SignIn
Kerala Kaumudi Online
Saturday, 16 May 2026 2.39 PM IST

രാത്രി ജനാലകൾ തുറന്നാണോ ഉറക്കം? അപകടം പതിയിരിപ്പുണ്ട്, കോഴിക്കോട് സംഭവിച്ചത്

window

മുക്കം: ടൗണിലും പരിസര പ്രദേശങ്ങളിലും മോഷ്ടാക്കൾ വിലസുന്നു. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷൻ പരിസരത്തുള്ള ചില വീടുകളിൽ മോഷ്ടാക്കൾ മോഷണ ശ്രമം നടത്തിയതോടെ ജനം ഭീതിയിലാണ്. മുക്കം പൊലീസ് സ്റ്റേഷൻ്റെ പിൻവശത്ത് കല്ലൂർ ശിവക്ഷേത്ര പരിസരത്തുള്ള ചില വീടുകളിലാണ് അടുത്ത ദിവസങ്ങളിൽ മോഷണശ്രമം നടന്നത്. ക്ഷേത്രത്തിൻ്റെ വടക്കുവശത്തുള്ള ബിജു എന്ന അദ്ധ്യാപകൻ്റെ വീട്ടിൽ മുകൾ നിലയിൽ ടെറസിനോടു ചേർന്നുള്ള ജനലിൻ്റെ കമ്പികൾ അറുത്തു മാറ്റിയാണ് മോഷ്ടാക്കൾ അകത്തു കയറാൻ ശ്രമിച്ചത്.

വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ഇതേ ദിവസം ക്ഷേത്രത്തിനു തെക്കുവശത്തുള്ള വീട്ടിലും മോഷ്ടാക്കളെത്തിയ ലക്ഷണമുണ്ട്. മുന്നിലും പിന്നിലും അടച്ചിട്ട ഗേറ്റുകൾ തുറന്നിട്ട നിലയിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ക്ഷേത്രത്തിൻ്റെ തൊട്ടടുത്തുള്ള വീട്ടിലെ ഗൃഹനാഥൻ്റെ മുന്നിൽപ്പെട്ട മോഷ്ടാവ് അയാളെ ബലമായി തള്ളി മാറ്റി ഓടി രക്ഷപ്പെട്ടിരുന്നു. മുക്കം എസ്.ഐ താമസിക്കുന്ന പെരുമ്പടപ്പിലെ വീട്ടിൽ മോഷണം നടന്നിട്ട് രണ്ടാഴ്ചയേ ആയുള്ളു. അതിലുൾപ്പെട്ട പ്രതികളായ അരീക്കോട് പുത്തലത്ത് മിയാസ് ബാബു (19) അതേ ദിവസവും രണ്ടാമനായ തുമ്പയിൽ മുഹമ്മദ് ഷാമിൽ (18) കഴിഞ്ഞ 11 നും പിടിയിലായെങ്കിലും ഇവർ നൽകിയ വിവരമനുസരിച്ച് മൂന്നാമൻ പിടിയിലാവാനുണ്ട്.

തുമ്പില്ലാതെ കേസുകൾ

നെല്ലിക്കാപറമ്പിലെ ഒരു വീട്ടിൽ ഗൃഹനാഥൻ്റെ കൈവിരൽ കടിച്ചുമുറിച്ച് പരിക്കേൽപ്പിച്ച് രക്ഷപ്പെട്ട കള്ളനും ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തിലെ സ്വർണമാല കവർന്നവനെയും ഇതുവരെ പിടികൂടാനായിട്ടില്ല. നെല്ലിക്കാപറമ്പിൽ എയർപോർട്ട് റോഡിലുള്ള അടച്ചിട്ട വീട് തകർത്ത് അകത്തുകയറി സ്വർണവും പണവും മോഷ്ടിച്ച കേസിലും ഇതുവരെ വിവരങ്ങൾ ലഭിച്ചില്ല. മലയോര മേഖലയിൽ മോഷ്ടാക്കൾ വിലസുന്നതിലും മോഷണ ശ്രമം തുടരുന്നതിലും നാട്ടുകാർ ആശങ്കയിലാണ്. ബന്ധപ്പെട്ട അധികൃതർ പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KOZHIKODE, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA