SignIn
Kerala Kaumudi Online
Monday, 09 November 2026 4.30 AM IST

ചുറ്റുവട്ടം: കൊച്ചിക്ക് നീട്ടിയ മെമു 'വന്നപോലെ പോയി '

ട്രെയിൻ യാത്രക്കാരെ സഹായിക്കാനായിരുന്നു കൊല്ലം - കോട്ടയം മെമു കൊച്ചി വരെ നീട്ടിയത്. എന്നാൽ യാത്രക്കാരുടെയും രാഷ്ട്രീയക്കാരുടെയും എതിർപ്പുണ്ടായതോടെ വെളുക്കാൻ തേച്ചത് പാണ്ടായെന്ന് മനസിലാക്കി തീരുമാനം റെയിൽവേ പിൻവലിച്ചു. ഉച്ചയ്ക്ക് ശേഷം വേണാടിന് മുമ്പ് കൊച്ചിയിൽ നിന്നു കോട്ടയത്തേക്ക് ട്രെയിനില്ലാത്തതിനാൽ തിങ്ങി നിറഞ്ഞാണ് വേണാടിലെ യാത്ര. ഇതുപരിഹരിക്കാൻ വേണാടിന് മുമ്പ് ഒരു ട്രെയിൻ കോട്ടയം ഭാഗത്തേക്ക് ഓടിക്കണമെന്നത് യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. ഇതിന് ശ്രമിക്കാതെ കൊല്ലത്തുനിന്നു കോട്ടയത്തേക്കുള്ള മെമു കൊച്ചി വരെ നീട്ടി തലയൂരാനായിരുന്നു റെയിൽവേയുടെ ശ്രമം. കോട്ടയത്തു നിന്ന് ട്രെയിൻ കൊച്ചിയിൽ പോയി തിരിച്ചു കൊല്ലത്തെത്തുമ്പോൾ രാത്ര ഏറെയാകും. സ്ഥിരം യാത്രക്കാർക്ക് വീട്ടിൽ പോകണമെങ്കിൽ ടാക്സി പിടിക്കേണ്ടിവരും. മെമുവിന് ചെറിയ സ്റ്റേഷനുകളിൽ വരെ സ്റ്റോപ്പുണ്ട്. വെട്ടവും വെളിച്ചവുമില്ലാത്തതാണ് പല റെയിൽവേ സ്റ്റേഷനുകളും. രാത്രി വൈകി ഈ സ്റ്റേഷനുകളിൽ ഇറങ്ങുന്ന സ്ത്രീയാത്രക്കാർക്ക് തെരുവ് നായ മുതൽ സാമൂഹ്യവിരുദ്ധരെ വരെ നേരിടേണ്ടി വരുമായിരുന്നു.

വേണാടിന് പിറകേ കൊച്ചിയിൽ നിന്നു മെമു ഓടിച്ചത് കൊണ്ട് യാത്രക്കാർക്ക് പ്രയോജനവുമില്ല. നേരത്തേ വീട്ടിൽ എത്തിയിരുന്ന ഉദ്യോഗാർത്ഥികളായ സ്ത്രീകൾ നട്ടപ്പാതിരക്കു വീട്ടിൽ എത്തേണ്ട സ്ഥിതിയായിരുന്നു മെമു നീട്ടിയത് കൊണ്ട് ഉണ്ടാകുമായിരുന്നത്. ഇതോടെ എതിർപ്പ് ശക്തമായി. മെമു കൊച്ചി വരെ നീട്ടിയത് തന്റെ കഴിവെന്ന് വീമ്പിളിക്കി പല ജനപ്രതിനിധികളും 'അതു ഞമ്മളാണെന്നു പറഞ്ഞു' എട്ടുകാലി മമ്മൂഞ്ഞുമാരാകാൻ നോക്കിയെങ്കിലും യാത്രക്കാരുടെ എതിർപ്പ് മനസിലാക്കിയതോടെ (മെമു നീട്ടിയത് തന്റെ കഴിവാണെന്നുള്ള ഫ്ലക്സ് ബോർഡ് വയ്ക്കാതിരുന്നത് ഭാഗ്യം ) പുതിയ ട്രെയിൻ വേണമെന്ന ആവശ്യത്തിനൊപ്പം നിന്നു. വിവാദം ശക്തമായതോടെ മെമു കൊച്ചിക്കു നീട്ടിയ തീരുമാനം റെയിൽവേ പിൻവലിച്ചു. ഇതിന് പിന്നിലും ഞാനാണെന്നു വീമ്പിളക്കി എം.പിയും, മന്ത്രിയുമെല്ലാം രംഗത്തെത്തി.

മെമുനീട്ടിയ തീരുമാനം പിൻവലിച്ച റെയിൽവേ കൊല്ലം - കോട്ടയം മെമുവിൽ റാക്കുകളുടെ എണ്ണം കുറച്ചായിരുന്നു യാത്രക്കാരോട് പകരം വീട്ടിയത്. നിലവിലുള്ള കമ്പാർട്ടുമെന്റ് കുറച്ചതോടെ ശ്വാസം വിടാൻ പോലും കഴിയാത്തത്ര തിരക്കായി. ഇതിനെതിരെ ജനപ്രതിനിധികളാരും രംഗത്തു വന്നിട്ടില്ലെന്നതാണ് വിചിത്രം !

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL