
എരുമേലി : മണ്ഡല - മകരവിളക്ക് സീസണിന് രണ്ടാഴ്ച ബാക്കി നിൽക്കെ പ്രധാന ഇടത്താവളമായ എരുമേലിയിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ഇത്തവണയും വൻതുകയ്ക്കാണ് പാർക്കിംഗ് ഗ്രൗണ്ട്, ശൗചാലയം, താത്കാലിക കടകൾ എന്നിവയുടെ ലേലം നടന്നിരിക്കുന്നത്. എരുമേലി ക്ഷേത്രത്തിൽ തോട് വൃത്തിയാക്കൽ പൂർത്തിയായി. ഇറിഗേഷൻ വകുപ്പാണ് കുളിക്കടവ് വൃത്തിയാക്കി മണൽ നീക്കിയത്. മരച്ചില്ലകൾ വെട്ടി വൈദ്യുതിലൈനുകളിലെ തടസങ്ങൾ ഒഴിവാക്കുന്ന ജോലികളും പൂർത്തിയായി. പേരൂർത്തോട്, ഓരുങ്കൽകടവ്, എയ്ഞ്ചൽവാലി, പഞ്ചായത്ത് ഓഫീസിന് അടുത്തുള്ള ശൗചാലയങ്ങൾ ഉൾപ്പടെ പഞ്ചായത്തിന്റെ കംഫർട്ട് സ്റ്റേഷൻ ലേലം കഴിഞ്ഞു. ക്ഷേത്രങ്ങളിൽ പെയിന്റിംഗ് ജോലികൾ അവസാനഘട്ടത്തിലാണ്. ഭക്തർ കുളിക്കുന്ന 12 കടവുകളിൽ ബോർഡുകൾ, വെളിച്ചം, സുരക്ഷാ മുൻകരുതലുകൾ എന്നിവയുടെ കരാറുകൾക്ക് പഞ്ചായത്ത് കഴിഞ്ഞ ദിവസം അനുമതി നൽകി. ലൈഫ് ഗാർഡുമാരെയും നിയോഗിക്കും. ടൗണിലെ മാലിന്യ നീക്കത്തിന് ബിന്നുകൾ സ്ഥാപിക്കും.
റോഡ് അറ്റകുറ്റപ്പണികൾ ഇഴഞ്ഞു നീങ്ങുകയാണ്
പാലങ്ങളുടെ തകർന്ന കൈവരികൾ പുനഃസ്ഥാപിച്ചിട്ടില്ല
ഫയർഫോഴ്സിന് താത്കാലിക ഷെഡ്
കൊരട്ടി, ഓരുങ്കൽകടവ്, കരിങ്കല്ലുമ്മുഴി എന്നിവിടങ്ങളിൽ തടയണകൾ നിർമ്മിക്കാൻ കരാർ നൽകി. താത്കാലിക ആയുർവേദ, ഹോമിയോ ഡിസ്‌പെൻസറികളുടെ പ്രവർത്തനത്തിനും ഫയർ ഫോഴ്‌സിനും ദേവസ്വം ബോർഡ് ഷെഡുകൾ നിർമ്മിച്ച് നൽകും. വിശുദ്ധി സേനയ്ക്ക് താമസം, ഭക്ഷണം എന്നിവയ്ക്ക് ദേവസ്വം ബോർഡ് സൗകര്യം ഒരുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |