
കോട്ടയം : പുത്തൻ സനിമയുടെ വ്യാജപ്പതിപ്പുകളുടെ ലിങ്ക് നൽകി അശ്ലീല ഗ്രൂപ്പുകളിലും ട്രേഡിംഗ് ഗ്രൂപ്പുകളിലും എത്തിച്ച് ഫോൺ ഹാക്ക് ചെയ്യുന്ന സംഭവങ്ങൾ കൂടുന്നു. ലിങ്കിൽ ക്ളിക്ക് ചെയ്താലുടൻ പലപ്പോഴും കോൺടാക്ടിലുള്ളവർക്കും ഈ ഗ്രൂപ്പിന്റെ ലിങ്ക് നമ്മുടെ അക്കൗണ്ടിൽ നിന്ന് എത്തുന്നുണ്ട്. സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെ നടക്കാൻ സാദ്ധ്യതയുണ്ടെന്നാണ് പൊലീസ് മുന്നറിയിപ്പ്. സിനിമ ചോദിച്ച് ടെലഗ്രാം ഗ്രൂപ്പുകളിൽ മെസേജ് അയയ്ക്കുന്നവരോട് മറ്റൊരു ഗ്രൂപ്പിൽ അംഗമാകാൻ ആവശ്യപ്പെടുന്നതാണ് തുടക്കം. അംഗമായിക്കഴിഞ്ഞായിരിക്കും അശ്ലീലദൃശ്യങ്ങൾ പങ്കുവയ്ക്കുന്നതോ ഓൺലൈൻ ട്രേഡിംഗ് നടത്തുന്നതോ ആയ ഗ്രൂപ്പുകളാണിതെന്ന് മനസിലാകുക. ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ടെലഗ്രാം അക്കൗണ്ട് മറ്റൊരു ഡിവൈസുമായി കണക്ടാകുന്നതിനാലാണിതെന്ന് പൊലീസ് പറയുന്നു. അതിൽ നിന്നാണ് മറ്റുള്ളവർക്കു സന്ദേശങ്ങൾ പോകുന്നത്.
ലൈംഗികച്ചുവയുള്ള സന്ദേശങ്ങളും
ഒരു ഗ്രൂപ്പിൽ ചേരുമ്പോൾ തന്നെ സമാനമായ മറ്റു നിയമവിരുദ്ധ ഗ്രൂപ്പുകളിൽ അംഗമാകാൻ ക്ഷണിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ പിന്നാലെയെത്തും. സ്ത്രീയാണ് ഗ്രൂപ്പിൽ ചേർന്നതെന്നു മനസിലായാൽ ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ വരും. ചില അശ്ലീല ഗ്രൂപ്പുകളിൽ അംഗമാകാൻ ഫീസുമുണ്ട്. കെണിയിൽപ്പെടുന്നവർ നാണക്കേട് ഭയന്നു പരാതിപ്പെടാറില്ലെന്ന് സൈബർ പൊലീസ് പറയുന്നു.
കുട്ടികളുടെ വീഡിയോകളും
ടെലഗ്രാം ആപ്പ് വഴി കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിന് വിവരമുണ്ടെങ്കിലും ദൃശ്യങ്ങൾ മാത്രം വച്ച് പ്രായം തെളിയിക്കാൻ കഴിയാത്തതാണ് വെല്ലുവിളി. കോടതിയിൽ കേസുകളെല്ലാം തള്ളിപ്പോകും. വീഡിയോകൾ കൂടുതലും മറ്റു രാജ്യങ്ങളിലെ കുട്ടികളുടേതായതിനാൽ പരാതിക്കാരുമുണ്ടാവില്ല.
''പരിചയമില്ലാത്ത ആളുകളോട് ചാറ്റ് ഒഴിവാക്കുക. ഗ്രൂപ്പിൽ ജോയിൻ ചെയ്യുമ്പോൾ വേരിഫൈ ചെയ്യുക. ബാങ്ക് ഡീറ്റെയിൽസ് / ഒ.ടി.പി എന്നിവ ഒരിക്കലും ഷെയർ ചെയ്യരുത്.
-സൈബർ വിദഗ്ദ്ധർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |