സുൽത്താൻ ബത്തേരി : നാല് കടുവകളെ പരിചരിക്കാനുള്ള സ്ഥല സൗകര്യവുമായി ആരംഭിച്ച സംസ്ഥാനത്തെ ആദ്യ അനിമൽ ഹോസ്‌പെയ്സ് സെന്ററിൽ (വന്യമൃഗ പരിപാലന കേന്ദ്രം) എട്ട് കടുവകളായതോടെ രണ്ട് കടുവകളെ തിരുവനന്തപുരം സുവോജിക്കൽ പാർക്കിലേയ്ക്ക് മാറ്റാൻ നീക്കം തുടങ്ങി. പുൽപ്പള്ളി അമരക്കുനിയിൽ നിന്ന് പിടികൂടിയ പെൺകടുവയെയും കുപ്പാടിത്തറയിൽ നിന്ന് കൊണ്ടുവന്ന ആൺ കടുവയെയുമാണ് മാറ്റുന്നത്. തിരുവനന്തപൂരത്ത് നിന്നുള്ള വിദഗ്ദ്ധ സംഘം അടുത്ത ദിവസം സെന്ററിലെത്തി സ്ഥിതിഗതികൾ വിലയിരുത്തും. കടുവകളെ മാറ്റുന്നത് സംബന്ധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു.
വയനാട്ടിൽ കടുവ ശല്യം വർദ്ധിക്കുകയും മനുഷ്യ ജീവന് ഭീഷണിയാവുകയും ചെയ്തതോടെയാണ് ശല്യക്കാരായ കടുവകളെ പിടികൂടാൻ അധികൃതർ നിർബന്ധിതരായത്. ജനവാസ മേഖലയിലേയ്ക്ക് ഇറങ്ങുന്ന കടുവകളിൽ മിക്കവയും ഒന്നുകിൽ പ്രായാധിക്യത്താൽ രോഗം പിടിപെട്ടതോ മറ്റ് കടുവകളുമായുള്ള ഏറ്റുമുട്ടലിൽ പരിക്ക് പറ്റിയവയോ ആണ്. അതിനാൽ പിടികൂടുന്ന കടുവയ്ക്ക് ചികിത്സ നൽകേണ്ടി വരുന്നു. നാല് കടുവകൾക്ക് മാത്രം പാർക്കാൻ സൗകര്യമുള്ളിടത്തേക്ക് അഞ്ചാമൻ എത്തിയതോടെ അഞ്ച് കടുവകൾക്കുള്ള സൗകര്യം ഒരുക്കി. വനം വകുപ്പിന്റെ കുപ്പാടി നാലാം മൈലിലുള്ള വന്യമൃഗ സംരക്ഷണ പരിപാലന കേന്ദ്രത്തിൽ കൂടുതൽ കടുവകളെ പാർപ്പിക്കുന്നതിന് സൗകര്യമൊരുക്കുന്നതിനായി അതിനിടെ നടപടികളാരംഭിച്ചു. നിലവിലുള്ള സെന്ററിനോട് ചേർന്ന് പുതിയ യൂണിറ്റ് ആരംഭിക്കാനാണ് അധികൃതർ ശുപാർശ നൽകിയിരിക്കുന്നത്. അഞ്ചു കടുവകളെകൂടി പാർപ്പിക്കുന്നതിന് സൗകര്യമൊരുക്കാൻ ഒരു കോടി 40 ലക്ഷം രൂപ ചെലവ് വരുന്ന റിപ്പോർട്ടാണ് നേരത്തെ പാലക്കാട് സി.സി.എഫിന് നൽകിയിരിക്കുന്നത്. സ്‌ക്യൂസ്‌കേജും , പഡോക്കുകളുമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനാണിത്. ഒരു കടുവയുടെ ഒരു മാസത്തെ ഭക്ഷണ ചെലവ് തന്നെ കാൽലക്ഷത്തോളം വരും.ഇവയ്ക്ക് പുറമെ മരുന്നിന്റെ ചെലവും. ഭാരിച്ച ചെലവാണ് ഒരു കടുവയുടെ പരിചരണത്തിന് വനം വകുപ്പിന് വരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |