SignIn
Kerala Kaumudi Online
Friday, 25 September 2026 3.59 AM IST

ഗ്ലാമറാകാൻ നോക്കി അപകടത്തിലാകരുതേ!

സൗന്ദര്യ ചികിത്സയ്ക്ക് നിയന്ത്രണമില്ല,​ കൂണുപോലെ സ്ഥാപനങ്ങൾ

കോട്ടയം: മുടി വളർച്ച, ഫെയ്‌സ് ടോൺ,​ കൊഴുപ്പ് നീക്കം ചെയ്യൽ തുടങ്ങി സൗന്ദര്യവർദ്ധക ചികിത്സകൾക്ക് ആവശ്യക്കാരേറിയതോടെ ഡെർമറ്റോളജി, കോസ്മറ്റിക് ചികിത്സാ സ്ഥാപനങ്ങൾ ജില്ലയിൽ വ്യാപകമായി. എന്നാൽ, ഇത്തരം സ്ഥാപനങ്ങൾക്ക് ആവശ്യമായ ലൈസൻസും ചികിത്സിക്കുന്നവരുടെ യോഗ്യതയും അനസ്‌തേഷ്യയ്ക്കും അടിയന്തര ചികിത്സയ്ക്കുമുള്ള സംവിധാനങ്ങളും ആരോഗ്യവകുപ്പ് പരിശോധിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കൈയിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടെ, ചങ്ങനാശേരി സ്വദേശിനി മരിച്ച സംഭവം കൂടി പുറത്തുവന്നതോടെ കോസ്മറ്റിക് ചികിത്സാ മേഖലയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയുമേറി. ഇതോടെ ഇത്തരം ചികിത്സാ സ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കണമെന്ന ആവശ്യം ശക്തമായി.

ചികിത്സകൾ നിരവധി
മുടി മാറ്റിവയ്ക്കൽ (ഹെയർ ട്രാൻസ്പ്ലാന്റ്)
ചുളിവുകൾ കുറയ്ക്കാൻ (ബോട്ടോക്‌സ്)
മുഖത്തെ കുഴികൾ നികത്താൻ (ഫില്ലേഴ്‌സ്)
മൂക്കിന്റെ ആകൃതി മാറ്റം (റൈനോപ്ലാസ്റ്റി)
കൺപോളയിലെ അധിക കൊഴുപ്പ് നീക്കം ചെയ്യുന്ന (ബ്ലിഫാരോപ്ലാസ്റ്റി)
മുഖത്തിന്റെയും കഴുത്തിന്റെയും സൗന്ദര്യം വർദ്ധിപ്പിക്കുന്ന (ഫെയ്‌സ് ലിഫ്റ്റ്, നെക്ക് ലിഫ്റ്റ്)
ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്ന (ലിപ്പോസക്ഷൻ)
മാറിടത്തിന്റെ വലുപ്പം വർദ്ധിപ്പിക്കുന്ന (ബ്രെസ്റ്റ് ഓഗ്മെന്റേഷൻ)
വയറിലെ അധിക കൊഴുപ്പ് നീക്കം ചെയ്യുന്ന (ടമ്മി ടക്)

ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം
ചങ്ങനാശേരി മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വി.ജി വിദ്യ (45) ആണ് തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കിൽ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടെ ഗുരുതരാവസ്ഥയിലായി മരിച്ചത്.

വീടിനോട് ചേർന്ന് ബ്യൂട്ടി പാർലർ നടത്തി വന്നിരുന്ന വിദ്യയെ ഈ മാസം 16നാണ് തിരുവല്ല ഇടിഞ്ഞില്ലത്തെ ക്ലിനിക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.

ശസ്ത്രക്രിയയ്ക്കു മുന്നോടിയായി അനസ്‌തേഷ്യ നൽകിയിരുന്നു. രാവിലെ 11.30ഓടെ ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് വെന്റിലേറ്ററിലാക്കിയെങ്കിലും ചൊവ്വാഴ്ച രാത്രി 9.30 ഓടെ മരിച്ചു.

ശസ്ത്രക്രിയയിലെ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് കുടുംബം പൊലീസിൽ പരാതിയും നൽകി.

മുൻ സംഭവങ്ങളും
അടിവയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ സങ്കീർണതയെ തുടർന്ന് യുവതിയുടെ ഒമ്പത് വിരലുകൾ മുറിച്ചുമാറ്റേണ്ടിവന്ന സംഭവവും കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL