കോട്ടയം: റബർ കൃഷിയിൽ വീണ്ടും പ്രതീക്ഷയുടെ പുതുനാമ്പുകൾ. റബർ മരങ്ങൾ വീണ്ടും ലാഭം ചുരത്തുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കാടുകയറിയ തോട്ടങ്ങൾ തെളിച്ച് വീണ്ടും ടാപ്പിംഗിന് സജ്ജമാക്കുകയാണ്.
വിലത്തകർച്ചയെ തുടർന്ന് ഉപേക്ഷിക്കുകയും വിറ്റഴിക്കുകയും ചെയ്ത റബർ ഉത്പാദന സംവിധാനങ്ങളെല്ലാം വീണ്ടും സജീവമായി. ഷീറ്റ് റബറിന്റെ വില 300 രൂപ കടന്നതോടെ റബർ റോളറുകൾക്കും പുകപ്പുരകൾക്കും ആവശ്യക്കാരേറി. പഴയ റോളറുകൾ തിരികെ വാങ്ങാനും പുതിയ പുകപ്പുരകൾ നിർമ്മിക്കാനും കർഷകർ അന്വേഷണം ആരംഭിച്ചു. 2021-22 കാലയളവിലാണ് റബർ റോളറുകളുടെ വില്പന വ്യാപകമായത്. വിലയിടിവിനെത്തുടർന്ന് ടാപ്പിംഗ് നിർത്തിയ നിരവധി കർഷകർ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും അല്ലാതെയും റോളറുകൾ വിറ്റഴിച്ചിരുന്നു. 25000 രൂപ വരെയാണ് അന്ന് ലഭിച്ചിരുന്നത്. അന്യസംസ്ഥാനങ്ങളിലെ റബർ കർഷകർ, കരിമ്പിൻ ജ്യൂസ് വില്പനക്കാർ, മില്ലുടമകൾ തുടങ്ങിയവരാണ് പ്രധാനമായും റോളറുകൾ വാങ്ങിക്കൊണ്ടുപോയത്. നേരത്തെ റോളറുകളുണ്ടായിരുന്നവരിൽ പത്തിലൊന്ന് കർഷകരുടെ കൈവശം പോലും ഇപ്പോൾ യന്ത്രങ്ങളില്ലെന്നാണ് കണക്ക്.
പുകപ്പുരകൾ ഉയരുന്നു
പുകപ്പുരകളുടെ കാര്യത്തിലും സമാനമായ സാഹചര്യമാണ്. വലിയ പുകപ്പുരകളുണ്ടായിരുന്ന പലരും വിലയിടിവിനെത്തുടർന്ന് അവ പൊളിച്ചുനീക്കിയിരുന്നു. ചെറിയ പുകപ്പുരകളാകട്ടെ പരിപാലനമില്ലാതെ നശിക്കുകയും ചെയ്തു. നിലവിൽ പുകപ്പുരകൾ സജ്ജമാക്കുകയാണ് കർഷകർ.
കർഷകർക്ക് നേട്ടമാകും
റബർവിലയിലെ മുന്നേറ്റം തുടരുകയാണെങ്കിൽ ഷീറ്റ് ഉത്പാദനം വർദ്ധിപ്പിക്കുന്നത് കർഷകർക്ക് കൂടുതൽ നേട്ടമാകുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. പ്രത്യേകിച്ച് ഇടത്തരം കർഷകർക്ക് വലിയ ചെലവില്ലാതെ ചെറിയ പുകപ്പുരകൾ നിർമിച്ച് ഉത്പാദനം പുനരാരംഭിക്കാനാകും.
പുകപ്പുര നിർമ്മിക്കാൻ ചെലവ്
5000 രൂപ മുതൽ 50000 രൂപ വരെ
ഭൂരിഭാഗം കർഷകരും റബർ കൃഷിയിലേക്ക് മടങ്ങിയെത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |