പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ബദൽ സ്ഥലം കണ്ടെത്തണം
നഗരസഭയുടെ നീക്കത്തിൽ സി.പി.എമ്മിന് കടുത്ത അതൃപ്തി
പാലാ : നഗരസഭയിലെ കാനാട്ടുപാറ ഡമ്പിംഗ് ഗ്രൗണ്ടിൽ വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങൾ എത്തിച്ച് തരംതിരിക്കാനോ മറ്റേതെങ്കിലും രീതിയിൽ സംസ്‌കരണ പ്രവർത്തനങ്ങൾ നടത്താനോ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലേക്ക് സി.പി.എം.
പാലാ നഗരസഭയുടെ നീക്കത്തിൽ നഗരവികസന മുന്നണിയിലെ ഘടകക്ഷിയായ സി.പി.എമ്മിന് കടുത്ത അതൃപ്തിയെന്നാണ് സൂചന. ഇത് നഗരഭരണത്തെയും ബാധിക്കുമെന്ന ആശങ്കയുണ്ട്. വർഷങ്ങൾക്കുമുമ്പ് ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിൽ അടച്ചുപൂട്ടിയ ഡമ്പിംഗ് ഗ്രൗണ്ടിലേക്ക് വീണ്ടും മാലിന്യങ്ങൾ എത്തിക്കാനുള്ള
നീക്കമാണ് വീണ്ടും വിവാദങ്ങളിലേക്ക് വഴിതുറക്കുന്നത്. അന്ന് ജനകീയ സമരങ്ങളിൽ മുൻനിരയിൽ നിന്നത് സി.പിഎമ്മായിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിക്കാനെന്ന വിശദീകരണം നൽകിയാലും അവിടെ ഒരു തരത്തിലുള്ള മാലിന്യവും എത്തിക്കാൻ അനുവദിക്കരുതെന്ന നിലപാടിലാണ് സി.പി.എം. അടുത്തിടെ ചേർന്ന നഗരസഭ യോഗത്തിൽ അഡീഷണൽ അജണ്ടയായി എടുത്ത് കാനാട്ടുപാറ ഡമ്പിംഗ് ഗ്രൗണ്ടിലെ നിലവിലുള്ള ഷെഡ് ബലപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇവിടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ എത്തിച്ച് തരംതിരിച്ച് കയറ്റിയയ്ക്കാനായിരുന്നു നീക്കം.
എത്രയോ സ്ഥലം വെറുതെ കിടക്കുന്നു
പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിക്കുന്നതിനും സംസ്‌കരണത്തിനുമായി നഗരസഭയ്ക്ക് കീഴിൽ മറ്റ് നിരവധി സ്ഥലങ്ങൾ ലഭ്യമാണെന്ന് സി.പി.എം ചൂണ്ടിക്കാട്ടുന്നു. ഒഴിഞ്ഞുകിടക്കുന്ന ഇത്തരം സർക്കാർ ഭൂമി ഇതിനായി പ്രയോജനപ്പെടുത്താമെന്നാണ് സി.പി.എമ്മിന്റെ ബദൽ നിർദ്ദേശം. പ്രധാന ഘടകകക്ഷിയായിട്ടും യഥാസമയം വിവരം അറിയിക്കുകയോ അഭിപ്രായം തേടുകയോ ചെയ്തില്ലെന്നതാണ് പാർട്ടിയുടെ അമർഷത്തിന് കാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |