരി, കല്ലുങ്കത്ര, കേളക്കരി, കാട്ടുകരി,വാവക്കാട്, മറ്റം വിലങ്ങൻചിറ തുടങ്ങിയ പാടശേഖരങ്ങളിലാണ് പ്രധാനമായും കൃഷി നശിച്ചത്. മികച്ച വിളവ് പ്രതീക്ഷിച്ചിരിക്കെയാണ് എല്ലാം വെള്ളംകൊണ്ടുപോയത്. ഇതിൽ നിന്ന് കരകയറും മുമ്പാണ് അടുത്ത കൃഷിക്ക് കർഷകർ തയ്യാറാകുന്നത്.
വീണ്ടും കടം വാങ്ങണം
കൃഷിനാശത്തിന് ഹെക്ടറിന് 13500 രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക. ചെലവ് ഇതിന്റെ മൂന്നിരട്ടി വരും.നഷ്ടപരിഹാരത്തിനായി കർഷകർ ഓൺലൈനായി അപേക്ഷനൽകിയിട്ടുണ്ട്. വീണ്ടും കടം വാങ്ങി കൃഷിയിറക്കേണ്ട സാഹചര്യമാണ് കർഷകർക്ക്.
പ്രതിസന്ധിയായി വൈദ്യുതി തടസം
പാടങ്ങളിലെ വെള്ളം വറ്റിക്കാനുള്ള നടപടികളും ആരംഭിച്ചു. എന്നാൽ വൈദ്യുതിതടസം പ്രതിസന്ധിയാണ്. ആമ്പൽ വിരിഞ്ഞ നിൽക്കുന്ന പാടങ്ങളിൽ കളനാശിനി അടിച്ച ശേഷമാണ് വെള്ളം കയറ്റുന്നത്.
നെല്ലു സംഭരിച്ചതിന്റെ പണവും കൃഷി നശിച്ചതിന്റെ നഷ്ടപരിഹാരവും ലഭിക്കാതെ കർഷകർ പ്രതിസന്ധിയിലാണ്. കടക്കെണിയിലായ കർഷകരെ കൂടുതൽ ദുരിതത്തിലേക്ക് തള്ലിവിടരുത്.
കെ.എം.ദിനകരൻ
കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |