SignIn
Kerala Kaumudi Online
Saturday, 24 October 2026 1.42 AM IST

മാസാണ് മടപ്പള്ളിയിലെ പിള്ളേർ...

3
1 മടപ്പള്ളി കോളേജ് 2. ഷിനു.പി.എം പ്രൻസിപാൾ, ഗവ. കോളേജ് മടപ്പള്ളി 3 അസിൻ ബാനു ചെയർമാൻ - കോളേജ് യൂനിയൻ 4.അഭിനവ് സി ജനറൽ സെക്രട്ടി - കോളേജ് യൂണിയൻ

വടകര : പ്രണയവും സമരവും നിറംപകർന്ന ക്യാമ്പസുകൾ ഇപ്പോഴുണ്ടോയെന്ന് ചോദിച്ചാൽ മടപ്പള്ളി കോളേജിലെ പിള്ളേർ ഒന്നാകെ പറയും ഒന്നും മരിച്ചുപോയിട്ടില്ല, കാലത്തിന്റെ നിഴൽപറ്റി അവയെല്ലാം കുഞ്ഞു കുഞ്ഞു തുരുത്തുകളായി ഇപ്പോഴുമുണ്ട്. ഇടംവലം തിരിവുകളുള്ള പടികൾ ചവിട്ടി മാച്ചിനാരിക്കുന്നു കയറിയാൽ കാണുന്ന നീണ്ട നടപ്പാതയ്ക്ക് ഇരുവശവുമുള്ള ബോട്ടാണിക്കൽ ഗാർ‌ഡനിൽ നോക്കിയാൽ ചാഞ്ഞുവീണ അക്കേഷ്യ മരത്തിൽ ചേർന്നിരുന്ന് യൗവനങ്ങൾ ക്യാമ്പസിനെ പ്രണയിക്കുന്നത് കാണാം. പഠനവും പ്രണയവും രാഷ്ട്രീയവും സർഗാത്മകതയുമെല്ലാം നിറഞ്ഞ പച്ചപ്പാണ് മടപ്പള്ളി കോളേജ്. ക്ലാസ് മുറികളുടെയും കക്ഷിരാഷ്ട്രീയത്തിന്റെയും അതിരുകൾക്കപ്പുറം അവർ ക്യാമ്പസിനെ ആഴത്തിൽ പ്രണയിക്കുന്നു, വിദ്യാർത്ഥികൾ പൊതുവേ രാഷ്ട്രീയത്തോട് മുഖം തിരിഞ്ഞു നിൽക്കുകയാണെന്ന് വിദ്യാർത്ഥി നേതാക്കൾ പറയുമ്പോൾ കക്ഷിരാഷ്ട്രീയത്തിന്റെ സങ്കീർണതകളിലുള്ള നീരസമാണ് പലരുടെയും വാക്കുകളിൽ നിഴലിക്കുന്നത്.

പ്രണയവും പൊളിറ്റിക്കൽ കറക്ടനസും

പ്രണയം ക്യാമ്പസുകളുടെ പടിയിറങ്ങിപ്പോയെന്ന് കരുതാനേ കഴിയില്ല. ബന്ധങ്ങൾ ടോക്സിക് ആകുമ്പോൾ ബ്രേക്ക്അപ് നല്ലതെന്നാണ് എല്ലാവരുടെയും പക്ഷം. പൊളിറ്റിക്കൽ കറക്ടനസും മാച്ചിനാരിയുടെ മർമ്മരങ്ങളിൽ കാലം ചാലിച്ചു ചേർക്കുന്നു. പാടാനും ആടാനും കിട്ടിയ ഒരു അവസരവും പാഴാക്കിയിട്ടില്ലെന്നാണ് എല്ലാവരും ആവേശത്തോടെ പറയുന്നത്. കലാ-കായിക പരിപാടികളാണ് കോളേജിനെ ഊർജ്ജ്വസ്വലമാക്കുക. അത് കുറയുന്നതാണ് ഇവരുടെ സങ്കടം. എ.ഐ കാലത്ത് വിവര സാങ്കേതിക വിദ്യയെ പഠനവുമായി ചേർത്തുവയ്ക്കുന്നു. ചാറ്റ് ജിപിടി പോലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാദ്ധ്യതകൾ പഠന പ്രവർത്തനങ്ങളെ വിശാലവും അനായാസവുമാക്കുവെന്നാണ് വിദ്യാർത്ഥികൾ ഒന്നടങ്കം പറയുന്നത്.

പതനുരയുന്ന ലഹരി കഥകളില്ല

കമ്പസ് തന്നെയാണ് ലഹരി. പതനുരയുന്ന ലഹരി കഥകൾ മാച്ചിനാരിയുടെ പടവുകൾ കയറിയെത്തിയിട്ടില്ല. അദ്ധ്യാപകരും വിദ്യാർത്ഥി യൂണിയനും സംഘടനകളും കെട്ടിയുയർത്തിയ പ്രതിരോധത്തിന്റെ നെടും കോട്ടകൾക്ക് പുറത്തുതന്നെയാണ് ഇപ്പോഴും ലഹരി. കാമ്പസിലെ അടിച്ചുപൊളിയാണ് ഇവരുടെ ലഹരി. സൗഹൃദങ്ങളും ഒത്തുചേരലുകളും ഉണ്ടെങ്കിലും 'ഒറ്റപെടുന്നവരുടെ' എണ്ണം കൂടുന്നതായി എല്ലാവരും സമ്മതിക്കുന്നു. ക്ലാസിലും പുറത്തും ചെറിയ ഇടവേള കിട്ടിയാൽ പലരും മൊബൈൽ ഫോണെന്ന സ്വകാര്യ ചങ്ങാതിക്കൊപ്പമാണ്. കൂട്ടുകൂടാനോ സന്തോഷവും സങ്കടവും പങ്കിടാനോ നിൽക്കാ തെ പുതിയകാലത്തിന്റെ കാഴ്ചകളിൽ അവരും തോൾചേരുന്നു.

'പഠനകാലത്ത് ക്ലാസിനു പുറത്ത് കാണാൻ കഴിയുന്ന വലിയ സൗഹൃദം അന്യംനിന്നു പോകുന്നുണ്ട്. ചെറിയ ഇടവേള കിട്ടിയാൽ പലരും മൊബൈൽ ഫോണിൽ കണ്ണുകളാഴ്ത്തി ജീവിക്കുകയാണ്. " ഷിനു.പി.എം പ്രിൻസിപ്പൽ ഗവ.കോളേജ് മാടപ്പള്ളി.

കലാ-കായിക പരിപാടികൾ കൂടുതലായി നടക്കണം എന്നു തന്നെയാണ് മുഴുവൻ വിദ്യാർത്ഥികളും ആഗ്രഹിക്കുന്നത്. ഇൻഡോർ സ്റ്റേഡിയം ദ്രുതഗതിയിൽ പൂർത്തീകരിക്കണം. 60,000 രൂപ മാത്രമാണ് കലാപരിപാടികൾ സംഘടിപ്പിക്കുന്നതിന് യൂണിയന് ഉപയോഗിക്കാൻ കഴിയുക. ഇത് പരിമിതിയാണ്. തുക വർദ്ധിപ്പിക്കണം" .അസിൻ ബാനു , ചെയർമാൻ, കോളേജ് യൂനിയൻ.

ഡിഗ്രിയും പി.ജിയും കഴിയുന്നുണ്ടെങ്കിലും ജോലി സാദ്ധ്യതകൾ ഇവിടെ തുറക്കപ്പെടുന്നില്ല. കോളേജിൽ പ്ലേസ്‌മെന്റ് സെല്ലുകൾ പോലുള്ള സംവിധാനം പ്രവർത്തന ക്ഷമമാകണം" അഭിനവ്.സി, ജനറൽ സെക്രട്ടറി, കോളേജ് യൂനിയൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL