SignIn
Kerala Kaumudi Online
Monday, 02 November 2026 5.12 AM IST

മെഡിക്കൽ കോളേജ് സർജറി ബ്ലോക്ക്:​ കിഫ്ബിക്കെതിരെയും നടപടി വേണം.!

259 കോടി ചെലവഴിച്ചു കിഫ്ബി സഹായത്തോടെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ നിർമ്മിച്ച സർജറി ബ്ലോക്കിൽ രോഗികളും കൂട്ടിരിപ്പുകാരും ജീവഭയത്തോടെ കയറേണ്ട അവസ്ഥയിലെത്തിയെന്നാണ് ചുറ്റുവട്ടത്ത് കേൾക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞു ഒരുവർഷമാകും മുമ്പേ അറ്റകുറ്റപണി നടത്തേണ്ട സ്ഥിതിയായതോടെ നിർമ്മാണത്തെക്കുറിച്ചു വിജിലൻസ് അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്.

പുതിയ സർജിക്കൽ ബ്ലോക്കിൽ സീലിംഗും ഹോളോബ്രിക്സ് ഭിത്തികളും അടർന്നുവീഴുന്ന സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശുചിമുറി ഗംഭീരമാണ്. ഉപയോഗിക്കാൻ പാടാണ്. ഫ്ലഷ് ടാങ്കുകൾ കുറവാണ്. പകരം പ്ലാസ്റ്റിക് പൈപ്പാണുള്ളത്. വാതിൽ അടക്കാനോ തുറക്കാനോ കഴിയില്ല. വെന്റിലേറ്ററിന് ഉയരക്കൂടുതലായതിനാൽ വായൂസഞ്ചാരം കുറവാണ് . ദുർഗന്ധം കൂടുതലും. എക്സോസ്റ്റ് ഫാനുകളും കുറവ്. റേഡിയോളജി വിഭാഗം ജീവനക്കാരി ശുചിമുറി ഉപയോഗിക്കാൻ കയറിയപ്പോൾ കോൺക്രീറ്റും ഹോളോബ്രിക്സും അടർന്നുവീണു. ഒന്നാം നിലയിൽ പൈപ്പ് പൊട്ടിയുള്ള വെള്ളക്കെട്ട് സ്ഥിരം കലാപരിപാടിയാണ്.

വർഷങ്ങളോളം ഇട്ടുതല്ലി കിടന്ന കെട്ടിടം പണി പൂർത്തിയായെങ്കിലും കംപ്ലീക്ഷൻ സർട്ടിഫിക്കറ്റ് ആർപ്പുക്കര പഞ്ചായത്തിൽ നിന്ന് വാങ്ങിയിട്ടില്ല. താത്ക്കാലിക പെർമിറ്റിലാണ് പ്രവർത്തനം. കെട്ടിടത്തിന് നമ്പരുമില്ല. ഇതൊന്നുമില്ലാതെ മെഡിക്കൽ കോളേജാശുപത്രിയിലെ ബഹുനില മന്ദിരം ഒരു വർഷമായി നിയമം ലംഘിച്ചു എങ്ങനെ പ്രവർത്തിക്കുന്നുവെന്ന ചോദ്യത്തിനും ഉത്തരമില്ല.

കഴിഞ്ഞ സർക്കാരിന്റെ കാലത്തു കോടികളുടെ വികസന പദ്ധതികളാണ് കോട്ടയം മെഡിക്കൽ കോളേജിൽ പൂർത്തിയായത്. കരൾ,​ ഹൃദയം, ശ്വാസകോശം മാറ്റൽ ശസ്ത്രക്രിയയും ആദ്യം വിജയകരമായി പൂർത്തിയാക്കിയ സർക്കാർ മെഡിക്കൽ കോളേജും കോട്ടയമായിരുന്നു. പക്ഷേ ആശുപത്രി കെട്ടിടങ്ങളിൽ ജീവഭയത്തോടെ കഴിയേണ്ട സ്ഥിതി ഈ മികവുകളുടെ ശോഭ കെടുത്തുകയാണ്.

ഏക്കറു കണക്കിനു സ്ഥലമുണ്ട്. പല കാലങ്ങളിൽ നിർമ്മിച്ച കെട്ടിടങ്ങൾ കണ്ടാൽ പ്ലാനിംഗോടുകൂടിയല്ല നിർമ്മാണമെന്നു തോന്നും. കിഫ്ബി കെട്ടിട നിർമ്മാണ അപാകത പരിശോധിച്ചു കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണം. മെഡിക്കൽ കോളേജാശുപത്രിയിൽ എത്തുന്ന ആയിരക്കണക്കിന് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പരാതി പരിഹരിക്കുന്നതിനുള്ള ഒരു മാസ്റ്റർ പ്ലാനും ഇതോടൊപ്പം ഉണ്ടാക്കണമെന്നാണ് ചുറ്റുവട്ടത്തിന് പറയാനുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KIFBI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL