എലിക്കുളം: എലിക്കുളം പഞ്ചായത്ത് എട്ടാം വാർഡിൽ നാലു മാസത്തിലേറെയായി അനധികൃതമായി നടത്തിവന്നിരുന്ന പന്നിഫാം പൊലീസ് സംരക്ഷണയിൽ പഞ്ചായത്ത് അധികൃതർ പൂട്ടിച്ചു. വെറ്ററിനറി ഡോക്ടർമാർ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം കൂത്താട്ടുകുളം മീറ്റ് പ്രോഡ്ര്രക് ഓഫ് ഇന്ത്യയിൽ ( എം.പി.ഐ ) നിന്നുള്ള വിദഗ്ദ്ധ തൊഴിലാളികളാണ് പന്നികളെ ഫാമിൽ നിന്നും വാഹനത്തിൽ കയറ്റിയത്. പിടിച്ചെടുത്ത പന്നികളെ കൂത്താട്ടുകുളത്തുള്ള എം.പി.ഐ യുടെ ഫാമിലേക്കാണ് മാറ്റിയത്.
നാട്ടുകാർ ജില്ലാ കളക്ടർ ജില്ലാ മെഡിക്കൽ ഓഫീസർ തുടങ്ങിയവർക്ക് നൽകിയ നിവേദനങ്ങളുടെയും പ്രക്ഷോഭങ്ങളെയും തുടർന്ന് പഞ്ചായത്ത് നൽകിയ നിരവധി നോട്ടീസുകളും സ്റ്റോപ്പ് മെമ്മോയും ഹൈക്കോടതി ഇടപെടലുകളും അവഗണിച്ച് ഫാം തുടർന്നും പ്രവർത്തിപ്പിച്ചതു മൂലമാണ് പഞ്ചായത്ത് പിടിച്ചെടുക്കൽ നടപടിയിലേക്ക് കടന്നത്.
പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്,അസിസ്റ്റന്റ് സെക്രട്ടറി പ്രിൻസി, ജീവനക്കാരായ അഷറഫ്, ബിജോയ് മാത്യു,അനീഷ്.യു, വെറ്ററിനറി ഡോക്ടർ രമ്യ, പൊൻകുന്നം പോലീസ് സബ് ഇൻസ്‌പെക്ടർ നജീബ് തുടങ്ങിയവർ പിടിച്ചെടുക്കലിന് നേതൃത്വം നൽകി.
നടപടി നിയമപ്രകാരമല്ല: ഫാമുടമ
അഞ്ച് പന്നികളെയും അവയുടെ കുഞ്ഞുങ്ങളെയും വളർത്താൻ തടസമില്ലെന്നിരിക്കേ മൂന്ന് പന്നികളെയും അവയുടെ കുഞ്ഞുങ്ങളെയും പിടിച്ചെടുത്ത നടപടി നിയമപ്രകാരമല്ലെന്ന് ഫാമുടമ പറഞ്ഞു. പരാതികളുള്ളതിനാൽ കൂടുതൽ പന്നികളുണ്ടായിരുന്നത് ഒഴിവാക്കി. മലിനീകരണ നിയന്ത്രണബോർഡിന്റെ എൻ.ഒ.സി.കിട്ടിയതിന് ശേഷം ലൈസൻസ് അനുവദിക്കാമെന്നാണ് പഞ്ചായത്ത് അറിയിച്ചിരുന്നത്. എൻ.ഒ.സി.ഹാജരാക്കിയതിന് ശേഷവും പഞ്ചായത്ത് നടപടിയെടുത്തത് നീതീകരിക്കാനാവില്ലെന്ന് ഉടമ പറയുന്നു. 200 മീറ്റർ ചുറ്റളവിൽ വീടുകളുണ്ടാവരുതെന്ന നിബന്ധന പാലിച്ചെന്നും അഞ്ചുലക്ഷം രൂപ ചെലവഴിച്ച് മാലിന്യനിർമ്മാർജന പ്ലാന്റുണ്ടാക്കിയെന്നും പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |