
തിരുവനന്തപുരം: വാഹന വിവരങ്ങൾ കേന്ദ്രീകൃതമായി സൂക്ഷിക്കേണ്ട വാഹൻ സൈറ്റിൽ കേരളത്തിലെ ഒരുകോടിയിലേറെ വാഹനങ്ങളുടെ വിവരങ്ങളില്ല. കേന്ദ്രസർക്കാർ മോട്ടോർ വാഹനവകുപ്പിൽ ഓട്ടോഅപ്രൂവൽ സംവിധാനം നടപ്പിലാക്കിയപ്പോഴാണ് ഇത്രത്തോളം വാഹനങ്ങളുടെ വിവരങ്ങൾ ഇല്ലെന്നോ അപൂർണമാണെന്നോ തിരിച്ചറിഞ്ഞത്. വാഹന ഉടമകളിൽ നിന്ന് രേഖകൾ ഒപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് വകുപ്പ്. 2019ൽ വാഹൻസൈറ്റ് നിലവിൽ വരുന്നതിനു മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങളാണിവ.
2018വരെ 'സ്മാർട്ട് മൂവ്" സോഫ്ട്വെയറിലായിരുന്നു വാഹനവിവരങ്ങൾ സൂക്ഷിച്ചിരുന്നത്. വാഹൻ സോഫ്ട്വെയറിലേക്ക് വിവരങ്ങൾ മാറ്റേണ്ടി വന്നപ്പോൾ മോട്ടാർ വാഹന വകുപ്പ് സർക്കാർ ഏജൻസിയുടെ സഹായം തേടി. അവർ വിവരങ്ങൾ ചേർത്തപ്പോൾ പിശകുകളുണ്ടായി. ഷാസി നമ്പറിലുള്ള ഇംഗ്ലീഷ് അക്ഷരം 'O"(ഒ)ക്കു പകരം 0(പൂജ്യം) ചേർത്തു. ഇതുൾപ്പെടെ നിരവധി പിഴവുകളുണ്ടായെന്നാണ് കണ്ടെത്തൽ. ഹോഴ്സ് പവർ, ലാഡൻവെയിറ്റ്, വീൽബെയ്സ് ഉൾപ്പെടെയുള്ളവയും അപൂർണമാണ്.
ചില രേഖകൾ ഒഴിവാക്കി വിവരങ്ങൾ ചേർക്കാൻ ശ്രമിച്ചെങ്കിലും എ.ഐ അധിഷ്ടിത കേന്ദ്രസോഫ്ട്വെയർ കണ്ടുപിടിച്ചു. ഇ- മെയിൽ അയച്ചോ, വാഹനഉടമകൾ ആർ.ടി ഓഫീസുകളിൽ എത്തുമ്പോൾ നേരിട്ടോ വിവരങ്ങൾ തിരുത്തണമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ സ്പർജൻകുമാർ ഓഫീസുകൾക്ക് രേഖാമൂലം നിർദ്ദേശം നൽകിയിട്ടുണ്ട്.
പെറ്റി അടിക്കാനും വഴിയില്ല
പുകപരിശോധന ഉൾപ്പെടെയുള്ളവയുടെ വിവരങ്ങളും അപൂർണമായാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതുകാരണം കൃത്യസമയത്ത് പുകപരിശോധിക്കാത്ത വാഹനങ്ങൾക്ക് എം.വി.ഡിക്ക് പിഴ ചുമത്താനാകുന്നില്ല.
വാഹനഉടമകൾക്ക് തലവേദന
1.രേഖകൾ ഓഫീസിലെത്തിക്കേണ്ട ബാദ്ധ്യത വാഹന ഉടമകൾക്കാകും
2.വാഹനത്തിന്റെ സാങ്കേതികകാര്യങ്ങൾ ഉടമ നൽകുന്ന വിവരത്തിൽ നിന്ന് രേഖപ്പെടുത്താനാകില്ല
3.സെക്കൻഡ്ഹാൻഡ് വാഹനം വാങ്ങിയവർ രേഖഖൾക്കായി കൂടുതൽ ബുദ്ധിമുട്ടും
തിരുത്തൽ വെെകി
കേന്ദ്രസർക്കാർ ഒക്ടോബർ ഒന്നുമുതൽ ഓട്ടോഅപ്രൂവൽ ആരംഭിക്കാൻ നിർദ്ദേശിച്ചിരുന്നെങ്കിലും വൈകിയാണ് മോട്ടോർ വാഹനവകുപ്പ് തിരുത്തൽ നടപടി പോലും ആരംഭിച്ചത്. ഓഫീസറുടെ നേരിട്ടുള്ള ഇടപെടൽ ഇല്ലാതെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഇതിലൂടെ മാറ്റാനാവും. ഓട്ടോഅപ്രൂവൽ നടപ്പാക്കുന്നതിന് വാഹനങ്ങൾ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചിട്ടില്ലെന്ന രേഖയും നൽകേണ്ടതുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |