SignIn
Kerala Kaumudi Online
Saturday, 30 May 2026 6.58 PM IST

പഴിചാരലല്ല, വേണ്ടത് പരിഹാരം

1
ശെെലജ ആശാവർക്കർ

മരുന്നെത്തിയെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അവകാശപ്പെടുമ്പോഴും ആശങ്കാജനകമാണ് രോഗികളുടെ പ്രതികരണം. അവശ്യമരുന്ന് ലിസ്റ്റിൽ ഉൾപ്പെട്ട 155 ഇനം മരുന്നുകളിൽ ക്യാൻസർ ,ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്ക് ഉൾപ്പെടെ നൂറോളം മരുന്നുകൾ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ കാരുണ്യ ഫാർമസി വഴി ലഭ്യമാക്കിയെങ്കിലും പ്രതിസന്ധി മാറിയിട്ടില്ല. 15 ദിവസം പിന്നിട്ടിട്ടും മരുന്ന് ക്ഷാമം പൂർണമായും പരിഹരിക്കാത്തതിനാൽ പല കോണുകളിൽ നിന്നും ജനരോഷമുയരുന്നുണ്ട്. മരുന്ന് വിതരണക്കാരുടെ കുടിശ്ശിക നൽകി മരുന്ന് ക്ഷാമം പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. പ്രതികരണങ്ങളിലൂടെ..

'' ജനങ്ങളുടെ ആരോഗ്യം കാക്കേണ്ട സർക്കാർ അത് ഇല്ലാതാക്കുന്ന അവസ്ഥയാണ്. പാവപ്പെട്ടവരുടെ പ്രധാന ആശ്രയ കേന്ദ്രമായ മെഡിക്കൽ കോളജിൽ മരുന്നില്ലെങ്കിൽ ഞങ്ങളെ പോലുള്ളവർ എവിടേക്ക് പോകും. പുറത്താണെങ്കിൽ കഴുത്തറുപ്പൻ വിലയാണ്. ജനങ്ങളുടെ ജീവൻ വച്ച് സർക്കാർ പന്ത് കളിക്കരുത്. വിഷയത്തിൽ എത്രയും വേഗം പരിഹാരമാകേണ്ടതുണ്ട്. റസാഖ്, ഓട്ടോ തൊഴിലാളി

''കാരുണ്യ വഴി മരുന്നെത്തിക്കാൻ സർക്കാർ തീരുമാനിച്ചതോടെ പ്രതിസന്ധിക്ക് ആയവു വന്നിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. പക്ഷേ, മുഴുവൻ രോഗികൾക്കും അത് തികയാതെ വരുന്നുണ്ട്. ഈ അവസ്ഥ മാറണം. അതിന് വിതരണക്കാരുടെ കുടിശ്ശിക നൽകി മരുന്ന് വിതരണം പുനസ്ഥാപിക്കണം. മലബാറിലെ പ്രധാനപ്പെട്ട ഒരു ആതുരാലയം ആണ് . ഇവിടെ മരുന്നില്ലെന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ''-ശെെലജ, ആശവർക്കർ

''ആശുപത്രിയിൽ മരുന്ന് കിട്ടാത്ത അവസ്ഥ ഇല്ല. എല്ലാം പെരുപ്പിച്ചു കാണിക്കുന്നു. വിഷയത്തിൽ മന്ത്രി ഇടപെട്ട് മരുന്ന് എത്തിക്കാനുള്ള നടപടികൾ എല്ലാം സ്വീകരിച്ചിട്ടുണ്ട്. അവിടെ ഇപ്പോൾ രോഗികൾക്ക് പ്രയാസമില്ല''- കെ. മോഹനൻ, മെഡി.കോളേജ് കൗൺസിലർ

''വിതരണക്കാർക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ നൽകി പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണം. ആരോഗ്യ മേഖല കുത്തഴിഞ്ഞു കിടക്കുകയാണ്. പദ്ധതികൾ കൊണ്ടു വരുന്നതല്ലാതെ നടപ്പിലാക്കാൻ ഫണ്ടില്ല. രോഗികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകാതെ അവരെ എങ്ങനെയെല്ലാം പിഴിയാം അതാണ് സർക്കാർ ചെയ്യുന്നത്. പ്രശ്നത്തിന് ഇനിയും പരിഹാരമായില്ലെങ്കിൽ സമരവുമായി രംഗത്തെത്തും''-വി.കെ സജീവൻ ബി.ജെ.പി. ജില്ലാ പ്രസിഡന്റ്‌

'' മെഡി.കോളേജ് ചികിത്സാ പ്രതിസന്ധിയിൽ മേയർ ഇടപെടണം.ഗൗരവപ്രശ്നം പരിഹരിക്കാനുള്ള ശ്രമം എന്ന നിലയിൽ കൗൺസിലിൽ അടിയന്തര പ്രമേയം യുഡി.എഫ്.അവതരിപ്പിച്ചപ്പോൾ തള്ളിക്കളഞ്ഞത് ശരിയായില്ലെന്ന് ഇപ്പോൾ എങ്കിലും മേയർക്ക് ബോധ്യമായിക്കും. ജില്ലയിലെ മന്ത്രിമാരെ വിളിച്ച് വരുത്തിയോ തിരുവനന്തപുരത്ത് ചെന്ന് മുഖ്യമന്ത്രിയെ കണ്ടോ പ്രശ്ന പരിഹാരം കണ്ടെത്തുവാൻ മേയർ തയാറാകണം''-കെ.മൊയ്തീൻ കോയ,

കോർപറേഷൻ യു.ഡി.എഫ്. പാർട്ടി ഡെപ്യുട്ടി ലീഡർ

'' മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും അടിയന്തര ഇടപെടൽ നടത്തി പരിഹാരം കാണണം. അത്യാവശ്യം മരുന്നുകൾ കമ്പനികളിൽ നിന്ന് നേരിട്ട് വാങ്ങുകയാണെങ്കിൽ ഇപ്പോഴത്തെ വിലയുടെ പകുതി വിലക്ക് ലഭിക്കും. നാഷണൽ ബാങ്കുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, അവരുടെ സിഎസ്ആർ ഫണ്ട് നൽകാൻ സന്നദ്ധരാവും എന്ന് പ്രതീക്ഷിക്കുന്നു.'-സി.ഇ ചാക്കുണ്ണി , മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ്

''തിങ്കളാഴ്ച വിതരണക്കാരുടെ കുടിശ്ശിക കൊടുത്ത് തീർക്കുമെന്നാണ് പ്രിൻസിപ്പലും സൂപ്രണ്ടും അറിയിച്ചത്. പ്രശ്നപരിഹാരമില്ലെങ്കിൽ പിറ്റേന്ന് മുതൽ കോൺഗ്രസ് സമരമാരംഭിക്കും''- അഡ്വ. കെ.പ്രവീൺ കുമാർ, ഡി.സി.സി പ്രസിഡന്റ്

മറക്കരുത് രോഗികളെ

പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സയും മരുന്നുകളും നൽകി അവരെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. പ്രതിസന്ധികൾ വരുമ്പോൾ അതിൽ നിന്ന് ഒളിച്ചോടരുത്. പൗരന്മാർക്ക് മെച്ചപ്പെട്ട ചികിത്സയും കുറഞ്ഞ ചെലവിൽ മരുന്നുകളും ലഭ്യമാക്കാൻ നിരവധി പദ്ധതികളും മറ്റും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും സംസ്ഥാന ആരോഗ്യവകുപ്പുകളും പ്രഖ്യാപിക്കാറുണ്ട്. എന്നാൽ പ്രഖ്യാപനത്തിനപ്പുറം രോഗികൾക്ക് മിക്കപ്പോഴും മികച്ച മരുന്നുകളും ചികിത്സയും ലഭിക്കാറില്ലെന്നതാണ് വസ്തുത. പ്രതിസന്ധി മുൻകൂട്ടി കണ്ട് ജനങ്ങൾക്ക് മരുന്നെത്തിക്കാൻ സർക്കാരിന് സാധിക്കണം. ഒപ്പം മരുന്നുകളുടെ ഗുണനിലവാരവും ഉറപ്പ് വരുത്തേണ്ടതുണ്ട്. ( അവസാനിച്ചു)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL