ഒരു മാസത്തിനിടെ രണ്ട് വൻ കവർച്ചകൾ
ഉഴവൂർ ; രാത്രിയുടെ മറവിൽ അടഞ്ഞുകിടക്കുന്ന പമ്പുകളെ ലക്ഷ്യമിട്ടിരിക്കുകയാണ് മോഷ്ടാക്കൾ. കള്ളൻമാർ വിലസുമ്പോൾ പമ്പ് ഉടമകൾക്ക് നെഞ്ചിടിപ്പാണ്. ഒരു മാസത്തിനിടെ മരങ്ങാട്ടുപള്ളിയിലും ഉഴവൂരിലുമായി രണ്ട് പെട്രോൾ പമ്പുകളിൽ നിന്ന് കവർന്നത് രണ്ടര ലക്ഷത്തോളം രൂപ. പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിൽ നടന്ന മോഷണത്തിൽപ്പോലും പ്രതികളെ പിടികൂടാൻ കഴിയാത്തതും നാണക്കേടായി.ഉഴവൂർ ടൗണിലെ പമ്പിൽ നിന്ന് കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ 12.44ഓടെയാണ് ഒന്നര ലക്ഷത്തോളം രൂപ കവർന്നത്. അപരിചിതരായ രണ്ടുപേർ പമ്പിന്റെ ഓഫീസ് മുറിയുടെ പൂട്ട് തകർത്താണ് അകത്തുകടന്നത്. ഓഫീസിൽ സൂക്ഷിച്ചിരുന്ന സേഫ് ഇരുവരും ചേർന്ന് പൂർണമായും എടുത്തുമാറ്റി. തുടർന്ന് സമീപത്തെ കൃഷിയിടത്തിലെത്തിച്ച് സേഫ് കുത്തിത്തുറന്ന് പണവുമായി കടന്നുകളയുകയായിരുന്നു.
മുഖം മറച്ചെത്തിയ രണ്ടുപേരുടെ ദൃശ്യങ്ങൾ പമ്പിലെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പമ്പ് ഉടമ പൊലീസിൽ പരാതി നൽകി. സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളും കൈമാറിയിട്ടുണ്ട്.
ഇതിന് കൃത്യം ഒരു മാസം മുമ്പാണ് മരങ്ങാട്ടുപള്ളിയിലെ പെട്രോൾ പമ്പിൽ സമാനമായ മോഷണം നടന്നത്. പൊലീസ് സ്റ്റേഷന് നേരെ എതിർവശത്തുള്ള പമ്പിൽനിന്നാണ് അന്ന് 70,000 രൂപയ്ക്കും ഒരു ലക്ഷത്തിനും ഇടയിൽ തുക കവർന്നത്. ഈ കേസിലെ പ്രതികളും കാണാമറയത്താണ്.
രാത്രികാല പട്രോളിംഗ് ശക്തമാക്കണം
ഒരേ മേഖലയിലെ പെട്രോൾ പമ്പുകൾ തുടർച്ചയായി മോഷ്ടാക്കൾ ലക്ഷ്യമാകുമ്പോഴും രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കാൻ നടപടിയില്ലെന്നാണ് ആക്ഷേപം. പമ്പുകളെയും വ്യാപാര സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് മോഷണങ്ങൾ ആവർത്തിക്കുമ്പോൾ പൊലീസ് കൂടുതൽ ജാഗ്രത പുലർത്തണമെന്നും നാട്ടുകാർ പറയുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |