സംസ്ഥാന സ്കൂൾ ഹോക്കി ചാമ്പ്യൻഷിപ്പിനുള്ള കോട്ടയം ജില്ലാടീമിലേക്ക് 12 താരങ്ങൾക്ക് സെലക്ഷൻ
കോട്ടയം: സാമ്പത്തിക പ്രതിസന്ധി വലയ്ക്കുന്നുണ്ടെങ്കിലും കായിക രംഗത്ത് തിളക്കമാർന്ന നേട്ടങ്ങൾ കൊയ്‌ത് മുന്നേറുകയാണ് വൈക്കത്തും വെള്ളൂരുമായി പ്രവർത്തിക്കുന്ന വനിതാ സ്‌പോർട്സ് അക്കാഡമി. തിരുവനന്തപുരം ജി.വി രാജാ സ്‌പോർട്‌സ് സ്‌കൂളിൽ നാളെ നടക്കുന്ന സംസ്ഥാന സ്കൂൾ ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിനുള്ള കോട്ടയം ജില്ലാ ടീമിലേക്ക്
വനിതാ സ്‌പോർട്‌സ് അക്കാഡമിയിലെ 12 താരങ്ങൾക്കാണ് സെക്ഷൻ ലഭിച്ചത്. കോട്ടയത്ത് നടന്ന സെലക്ഷൻ ട്രയൽസിൽ അക്കാഡമിയിൽ നിന്ന് പങ്കെടുത്ത 13 പേരിൽ 12 പേരും ടീമിൽ ഇടം നേടി. വൈഗ, വി.എസ് ആദിലക്ഷ്മി, ആവന്തിക സുമേഷ്, നേത്ര അനീഷ്, അനന്യ അജി, വി.ശ്രീവിദ്യ, എം.എസ് ശ്രീനന്ദ, എം.എസ് സ്‌നേഹ, വൈഗ ബൈജു, ദേവനന്ദ ശരത്, വി.വി അമൃത, ആർ.ഋതുനന്ദ എന്നിവരാണ് ജില്ലാ ടീമിൽ ഇടംനേടിയത്. വൈക്കം ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെ കുട്ടികളാണ് എല്ലാവരും. കഞ്ഞിക്കുഴി ടർഫ് ഗ്രൗണ്ടിൽ നടന്ന റവന്യൂ ജില്ലാ സ്‌കൂൾ ഹോക്കി ചാമ്പ്യൻഷിപ്പിൽ വൈക്കം സബ്‌ജില്ല കിരീടം നേടിയത് അക്കാഡമിയിലെ താരങ്ങളുടെ കരുത്തിലാണ്.
ഈ വർഷം കേരളാ ഫുട്ബോൾ അസോസിയേഷൻ നടത്തിയ സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ജില്ലാ ടീമിലും അക്കാഡമിയിലെ ആറു താരങ്ങളുണ്ടായിരുന്നു. പെൺകുട്ടികളുടെ ഫുട്ബോളിൽ കോട്ടയം ജില്ലയിലെ ബെസ്റ്റ് സ്കൂൾ ആയി തിരഞ്ഞെടുത്തത് അക്കാഡമിയിലെ താരങ്ങൾ അണിനിരന്ന വെള്ളൂർ കുഞ്ഞിരാമൻ മെമ്മോറിയൽ ഹൈസ്കൂളിനെയാണ്. ഇറുമ്പയം കോളനി, ചന്ദ്രാമല, മടത്തേടം തുടങ്ങിയയിടങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളാണ് ഫുട്ബോളിൽ പരിശീലനം നേടുന്നത്.
മുൻ സ്‌പോർട്‌സ് അതോറിട്ടി ഒഫ് ഇന്ത്യ വനിതാ ഫുട്ബാൾ പരിശീലകൻ ജോമോൻ ജേക്കബാണ് പരിശീലകൻ. ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ക്യാമ്പിൽ പങ്കെടുത്ത താരങ്ങൾ ഉൾപ്പെടെ 24 ദേശീയ താരങ്ങളും 100 സംസ്ഥാന താരങ്ങളും അക്കാഡമിയിലൂടെ വളർന്നു വന്നിട്ടുണ്ട്. സൗജന്യ പരിശീലനമാണ് അക്കാഡമിയിൽ നൽകുന്നത്. റോളർ സ്കേറ്റിംഗ്, ഫുട്ബോൾ, ഹോക്കി തുടങ്ങിയ ഇനങ്ങളിൽ നൂറോളം താരങ്ങൾ പരിശീലിക്കുന്നുണ്ട്. വോളിബോൾ താരങ്ങളായ നാമക്കുഴി സിസ്റ്റേഴ്സിന്റെ സഹായത്തോടുകൂടി 10 വർഷം മുമ്പ് തുടങ്ങിയ അക്കാഡമിയുടെ പ്രവർത്തനം ഇടക്കാലത്ത് സാമ്പത്തിക പ്രതിസന്ധി മൂലം നിലച്ചെങ്കിലും ഒരു വർഷമായിട്ട് വീണ്ടും പരിശീലന ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ട്. ഫോൺ: 7025108090.
സംസ്ഥാന സ്കൂൾ ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിനുള്ള കോട്ടയം ജില്ലാ പെൺകുട്ടികളുടെ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിതാ സ്‌പോർട്‌സ് അക്കാഡമിയിലെ താരങ്ങൾ പരിശീലകൻ ജോമോൻ ജേക്കബിനൊപ്പം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |