കോഴിക്കോട്: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ അനുമതി നൽകിയതിനെതിരെ വിവിധ വിദ്യാർത്ഥി സംഘടനകൾ ഇന്നലെയും പ്രതിഷേധ മാർച്ച് നടത്തി. പരീക്ഷ കേന്ദ്രമായ ജുവനൈൽ ഹോമിലേക്ക് പ്രതിഷേധിച്ചെത്തിയ കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഇതോടെ ഉന്തും തള്ളുമായി. തുടർന്ന് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 22 പേർക്കെതിരെ ചേവായൂർ പൊലീസ് കേസെടുത്തു. ഒമ്പത് കെ.എസ്.യു പ്രവർത്തകർക്കെതിരെയും 13 എം.എസ്.എഫ് പ്രവർത്തകർക്ക് എതിരെയുമാണ് കേസ്. എസ്.എസ്.എൽ.സി പരീക്ഷ ആരംഭിച്ച തിങ്കളാഴ്ച പരീക്ഷ തീരും വരെ വിവിധ വിദ്യാർത്ഥി യുവജന സംഘടനകൾ പ്രതിഷേധിച്ചിരുന്നു. ഇന്നലെ എട്ടുണിയോടെ കെ.എസ്.യു പ്രവർത്തരാണ് പ്രതിഷേധവുമായി ആദ്യമെത്തിയത്.
സമരക്കാര നേരിടാൻ മെഡി. കോളജ് അസി. കമ്മിഷണർ എ. ഉമേഷിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം ജുവനൈൽ ഹോമിനു മുന്നിൽ നിലയുറപ്പിച്ചിരുന്നു. നീതി വേണം, കൊലയാളികൾക്ക് പരീക്ഷ വേണ്ട എന്ന മുദ്രാവാക്യവുമായി പ്രകടനമായെത്തിയ കെ.എസ്.യു പ്രവർത്തകരെ ഗേറ്റിനു മുന്നിൽ പൊലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകർ ഗേറ്റിനു മുന്നിൽ പ്രതിഷേധിച്ചു. പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സമരക്കാരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്, സംസ്ഥാന സമിതി അംഗം അർജുൻ പൂനത്ത്, ജില്ലാ വൈസ് പ്രസിഡന്റ് എം.പി രാഗിൻ തുടങ്ങി ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പിന്നാലെ പ്രതിഷേധിച്ചെത്തിയ എം.എസ്.എഫ് പ്രവർത്തകർ ഗേറ്റിനു മുന്നിൽ കുത്തിയിരുന്നതോടെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. എം.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്,അൻസാർ പെരുവയൽ, മുഹാദ് സിഎം, റീമ മറിയം തുടങ്ങിയവരാണ് അറസ്റ്റിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |