SignIn
Kerala Kaumudi Online
Monday, 09 November 2026 4.30 AM IST

പൊള്ളിച്ച് വാണിജ്യ ഗ്യാസ് സിലിണ്ടർ. വിലക്കയറ്റത്തിന്റെ തീപ്പൊരി, പുകഞ്ഞ് ഹോട്ടൽ മേഖല

gas

കോട്ടയം : നിത്യോപയോഗ സാധനങ്ങൾക്കൊപ്പം വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക വിലയും കുതിച്ച് കയറിയതോടെ ഇടത്തരം ഹോട്ടലുകൾ പ്രതിസന്ധിയിൽ. ഇനി ശബരിമല സീസണും ആരംഭിക്കുകയാണ്. സർക്കാർ നിശ്ചയിക്കുന്ന വിലയേ ഈടാക്കാനാവൂ. നഷ്ടം സഹിച്ച് കട നടത്താൻ കഴിയില്ലെന്നാണ് ഉടമകൾ പറയുന്നത്. 19 കിലോ വാണിജ്യ സിലിണ്ടറിന് 12.50 രൂപയാണ് കൂട്ടിയത്. ജില്ലയിൽ വില 2868 രൂപയായി. ഒക്ടോബർ ഒന്നിന് 62.50 രൂപയും സെപ്തംബർ ഒന്നിന് 9.50 രൂപയും വർദ്ധിപ്പിച്ചിരുന്നു. 2025 ഡിസംബറിൽ 1582 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന്റെ വില 10 മാസം കൊണ്ട് 1286 രൂപയാണ് ഉയർന്നത്. തുടർച്ചയായ വിലവർദ്ധന കാറ്ററിംഗ് സ്ഥാപനങ്ങൾ, ഭക്ഷ്യോത്പന്ന നിർമ്മാണ ചെറുകിട യൂണിറ്റുകൾ എന്നിവയുടെ പ്രവർത്തനത്തെയും ബാധിക്കും.

ഭക്ഷണവില കൂട്ടാതെ നിവൃത്തിയില്ല
പാചകവാതക വില വർദ്ധനയുടെ പ്രതിഫലനം ഭക്ഷണവിലയിലും പ്രകടമാണ്. 60, 70 രൂപയായിരുന്ന ഉച്ചയൂണിന് ഇപ്പോൾ 90, 100 രൂപയായി. ചായയ്ക്കും എണ്ണക്കടികൾക്കുമെല്ലാം വില ഉയർന്നു. ഭക്ഷണസാധനങ്ങളുടെ വില വർദ്ധിപ്പിക്കാതെ കച്ചവടം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. എന്നാൽ ഒറ്റയടിക്ക് വില വർദ്ധിപ്പിച്ചാൽ കച്ചവടം കുറയുമോയെന്ന ആശങ്കയും ചിലർക്കുണ്ട്. ഇടത്തരം ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും ഒരു ദിവസം മൂന്ന് മുതൽ അഞ്ചുവരെ സിലിണ്ടർ ആവശ്യമാണ്.

സാധാരണക്കാർക്ക് പ്രഹരം

ഹോട്ടലുകളെയും ക്യാന്റീനുകളെയും ആശ്രയിക്കുന്നവർ നിരവധി

ഭക്ഷണ വില ഉയർത്തിയാൽ ചെലവ് താങ്ങാനാകാത്ത സ്ഥിതി

പലരും ഉച്ചയൂണിന് അടക്കം ആശ്രയിക്കുന്നത് ചെറുകിട ഹോട്ടലുകൾ

10 മാസത്തിനിടെ കൂടിയത് : 1286 രൂപ


''പാചകവാതക വിലയിലെ അടിക്കടിയുള്ള വർദ്ധനയിൽ പിടിച്ചുനിൽക്കാനാകാത്ത സാഹചര്യമാണ് ഹോട്ടൽ മേഖലയിലുള്ളത്. വിലവർദ്ധന പിൻവലിച്ച് പാചകവാതകത്തിന് സബ്‌സിഡി അനുവദിച്ച് പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണം.

-(കെ.കെ ഫിലിപ്പ്കുട്ടി, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL