പ്രളയത്തിന് ഇരയായവർക്ക് പ്രഖ്യാപിച്ച ധനസഹായം വൈകുന്നു
കോട്ടയം:ആഗസ്റ്റിലുണ്ടായ അപ്രതീക്ഷിത പ്രളയത്തിൽ ദുരിതത്തിലായ വ്യാപാരികൾക്ക് സർക്കാർ പ്രഖ്യാപിച്ച 10000 രൂപ ധനസഹായം ഇനിയും ലഭിച്ചില്ല. ഓണക്കാല വിപണി ലക്ഷ്യമിട്ട് ലക്ഷങ്ങൾ മുടക്കി സ്റ്റോക്കെടുത്ത വ്യാപാരികൾക്ക് കനത്ത നഷ്ടമുണ്ടായത്.
സ്ഥാപനങ്ങളിൽ വെള്ളംകയറി സാധനങ്ങൾ നശിച്ചിട്ടും ദുരിതബാധിതരായ വ്യാപാരികൾക്ക് ആശ്വാസധനമായി ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം. സഹായം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും അതിനായുള്ള തുടർനടപടികൾ പോലും ഇതുവരെ കാര്യക്ഷമമായി ആരംഭിച്ചിട്ടില്ല. ഈരാറ്റുപേട്ട, പാലാ, പനയ്ക്കപ്പാലം, പടിഞ്ഞാറൻ മേഖലകളിലെ ഇല്ലിക്കൽ, ചെങ്ങളം, തിരുവാർപ്പ് തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രളയം വ്യാപാരമേഖലയെ രൂക്ഷമായി ബാധിച്ചത്. അപ്രതീക്ഷിതമായി വെള്ളം കയറിയതോടെ നിരവധി സ്ഥാപനങ്ങളുടെ പ്രവർത്തനം തടസപ്പെട്ടിരുന്നു.
ചെറുകിടക്കാർക്ക് ഇരട്ടപ്രഹരം
വായ്പയെടുത്തും കടം വാങ്ങിയും കച്ചവടത്തിനായി പണം മുടക്കിയ ചെറുകിട വ്യാപാരികൾക്ക് നഷ്ടം ഇരട്ടപ്രഹരമായി. ഒരു ഭാഗത്ത് നശിച്ചുപോയ സ്റ്റോക്കിന്റെ സാമ്പത്തിക ബാദ്ധ്യതയും മറുഭാഗത്ത് കടവാടക, ജീവനക്കാരുടെ വേതനം, വായ്പ തിരിച്ചടവ് തുടങ്ങിയ തുടർചെലവുകളും വെല്ലുവിളിയായി. ധനസഹായം വൈകുന്നത് വ്യാപാരികൾക്കിടയിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നഷ്ടം സംഭവിച്ചതിന്റെ രേഖകളും വിവരങ്ങളും ആവശ്യപ്പെട്ടിട്ടും സഹായവിതരണവുമായി ബന്ധപ്പെട്ട നടപടികൾ മുന്നോട്ടുപോയില്ലെന്നാണ് അവരുടെ പരാതി.
ദിവസങ്ങളോളം അടച്ചിട്ടു
ദിവസങ്ങളോളം കടകൾ തുറക്കാനാകാത്ത സാഹചര്യമായി. ഓണക്കാലത്ത് മികച്ച കച്ചവടം നടക്കുമെന്ന പ്രതീക്ഷയിൽ വലിയ തുക മുടക്കി വസ്ത്രങ്ങൾ, പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, മറ്റ് വ്യാപാര ഉത്പ്പന്നങ്ങൾ എന്നിവ ശേഖരിച്ചവർക്കാണ് പ്രളയം കനത്ത ആഘാതമായത്.
സാധനങ്ങളിൽ വലിയ ഭാഗവും ഉപയോഗശൂന്യമായി.
ചില വ്യാപാരികൾക്ക് സ്റ്റോക്ക് പൂർണമായും നഷ്ടപ്പെട്ടു
തുക ലഭിച്ചിരുന്നെങ്കിൽ അത് ചെറിയ ആശ്വാസമായേനെ. സർക്കാർ വാക്കുപാലിക്കണം.
എം.കെ.തോമസ് കുട്ടി,(ജില്ലാ പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |