കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നത് അതിവേഗത്തിൽ. 2027 ജൂൺ ഒന്നിനകം നവീകരണം പൂർത്തിയാക്കുമെന്ന് സ്റ്റേഷനിലെ നിർമാണ പ്രവൃത്തികൾ സന്ദർശിച്ച കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. 2025 ജൂലായിൽ പദ്ധതിയുടെ പ്രധാനഘട്ടം പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു. ജൂലായ് മാസത്തോടെ പുതുതായി നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ പെെലിംഗ് പ്രവൃത്തികളും രണ്ട് നിലവരെയുള്ള സ്ട്രക്ചർ വർക്കുകളും പൂർത്തിയാക്കും. ഒന്നാം നമ്പർ പ്ലാറ്റ് ഫോം നിൽക്കുന്ന കെട്ടിടം ഒരു മാസത്തിനകം പൊളിച്ചു മാറ്റും. ആറ് മാസത്തിനകം അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഹെൽത്ത് കെയർ യൂണിറ്റിന്റെ പണികൾ പൂർത്തിയാക്കും. രണ്ട് മാസം മുമ്പ് സ്റ്റേഷൻ സന്ദർശിച്ച കേന്ദ്രമന്ത്രി അശ്വിനി വെെഷ്ണവ് സ്റ്റേഷനോട് ചേർന്ന് റെയിൽവേയുടെ കീഴിലുള്ള സ്ഥലം ഉപയോഗപ്പെടുത്തി ഐ.ടി ഹബ്ബ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് സ്ഥലം കണ്ടെത്തി, രൂപരേഖ തയ്യാറാക്കികൊണ്ടിരിക്കുകയാണ്. സ്റ്റേഷന്റെ തെക്കുകിഴക്ക് ഭാഗത്ത് ആനിഹാൾ റോഡ്, റെയിൽവേ റോഡുമായി ചേരുന്ന ഭാഗത്ത് ലൈറ്റ് മെട്രോയ്ക്ക് സ്ഥാനം നിശ്ചയിച്ചു. ഈ കെട്ടിടത്തിലേക്ക് റെയിൽവേ സ്റ്റേഷന്റെ കിഴക്ക് ഭാഗത്തെ ടെർമിനലിൽ നിന്ന് എത്തിച്ചേരാവുന്ന രീതിയിൽ ആകാശ പാത സജ്ജീകരിക്കും. പടിഞ്ഞാറ് ഭാഗത്ത് കെ-റെയിൽ പദ്ധതിക്കായും സ്ഥലം മാറ്റി വെച്ചിട്ടുണ്ട്. നിലവിലെ റെയിൽവേ സ്റ്റേഷൻ റോഡ് വരെയുള്ള ഭാഗത്ത് കെട്ടിടങ്ങൾ ഉയരും.
പ്രവർത്തന പുരോഗതി വിലയിരുത്താനായി നടന്ന യോഗത്തിൽ എം.കെ രാഘവൻ എം.പി, റെയിൽവേ ഡി.ആർ.എം അരുൺ കുമാർ ചതുർവേദി, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജു സക്കറിയ, എ.ഡി.ആർ.എം ജയകൃഷ്ണൻ, റെയിൽവേ ചീഫ് എൻജിനിയർ വി.രാജഗോപാൽ, സ്റ്റേഷൻ ഡയക്ടർ ബർജാസ് മുഹമ്മദ്, ഡെപ്യൂട്ടി ചീഫ് എൻജിനിയർ റോബിൻ രാജൻ, എസ്.ഡി.ഇ അഭിഷേക് ശർമ തുടങ്ങിയവർ പങ്കെടുത്തു.
"" കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി സ്ഥലം എം.പിയോടൊപ്പം വിലയിരുത്താൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വെെഷ്ണവ് നിർദ്ദേശിച്ചു'
- കേന്ദ്രമന്ത്രി ജോർജ് കുര്യൻ.
'റോഡിനു മുന്നിൽ ക്വാർട്ടേഴ്സ് കെട്ടിടം നിന്നിരുന്ന സ്ഥലം ഉപയോഗിച്ച് റോഡ് പരിഷ്ക്കരിക്കും. ഇതുമായി ബന്ധപ്പെട്ട് കോർപ്പറേഷനും പി.ഡബ്ല്യു.ഡിയുമായി ചർച്ച നടത്തും' എം.കെ.രാഘവൻ എം. പി
ഒരുങ്ങുന്നത് ആധുനിക സൗകര്യങ്ങൾ
യാത്രക്കാർക്കായി വിശ്രമമുറികൾ, ഷോപ്പിംഗ് കൗണ്ടറുകൾ
നിലവിൽ അഞ്ചുമീറ്റർ വീതിയിലുള്ള രണ്ട് ഫൂട്ട് ഓവർബ്രിഡ്ജുകൾ 12 മീറ്റർ വീതിയിലുള്ളതാവും.
പാർക്കിംഗികളിലേക്ക് ഫൂട്ട് ഓവർബ്രിഡ്ജുകളിൽ നിന്ന് സ്‌കൈവാക്ക് സൗകര്യം.
ആദ്യഘട്ടത്തിൽ നാല് പ്ലാറ്റ്‌ഫോമുകൾ നിർമിക്കും.
റെയിൽവേ സ്റ്റേഷനിൽ ഒരേസമയം 1100 കാറുകൾ, 2500 ഇരുചക്രവാഹനങ്ങൾ, 100 ബസുകൾ എന്നിവയ്ക്കുള്ള പാർക്കിംഗ് സൗകര്യം
വികസനം
46 ഏക്കറിൽ
ചെലവ്
450 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |