
ഉത്തരവാദികളെ വെറുതെ വിടില്ല
തിരുവനന്തപുരം: ഖജനാവ് കൊള്ളയടിക്കുന്നതിന് തുല്യമായ ചോർച്ചയാണ് കിഫ്ബിയുണ്ടാക്കിയതെന്നും ഉത്തരവാദികളെ വെറുതെ വിടില്ലെന്നും നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. നികുതിപ്പണം ചോർത്തുകയും ഖജനാവ് കൊള്ളയടിക്കുകയും ചെയ്തിട്ടാണ് കിഫ്ബി തകർത്തെന്ന ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നത്. അതെല്ലാം അന്വേഷിക്കും. കിഫ്ബിയെ തകർക്കാനാണ് സർക്കാർ നീക്കമെന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയ കെ.എൻ. ബാലഗോപാൽ ആരോപിച്ചു. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
സർക്കാരിനോ ധനവകുപ്പിനോ നിയന്ത്രണമില്ലാതെയാണ് കിഫ്ബിക്ക്, ഉയർന്ന പലിശ നിരക്കിൽ വായ്പയെടുക്കാൻ അനുമതി നൽകിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സുധാപിള്ള കമ്മിറ്റിയുടെ റിപ്പോർട്ടിലുള്ളത്. ധന വകുപ്പിന്റെയും സർക്കാരിന്റെയും നിയന്ത്രണത്തിലായിരിക്കും കിഫ്ബി. സഞ്ചിത നിധിയിൽ നിന്ന് കിഫ്ബിയുടെ കടം തീർക്കാനാവില്ല. അതിന് വേറെ കടമെടുക്കണം. എന്നിട്ട് എല്ലാ വർഷവും 15,000 കോടി സർക്കാരിന്റെ കടമെടുപ്പിൽ കുറയ്ക്കുകയാണ്. ഓഗസ്റ്റ് 13ന് ചേര്‍ന്ന കിഫ്ബി ഡയറക്ടർ ബോർഡ് യോഗം 25,000 കോടിയുടെ പണികൾ തുടരാൻ തീരുമാനിച്ചിട്ടുണ്ട്.
ലാഭം മാത്രം ലക്ഷ്യമിട്ട് കാണുന്നു
ലാഭം മാത്രം ലക്ഷ്യമിട്ടുള്ള വായ്പാ സ്ഥാപനമായാണ് കിഫ്ബിയെ സർക്കാർ കാണുന്നതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. സ്കൂളുകൾക്കും ആശുപത്രികൾക്കും പണം ചെലവിടുന്നത് ലാഭമുണ്ടാക്കാനല്ല. വായ്പയെടുത്ത് ആസ്തികൾ സൃഷ്ടിക്കുന്നത് നഷ്ടമല്ല. 18,396 കോടിയുടെ 22 വരുമാനദായക പദ്ധതികളിലൂടെ കഴിഞ്ഞവർഷം കിഫ്ബി 4,183 കോടി വരുമാനമുണ്ടാക്കിയെന്നും പിണറായി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |