SignIn
Kerala Kaumudi Online
Monday, 05 October 2026 1.38 AM IST

ആറ്റുനോറ്റു ഭരണം കിട്ടിയപ്പോൾ അടിയോടടിയും സമ്മർദ്ദതന്ത്രവും

'തല്ലരുതമ്മാവാ ഞാൻ നന്നാകില്ലെന്നു ' പറഞ്ഞതുപോലാണ് കാര്യങ്ങൾ. ആറ്റുനോറ്റിരുന്നു പത്ത് വർഷത്തിന് ശേഷം യു.ഡി.എഫിന് ഭരണം കിട്ടിയപ്പോൾ ഗ്രഹണി പിടിച്ച പിള്ളാരെപ്പോലെയുള്ള അധികാരകളി. മധുവിധുകാലം ഏതാണ്ട് അവസാനിച്ചതോടെ തന്നെയൊന്നും അറിയിക്കുന്നില്ലെന്ന് യു.ഡി.എഫ് കൺവീനർ പത്രസമ്മേളനം വിളിച്ചുകൂട്ടി പറഞ്ഞതോടെ മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങാ വീണതുപോലെ പാളയത്തിൽ പടയും തുടങ്ങി. ഇതിനിടയിലാണ് കാബിനറ്റ് പദവിക്കായുള്ള കേരളകോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സമ്മർദ്ദതന്ത്രം പയറ്റൽ.

യു.ഡി.എഫ് സർക്കാരിൽ രണ്ടു ഡസനോളം കാബിനറ്റ് പദവി ഉള്ളവരിൽ പാതിയിലേരെയും ന്യൂനപക്ഷ വിഭാഗക്കാരാണ്. മുസ്ലീം ലീഗിന് ആറ് കാബിനറ്റ് പദവി നൽകിയപ്പോൾ പകുതിയെങ്കിലും തങ്ങൾക്ക് നൽകണമെന്ന ആവശ്യമാണ് ജോസഫ് വിഭാഗം ഉയർത്തുന്നത്. മോൻസ് ജോസഫിന് മന്ത്രി സ്ഥാനം നൽകി. പാർട്ടി ചെയർമാൻ പി.ജെ.ജോസഫിന്റെ മകൻ അപു ജോസഫിന് കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനവും നൽകി. ഇനിയും ജോസഫിന് ഒരു കാബിനറ്റ് റാങ്കുകൂടി നൽകണമെന്നാണ് ആവശ്യം. ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം പി.ജെ.ജോസഫിന് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. മുസ്ലീംലീഗ് നേതാവ് എം.കെ മുനീറിന് അതു നൽകിയതോടെ പി.ജെ.ജോസഫിന് കാബിനറ്റ് റാങ്കെന്ന വിഷയത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് പാർട്ടി.

ഇതിനിടെ മുതിർന്ന നേതാവായ തന്നെ തഴഞ്ഞതിൽ ഇടഞ്ഞുനിൽക്കുകയാണ് കേരളാകോൺഗ്രസ് വൈസ് ചെയർമാൻ തോമസ് ഉണ്ണിയാടൻ. ചങ്ങനാശേരി ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥി തോറ്റതിന് പിന്നിൽ കോൺഗ്രസ് വോട്ടുകൾ ചോർന്നുവെന്നും പ്രചാരണത്തിൽ കോൺഗ്രസ് നേതാക്കളുടെ സഹായം ലഭിച്ചില്ലെന്നുമുള്ള പരാതിയും കേരളാകോൺഗ്രസ് നേതൃത്വത്തിനുണ്ട്. 25 എം.എൽ.എമാരുള്ള മുസ്ലീംലീഗിന് ആറ് കാബിനറ്റ് സ്ഥാനങ്ങൾ കൊടുത്തപ്പോൾ ഏഴ് എം .എൽ.എമാർ മാത്രമുള്ള കേരളകോൺഗ്രസിന് മൂന്ന് കാബിനറ്റ് പദവി നൽകേണ്ടതില്ലെന്ന നിലപാടാണ് ചില കോൺഗ്രസ് നേതാക്കൾക്കുള്ളത്. യു.ഡി.എഫിന് 102 സീറ്റ് ഉള്ളതിനാൽ ഏഴു സീറ്റുകൾ മാത്രമുള്ള ജോസഫ് വിഭാഗത്തിന് ചട്ടിയോളമേ ചാടാനാവൂ. എങ്കിലും നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്ന പഴംചൊല്ലാണ് ചറ്റുവട്ടത്തിന് ഓർമ്മവരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, TEAM UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL