
കോട്ടയം : പുഞ്ചക്കൃഷിയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കവേ വിത്ത് എത്താത്തത് കർഷകരെ ആശങ്കയിലാക്കുന്നു.
വിത ഈ മാസം 15 മുതൽ ആരംഭിക്കാനാണ് പാടശേഖരസമിതികളുടെ തീരുമാനം. എങ്കിലേ ഫെബ്രുവരിയിൽ വിളവെടുപ്പ് ആരംഭിക്കാനാകൂ. ഒരു ഏക്കറിന് 40 കിലോ വിത്തെന്ന ക്രമത്തിൽ ഹെക്ടറിന് 100 കിലോ വിത്ത് വേണ്ടിവരും. ഡി.1 (ഉമ ) ഇനം വിത്താണ് കൃഷി വകുപ്പ് വിതരണം ചെയ്യുന്നത്. കിലോ ഗ്രാമിന് 42 രൂപയാണ് വില. കേരളസീഡ് കോർപ്പറേഷൻ വഴിയും വിതരണമുണ്ട്. കൃഷി ഭവൻ വഴി 2500 ടൺ വിത്തിന് അപേക്ഷിച്ചിട്ടുണ്ടെങ്കിലും എന്നു ലഭിക്കുമെന്ന കാര്യം ഉറപ്പായിട്ടില്ല. പാലക്കാട്ടു നിന്നാണ് വിത്ത് എത്തിക്കുന്നത്. നെൽവിത്ത് സംസ്കരണ കേന്ദ്രങ്ങളിലെത്തിച്ച് 30കിലോ വീതമുള്ള ബാഗുകളാക്കി വാഹനത്തിൽ കയറ്റിവേണം എത്തിക്കാൻ. വിത്തിന്റെ വില കർഷകർക്ക് നൽകി വാഹനങ്ങളുടെ ടെൻഡർ നടപടികളും പൂർത്തിയാക്കിയാലേ ഈ നടപടിക്രമങ്ങൾ ആരംഭിക്കാനാകൂ. രണ്ടാഴ്ചയെങ്കിലും ഇതിനായി വേണ്ടിവരും.
ഇതിനിടെ കക്കയ്ക്കും ക്ഷാമമാണെന്ന് ആക്ഷേപമുണ്ട്. മണ്ണിലെ അമ്ലത കുറക്കാനാണ് കക്ക ഉപയോഗിക്കുന്നത്. കഴിഞ്ഞ പുഞ്ചക്കൃഷിയിൽ 6000 ഹെക്ടറിനുള്ള കക്ക കൃഷി വകുപ്പ് വിതരണം ചെയ്തിരുന്നു. ഈ വർഷം 4000 ഹെക്ടറായി സർക്കാർ വെട്ടിച്ചുരുക്കി. കൂടിയ വിലയ്ക്ക് കക്ക വാങ്ങേണ്ടി വരും ഇത് കൃഷിച്ചെലവ് കൂട്ടും. കക്ക വിതറിയില്ലെങ്കിൽ നെൽച്ചെടികളുടെ ഇലകൾ മഞ്ഞ നിറത്തിലാകും. ഉത്പാദനം കുറയും.
ഉദ്യോഗസ്ഥരുടെ അലംഭാവം
കഴിഞ്ഞ പുഞ്ചക്കൃഷിയുടെ പണം ലഭിക്കാത്തതിന്റെ പേരിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കർഷകർ വിത്ത് കൂടി ലഭ്യമാകാത്ത സാഹചര്യത്തിൽ ആകെ ദുരിതത്തിലാണ്. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവമാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ആക്ഷേപം. ഗുണമേന്മയുള്ള വിത്ത് ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്നാണ് ആവശ്യം.
കഴിഞ്ഞവർഷം വിത്ത് കിട്ടാൻ താമസിച്ചതോടെ കൊയ്ത്ത് വൈകി വിളനാശം സംഭവിച്ചിരുന്നു
പകുതിയിലധികം കർഷകരുടെയും വിത്ത് മുളച്ചില്ലെന്നും അന്ന് പരാതി ഉയർന്നിരുന്നു
ഒരേക്കറിലേക്ക് വേണ്ട വിത്ത് (കി.ഗ്രാമിൽ)
40 കി.ഗ്രാം
''വിത നീണ്ടാൽ വേനൽക്കാലവും വേലിയേറ്റവും കൃഷിയ്ക്ക് ദോഷകരമാകും. സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.
നെൽകർഷക സംഘടനകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |