കോട്ടയം: മോട്ടോർ വാഹന വകുപ്പിന്റെയും പരിവാഹൻ വെബ്സൈറ്റിന്റെയും സേവനങ്ങൾ തുടർച്ചയായി തടസപ്പെട്ടതോടെ കടുത്ത പ്രതിസന്ധിയെ നേരിടുകയാണ് സെക്കൻഡ് ഹാൻഡ് വാഹന വ്യാപാര മേഖല.
വെബ്സൈറ്ര് പുതുക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകളാണ് സേവനങ്ങൾ തടസപ്പെടാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ പ്രശ്നങ്ങൾ എപ്പോൾ പരിഹരിക്കുമെന്നതിൽ വ്യക്തതയില്ല. ഇതോടെ വാഹന ഉടമകളും വ്യാപാരികളും ഒരുപോലെ ദുരിതത്തിലായി. ഹൈപ്പോത്തിക്കേഷൻ നീക്കം ചെയ്യുന്നതിനുള്ള (എച്ച്.പി. ക്യാൻസലേഷൻ) നടപടികൾക്ക് വാഹനം രജിസ്റ്റർ ചെയ്ത അതേ ആർ.ടി.ഒ ഓഫീസിനെ ആശ്രയിക്കേണ്ടിവരുന്നത് അധിക യാത്രാചെലവിനും സമയനഷ്ടത്തിനും കാരണമാകും. പൊലീസ്, ആർ.ടി.ഒ പിഴകൾ ഓൺലൈനായി അടയ്ക്കുന്നതിനുള്ള സേവനങ്ങളും തടസപ്പെട്ടതോടെ നേരിട്ട് ഓഫീസുകളിലെത്തി പിഴയടയ്ക്കേണ്ട സാഹചര്യമാണ്. പിഴ അടച്ചിട്ടും ചില വാഹനങ്ങൾ ബ്ലാക്ക് ലിസ്റ്റിൽ നിന്ന് ഒഴിവാക്കാത്തത് പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.
സേവനങ്ങൾ ലഭ്യമല്ല
കേന്ദ്ര സർക്കാർ നടപ്പാക്കിയ ഡീലർ ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നേടിയ അംഗീകൃത വ്യാപാരികൾക്കും ആവശ്യമായ സേവനങ്ങൾ ലഭിക്കുന്നില്ല. രജിസ്ട്രേഷൻ സമയത്തെ പിഴവുകൾ തിരുത്തുന്നതിനുള്ള കാര്യക്ഷമമായ സംവിധാനമില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുകയാണെന്ന് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾസ് ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.വി ഷിബു കടവുപുഴ, ജില്ലാ സെക്രട്ടറി സോണി വലിയകാപ്പിൽ, ട്രഷറർ മാത്യു വർഗീസ്, ജോയിന്റ് സെക്രട്ടറി എം.കെ ഹബീസ്, ജില്ലാ ചെയർമാൻ ബിജോയ് വാക്കാട് എന്നിവർ ചൂണ്ടിക്കാട്ടുന്നു.
നടപ്പിലാക്കേണ്ട ആവശ്യങ്ങൾ
1സേവനങ്ങൾ പൂർണതോതിൽ പുനസ്ഥാപിക്കുക.
2ഡീലർ ഓതറൈസേഷൻ സംവിധാനം കാര്യക്ഷമമാക്കുക.
3പിഴകളും ബ്ലാക്ക് ലിസ്റ്റ് നടപടികളും ഓൺലൈനായി പരിഹരിക്കാനുള്ള സൗകര്യം ഉറപ്പാക്കുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |