
കോട്ടയം : പ്രായപൂർത്തിയാകാത്തവരുടെ മരണപ്പാച്ചിലും യുവാക്കളുടെ ലഹരി നുണഞ്ഞുള്ള അമിതവേഗവും നിരത്തുകളെ ചോരക്കളമാക്കുന്നത് പതിവായതോടെ മോട്ടോർ വാഹനവകുപ്പ് ഉണരുന്നു. കഴിഞ്ഞ മൂന്നാഴ്ചത്തെ ദാരുണ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിയമലംഘകരെ പൂട്ടാൻ പരിശോധന കടുപ്പിക്കുന്നത്.
തെങ്ങണയിൽ നിരവധി വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് പാഞ്ഞ 18കാരന്റെ കാർ നാട്ടുകാർ ജീവൻ പണയംവച്ച് തടയേണ്ടി വന്ന സംഭവം നമ്മുടെ റോഡുകളിലെ ഭീതിയുടെ നേർച്ചിത്രമാണ്. നെടുമ്പാശേരിയിൽ മദ്യപിച്ചെത്തിയ കാറിടിച്ച് മൂന്ന് ജീവനുകൾ പൊലിഞ്ഞതും, ചേരാനല്ലൂരിൽ ലൈസൻസില്ലാത്ത കുട്ടിഡ്രൈവറുടെ വാഹനം തട്ടുകടക്കാരന്റെ ജീവനെടുത്തതും സമീപകാല സംഭവമാണ്. തെങ്ങണയിൽ ടയർ പൊട്ടി തീപ്പൊരി പറന്നിട്ടും ഇന്നോവയുമായി അമിതവേഗതയിൽ കുതിക്കുകയായിരുന്നു 18 കാരൻ. പാമ്പാടിയിൽ കുട്ടികളെ കാറിന്റെ ബോണറ്റിലിരുത്തിയും, ഈരാറ്റുപേട്ടയിൽ വിവാഹാഘോഷത്തിന്റെ ഭാഗമായി അപകടകരമായ രീതിയിൽ യാത്ര നടത്തിയതും അടുത്തി
ടെയാണ്. ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നിർദ്ദേശപ്രകാരം സ്‌കൂളുകൾ കേന്ദ്രീകരിച്ചും കുട്ടികൾ ഒത്തുചേരുന്ന പ്രധാന കേന്ദ്രങ്ങളിലും എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകൾ പരിശോധന ശക്തമാക്കും.
പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ
രക്ഷിതാവ് അല്ലെങ്കിൽ വാഹന ഉടമയ്ക്കെതിരെ കർശന നടപടി
ലൈസൻസില്ലാതെ വാഹനമോടിച്ചാൽ 10,000 രൂപ അധിക പിഴ
വാഹനത്തിന്റെ രജിസ്‌ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കും
കുട്ടിക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള നടപടി
അതിര് കടക്കുന്ന അഭ്യാസം
റീൽസ് ചിത്രീകരണത്തിനായി റോഡുകളിൽ യുവാക്കൾ നടത്തുന്ന വാഹന അഭ്യാസ പ്രകടനം അതിര് കടക്കുന്നതും അപകടം വിളിച്ചോതുന്നു. നിരപരാധികളായ യാത്രക്കാരാണ് പലപ്പോഴും ഇതിന് ഇരയാകുന്നത്. മത്സര ഓട്ടവും, സ്റ്റണ്ടിംഗും നടത്തി മൊബൈലിൽ ചിത്രീകരിച്ച ശേഷം നവമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് ഒരുകൂട്ടർക്ക് ലഹരിയാണ്. ഇതിനായി പ്രത്യേക വാട്‌സ് ആപ്പ് ഗ്രൂപ്പുകളുമുണ്ട്. ആധുനിക നിലവാരത്തിൽ ടാറിംഗ് നടത്തിയ നിരത്തുകളാണ് ഇതിനായി ഇവർ തിരഞ്ഞെടുക്കുന്നത്. ജി.പി.എസ്, ബ്ലൂ ടൂത്ത്, ക്യാമറ തുടങ്ങിയവയും ഒപ്പമുണ്ടാകും.
1.ഫോളോവേഴ്‌സിനെ കൂട്ടാനായാണ് ഈ മരണപ്പാച്ചിലും, തോന്ന്യാസങ്ങളും കാട്ടിക്കൂട്ടുന്നത്
2.ബി.ജി.എം അകമ്പടിയോടെ റേസിംഗ്, ഡ്രിഫ്റ്റിംഗ് വീഡിയോകൾ സോഷ്യൽമീഡിയകളിൽ വ്യാപകമാണ്
3.പഴയ മോഡൽ കാർ, ബൈക്ക് എന്നിവ മോഡിഫൈ ചെയ്തും, സൈലൻസർ മാറ്റിയുമാണ് ചത്രീകരണം.
''വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കും. പിടിയിലാകുന്ന കേസുകൾ തുടർനടപടികൾക്കായി കോടതിക്ക് കൈമാറും. നിലവിൽ ഇത്തരം കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.
(ഡി.ജയരാജ്, കോട്ടയം ആർ.ടി.ഒ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |