SignIn
Kerala Kaumudi Online
Saturday, 31 October 2026 5.54 AM IST

ആത്മഹത്യയിൽ മുന്നിൽ വൈക്കം.... പ്രതിസന്ധികൾക്ക് മുന്നിൽ  മനക്കരുത്ത് ചോർന്ന്

കോട്ടയം : പ്രതിസന്ധികൾക്ക് മുന്നിൽ മനക്കരുത്ത് ചോർന്ന്, പ്രിയപ്പെട്ടവരോടും പ്രകാശമുള്ള ജീവിതത്തോടും വളരെ നിസ്സാരമായി 'ഗുഡ് ബൈ' പറയുന്നവരുടെ എണ്ണം വൈക്കത്ത് ആശങ്കജനകമാം വിധം ഉയരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രായഭേദമന്യേ മുന്നൂറിലധികം പേരാണ് ജീവിതം സ്വയം ഹോമിച്ചത്. ഇതോടെ ജില്ലയിൽ ഏറ്റവും കൂടുതൽ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്ത മണ്ഡലമായി വൈക്കം മാറി. കഴിഞ്ഞ ഏപ്രിൽ മുതൽ ഇതുവരെ 65 പേരാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാ പ്രതിരോധത്തിന് പ്രത്യേക പദ്ധതിയുമായി തദ്ദേശ സ്ഥാപനങ്ങളും രംഗത്തുണ്ട്.

സാമ്പത്തിക പരാധീനതകളും ആരോഗ്യ പ്രശ്നങ്ങളും കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളും രോഗങ്ങളും തുടങ്ങി വിവിധ കാരണങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിൽ. വൈക്കം താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്തവരുടെ കണക്ക് അനുസരിച്ച് ടി.വി പുരം പഞ്ചായത്തിന്റെ കിഴക്കൻ മേഖലകളിലാണ് ആത്മഹത്യ ചെയ്തവരിലേറെയും. തൂങ്ങിമരണങ്ങളാണ് കൂടുതലും. ജലാശയങ്ങളിൽ ചാടിയുള്ള മരണവും വിഷം കഴിച്ചു തീ കൊളുത്തിയുമുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വില്ലനായി ആഡംബര ജീവിതം

ഏറ്റവും കൂടുതൽ പേർ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് പണം പലിശയ്ക്ക് എടുത്ത് ആഡംബര ജീവിതം നയിക്കുന്നത് ഈ മേഖലയിൽ നിന്നാണെന്നാണ് തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ വിലയിരുത്തൽ. കുടുംബ ബന്ധത്തിലെ തകർച്ചയും ആത്മഹത്യയിൽ കൊണ്ടെത്തിക്കുന്നു. പരീക്ഷയിൽ തോറ്റതിന് ആത്മഹത്യയിൽ അഭയം തേടിയ വിദ്യാർത്ഥികളുമുണ്ട്. കുടുംബത്തിലും സൗഹൃദങ്ങളിലും മാനസിക പിന്തുണയുടെ കുറവുണ്ടെന്ന് കൗൺസിലർമാരും ക്ളിനിക്കൽ സൈക്കോളജിസ്റ്റുകളും പറയുന്നു.

കാരണങ്ങൾ പലത്

അമിത ലഹരി ഉപയോഗം

സാമ്പത്തിക പ്രയാസം

ബന്ധങ്ങളിലെ തകർച്ച

ഒറ്റപ്പെടൽ, വിഷാദരോഗം

പരിഹാരമേകാൻ മധുരം ജീവിതം

ആത്മഹത്യ പ്രതിരോധത്തിനായി വൈക്കം ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 'മധുരം ജീവിതം' പദ്ധതി ആരംഭിച്ചു. എല്ലാ സർക്കാർ വകുപ്പുകളുടേയും ജനകീയ കൂട്ടായ്മയുടെയും സഹകരണത്തിലാണ് പദ്ധതി. ആത്മഹത്യാ പ്രതിരോധ ബോധവത്കരണം,​ കൗൺസലിംഗ് തുടങ്ങി വിവിധ സേവനങ്ങൾ ഇതിന്റെ ഭാഗമായി ഒരുക്കും.

6 മാസത്തിൽ മരിച്ചത് 65പേർ

'' പൂർണ്ണമായും ആത്മഹത്യാരഹിത വൈക്കമാക്കുകയാണ് ലക്ഷ്യം. മധുരം ജീവിതം പദ്ധതിയുടെ പ്രവർത്തനങ്ങൾ വിജയിച്ചാൽ ഈ ലക്ഷ്യം സാദ്ധ്യമാകും''

കെ.കെ.ശശികുമാർ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SUICIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL