കോഴിക്കോട്: ദേശീയപാത നവീകരണത്തിൻ്റെ ഭാമായുണ്ടാക്കിയ കുഴിയിൽ വീണ് സ്വിഗ്ഗി തൊഴിലാളി മൊകവൂർ തിരുത്തിക്കുന്നത്ത് മാലക്കൽ വീട്ടിൽ രഞ്ജിത്ത് മരിച്ച സംഭവത്തിൽ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാൻ സാദ്ധ്യത. മനുഷ്യവകാശ കമ്മിഷൻ കേസെടുത്തതാണ് പ്രതീക്ഷയാകുന്നത്. കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ 28ന് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.ദേശീയപാത പ്രോജക്ട് ഡയറക്ടർ, കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർ അപകടമുണ്ടായതിനെ പറ്റി അന്വേഷിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.
ബൈജുനാഥ് ആവശ്യപ്പെട്ടിട്ടുണ്ട്. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. കുടുംബത്തിൻ്റെ അത്താണിയായിരുന്നു രഞ്ജിത്ത്. സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് പകലും രാത്രിയും കഠിനാദ്ധ്വാനം ചെയ്തിരുന്നു. കുടുംബത്തിന് മറ്റ് വരുമാനമാർഗമില്ല. രഞ്ജിത്തിന് 40 വയസേയുള്ളൂ. ഇത്തരം സാഹചര്യത്തിൽ ഒരു ലക്ഷം മുതൽ പത്ത് ലക്ഷം വരെ നഷ്ടപരിഹാരം നൽകാൻ കമ്മിഷൻ ഉത്തരവിട്ടേയ്ക്കാം. സമാന സംഭവങ്ങളിൽ ഇത്തരം ഉത്തരവുകളുണ്ടായിട്ടുണ്ട്.
തൊണ്ടയാട് - മലാപറമ്പ് റോഡിലെ പനാത്തുതാഴം നേതാജി ജംഗ്ഷനിലെ വലിയ വെളളക്കുഴിയിലാണ് രഞ്ജിത്ത് തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ വീണു മരിച്ചത്. സ്ഥലത്ത് കുഴിയുണ്ടെന്ന് അറിയിക്കാൻ സൂചനാ ബോർഡോ, അപകടമൊഴിവാക്കാൻ ബാരിക്കേഡോ സ്ഥാപിച്ചിരുന്നില്ല. കുഴിയ്ക്കരികിൽ നാട കെട്ടുകയും ഫെെബർ ബാരിക്കേഡ് വയ്ക്കുകയുമാണ് ചെയ്തത്. തെരുവുവിളക്കില്ലാത്തതിനാൽ വെളിച്ചക്കുറവും വില്ലനായി. ഇക്കാര്യങ്ങളും കമ്മിഷൻ പരിശോധിച്ചേക്കും.
ഉദ്യോഗസ്ഥർക്കും കരാറുകാരനും ഒഴിയാനാകില്ല
അപകടത്തിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന സമീപനമാണ് ദേശീയപാത, പൊതുമരാമത്ത് വകുപ്പുകൾ സ്വീകരിച്ചത്. എന്നാൽ സുരക്ഷ ഒരുക്കേണ്ട ചുമതലയിൽ നിന്ന് അവർക്ക് കെെയൊഴിയാനാകില്ലെന്നാണ് വിലയിരുത്തൽ. ഉദ്യോഗഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവർക്കെതിരെയും നടപടിയുണ്ടാകാം. കരാറുകാരുടെ ഭാഗത്തു നിന്നുള്ള വീഴ്ചയും പരിശോധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |