SignIn
Kerala Kaumudi Online
Thursday, 22 October 2026 9.18 PM IST

അഴകായില്ല; തലവേദനയായി ട്വിൻ ബിൻ

image-
ദേശീയപാതയിൽ കാരപ്പറമ്പ്- എരഞ്ഞിപ്പാലം ഭാഗത്ത് ട്വിൻബിന്നിന് സമീപത്ത് മാലിന്യങ്ങൾ കൂട്ടിയിട്ട നിലയിൽ

കോഴിക്കോട്: അഴകുള്ള കോഴിക്കോടിനായി കോർപ്പറേഷൻ കൊണ്ടുവന്ന പദ്ധതിയായിരുന്നു ട്വിൻബിൻ. നഗരത്തിലെ വിവിധയിടങ്ങളിലായി 900 ബിന്നുകൾ സ്ഥാപിച്ച് മാലിന്യ മുക്ത കോഴിക്കോട് ലക്ഷ്യമാക്കി കൊണ്ടുവന്ന ഉദ്യമമാണ് ജനങ്ങളുടെ സഹകരണമില്ലാത്തതോടെ കോർപ്പറേഷന് തന്നെ തലവേദനയാകുന്നത്. പലയിടത്തും വീട്ടിൽ നിന്നുള്ള മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളുന്നത് പതിവ് കാഴ്ചയാണ്. അറവു മാലിന്യങ്ങളുൾപ്പെടെ ബിന്നിൽ നിന്നും ലഭിക്കുന്നുണ്ടെന്നാണ് കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികൾ പറയുന്നത്. ജെെവം, അജെെവം എന്നിങ്ങനെ വേർതിരിച്ച് മാലിന്യങ്ങൾ നിക്ഷേപിക്കണമെന്ന നിർദേശവും ആരും ചെവിക്കൊണ്ട മട്ടില്ല. ചിലയിടങ്ങളിൽ സാമൂഹിക വിരുദ്ധർ ഈ ബിന്നുകൾ തല്ലിപ്പൊളിച്ചിട്ടുണ്ടെന്നും വീട്ടിൽ നിന്ന് വാഹനത്തിൽ മാലിന്യങ്ങൾ കൊണ്ടുവന്ന് നിക്ഷേപിക്കുന്നവരുടെ വീഡിയോ വരെ ലഭിച്ചിട്ടുണ്ടെന്നും കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ജയശ്രീ പറഞ്ഞു. കോർപ്പറേഷൻ പരിധിയിലെ മുഴുവൻ വീടുകളിലും ഹരിതകർമ സേന മാലിന്യം ശേഖരിക്കാനായി എത്തുന്നുണ്ടെങ്കിലും 50 ശതമാനം ആളുകൾ മാത്രമാണ് ഇതുമായി സഹകരിക്കുന്നതെന്നും അവർ പറഞ്ഞു.

മാലിന്യങ്ങൾ വേർതിരിച്ചിടാത്തതും വെല്ലുവിളി

മാലിന്യങ്ങൾ ശേഖരിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് ഇവയെ ജൈവം, അജൈവം എന്നിങ്ങനെ വേർതിരിക്കാൻ. കോർപറേഷനിലെ ശുചീകരണത്തൊഴിലാളികളുടെ ഈ പ്രശ്നം കൂടി മനസിലാക്കിയാണ് കോർപ്പറേഷൻ മാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കാൻ ട്വിൻ ബിൻ എന്ന സംവിധാനം തയ്യാറാക്കിയത്. വെയിലത്തും മഴയത്തും നശിക്കാതിരിക്കാൻ സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമിച്ച ബിന്നിന് ഒരുകോടി രൂപയാണ് കോർപ്പറേഷന് ചെലവായത്.

ബോധവത്കരണത്തിനായി എൽ.ഇ.ഡി വാൾ

സമ്പൂർണ ശുചിത്വ ബോധവത്ക്കരണത്തിനായി നഗരത്തിന്റെ ആറ് ഇടങ്ങളിലായി ശുചിത്വ, ആരോഗ്യ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന എൽ.ഇ.ഡി വാൾ സ്ഥാപിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം. ഇതുവഴി നിരന്തരമായി പരിത കർമസേനയെക്കുറിച്ചും ശാസ്ത്രീയ മാലിന്യ സംസ്കരണത്തെക്കുറിച്ചും സന്ദേശങ്ങൾ നൽകി ജനങ്ങളെ ബോധവൽക്കരിക്കാനാവുമെന്നാണ് കോർപ്പറേഷന്റെ പ്രതീക്ഷ. ട്വിൻ ബിൻ സ്ഥാപിച്ച സ്ഥലങ്ങളിൽ സി.സി.ടി.വി സ്ഥാപിക്കാനും കോർപ്പറേഷന് പദ്ധതിയുണ്ട്.

'' നഗരത്തെ വൃത്തിയായി സൂക്ഷിക്കാനാണ് ഇത്രയും വിലയേറിയതും ഉറപ്പുള്ളതുമായ ബിന്നുകൾ സ്ഥാപിക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്. മാലിന്യങ്ങൾ വേർതിരിക്കുന്നത് എളുപ്പത്തിലാക്കാൻ ജെെവ അജെെവ മാലിന്യങ്ങൾക്ക് പ്രത്യേകമായി ബിന്നുകളും സജ്ജീകരിച്ചു. ഇത് നമ്മുടെ നഗരമാണ്. ജനങ്ങളുടെ പൂർണ പങ്കാളിത്തവും സഹകരണവും ഉണ്ടെങ്കിൽ മാത്രമേ ഇത്തരം പദ്ധതികൾ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കൂ.

എസ്.ജയശ്രീ , കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL