
എരുമേലി : മണ്ഡല - മകരവിളക്ക് സീസൺ അടുത്തതോടെ ശബരിമല തീർത്ഥാടകരെ ചൂഷണം ചെയ്യുന്ന പതിവ് രീതിക്ക് തടയിടാൻ ദേവസ്വം ബോർഡ്. എരുമേലിയിൽ കടകളിൽ അമിത വിലയീടാക്കിയും പാർക്കിംഗ് ഫീസ് പിരിച്ചും വൃത്തിയുള്ള കുടിവെള്ളം നൽകാതെയുമൊക്കെ തീർത്ഥാടകരെ കൊള്ളയടിക്കുന്നവരെ പൂട്ടാൻ ആദ്യമായി ദേവസ്വം ബോർഡിന്റെ പ്രത്യേക സ്ക്വാഡ് കളത്തിലിറങ്ങും. ദേവസ്വം ബോർഡ് ലേലം ചെയ്ത് നൽകുന്ന കടകളിൽ പോലും അയ്യപ്പഭക്തരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നത് പതിവാണ്. ചോദ്യം ചെയ്താൽ ഭീഷണിയാണ് ഫലം. പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിരക്ക് പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും അന്യസംസ്ഥാനക്കാരായ തീർത്ഥാടകരോട് കൂടുതൽ നിരക്ക് വാങ്ങും. പരാതി പറഞ്ഞാൽ ഭീഷണിയാവും ഫലം. വർഷങ്ങളായി ദേവസ്വം ബോർഡ് സ്ഥലം കരാറെടുക്കുന്ന ലോബിയാണ് പിന്നിൽ. പലപ്പോഴും അധികൃതരുടെ ഒത്താശയോടെയാണ് പ്രവർത്തനം. വിവിധ വകുപ്പുകളുടെ സ്ക്വാഡുകൾ രൂപീകരിക്കുമെങ്കിലും പേരിന് മാത്രമായി നടപടിയൊതുങ്ങും. ഇതോടെയാണ് ദേവസ്വം ബോർഡ് പ്രത്യേക സ്ക്വാഡ് രൂപീകരിക്കുന്നത്.
കരാർ റദ്ദാക്കും നടപടിയുറപ്പ്
ദേവസ്വവുമായുള്ള ലേല നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കും
സ്‌പെഷ്യൽ സ്‌ക്വാഡിന്റെ നിരന്തര പരിശോധനയുണ്ടാവും
നിബന്ധകൾ ലംഘിച്ചാൽ കരാർ റദ്ദാക്കും
കടകളിലെ ശുചിത്വവും പരിശോധിക്കും
വിവിധ വകുപ്പുകളുടെ ഏകോപനം
വിവിധ വകുപ്പുകളുടെ ഏകോപനത്തിലാവും സ്ക്വാഡ് പ്രവർത്തനം. പാർക്കിംഗ് ഗ്രൗണ്ടുകളിലെ പരിശോധനയിൽ സ്‌പെഷ്യൽ സ്‌ക്വാഡിൽ മോട്ടോർ വാഹന വകുപ്പിനെ കൂടി ഉൾപ്പെടുത്തും. അമിത നിരക്ക് സംബന്ധിച്ച് ഭക്തർ പൊലീസിൽ പരാതിപ്പെട്ടാൽ ആവശ്യമായ സഹായം ബോർഡിൽ നിന്നുണ്ടാകും. ദേവസ്വത്തിൽ ആണ് ഭക്തർ പരാതി നൽകുന്നതെങ്കിൽ പോലും കരാറുകാരും ഉദ്യോഗസ്ഥരും ഒത്തുകളിക്കുന്ന പ്രവണത അനുവദിക്കില്ല. സർക്കാർ നിശ്ചയിക്കുന്ന ഫീസ് അല്ലാതെ കൂടുതൽ വാങ്ങിയതായി പരാതി കിട്ടിയാൽ കൃത്യമായി നടപടി സ്വീകരിക്കാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
'' എരുമേലിയിൽ ഇത്തവണ തീർത്ഥാടനകാലം ചൂഷണം നടത്താനുള്ള അവസരമാക്കാമെന്ന് ആരും കരുതേണ്ട. വലിയമ്പലത്തിൽ ഏറ്റവും ഗുണനിലവാരത്തോടെ അന്നദാനം നൽകണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
കെ.ജയകുമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |