കോഴിക്കോട്: വാ പിളർന്നതു പോലുള്ള തുറന്ന ഓടയും ഇടി പൊട്ടി പെയ്ത കനത്ത മഴയെ തുടർന്നുള്ള കുത്തൊഴുക്കുമാണ് കോവൂർ എം.എൽ.എ റോഡ് കളത്തുംപൊയിൽ ശശിയുടെ (ബാബു) ജീവനെടുത്തത്. ഭാര്യ ചന്ദ്രികയുടെ നാടായ കുറ്റ്യാടിയിൽ പുതിയ വീടുവച്ച് മാറാനുള്ള മോഹം ബാക്കി വെച്ചാണ് ശശി യാത്രയായത്. നിലവിൽ താമസിക്കുന്ന വീട് വിൽക്കാനും പദ്ധതിയിട്ടിരുന്നു. കുറ്റ്യാടിയിൽ വീടുപണി പുരോഗമിക്കുകയാണ്. കൽപ്പണിക്കാരാനായ ശശി ജോലി കഴിഞ്ഞ് മിക്ക ദിവസവും കുറ്റ്യാടിയിലേക്കാണ് പോയിരുന്നത്. നാലഞ്ചു ദിവസമായി കോവൂരിലായിരുന്നു. മഴ നനഞ്ഞാണ് ബസ് വെയിറ്റിംഗ് ഷെഡിലേക്ക് ശശി കയറിച്ചെന്നതത്രെ. നാട്ടുകാരായ മൊയ്തുവും സതീഷുമൊക്കെയായി കുശലം പറഞ്ഞിരിക്കുന്നതിനിടെയാണ് തെന്നി മറിഞ്ഞത്. ടെെൽ വിരിച്ച ഇരിപ്പിടത്തിലെ നനവും വഴുതലും വില്ലനായി. മറിഞ്ഞ് നിമിഷനേരം കൊണ്ട് ഒഴുകിപ്പോയി. ഒഴുക്കിനെ അതിജീവിച്ച് തെരച്ചിൽ നടത്താൻ നാട്ടുകാർ നന്നേ ബുദ്ധിമുട്ടി.
വെയിറ്റിംഗ് ഷെഡിനും ശശിയുടേത് ഉൾപ്പെടെയുള്ള വീടുകളിലേക്ക് പോകുന്നതിനും ഓടയ്ക്കു കുറുകെ ചെറിയ പാലമുണ്ട്. ഈ പാലത്തിനും വെയിറ്റിംഗ് ഷെഡിനുമിടയിൽ ഇടുങ്ങിയ സ്ലാബില്ലാത്ത ഭാഗത്തേക്കായിരുന്നു വീഴ്ച. ഒരു സ്ലാബിട്ടാൽ മറയ്ക്കാവുന്ന ഭാഗമാണിത്. ഓടയ്ക്കു മുകളിലാണ് വെയിറ്റിംഗ് ഷെഡ്. എം.എൽ.എ. റോഡിലെ ഓടയിൽ മിക്കയിടത്തും സ്ലാബില്ല. ഓടയിൽ വീഴാതിരിക്കാൻ കെെവരിയോ മറ്റ് സുരക്ഷാ ക്രമീകരണമോ ഇല്ല. പൊതുവെ താഴ്ന്ന പ്രദേശമായ ഇവിടെ കോവൂർ ടൗൺ ഭാഗത്തു നിന്നുള്ള വെള്ളമാണ് ഒഴുകിയെത്തുന്നത്. ചെരിവുള്ള പ്രദേശമായതിനാൽ കനത്ത മഴയിൽ കുത്തൊഴുക്കുമുണ്ടാകും.
ആദ്യം കണ്ടത് കുട്ടി
ഇന്നലെ രാവിലെ പാൽ വാങ്ങി വരികയായിരുന്നു കുട്ടിയാണ് ശശിയുടെ മൃതദേഹം ആദ്യം കണ്ടത്. മഴ കുറഞ്ഞതോടെ വെള്ളവും ഒഴുക്കും കുറഞ്ഞ ഓടയിൽ മുണ്ട് പോലെന്തോ പൊങ്ങിക്കിടക്കുന്നത് കണ്ട കുട്ടി സംശയത്തോടെ നോക്കുന്നത് നാട്ടുകാർ കണ്ടു. തുടർന്ന് ഓടയിലിറങ്ങി പരിശോധിച്ചപ്പോഴാണ് ഇക്ര ഹോസ്പിറ്റലിനടുത്ത് മൃതദേഹം കണ്ടത്തിയത്.
ഉറക്കമിളച്ച് നാട്
ശശി ഒഴുകിപ്പോയെന്ന വിരവമറിഞ്ഞ് കനത്ത മഴയെ അവഗണിച്ചും ഓടയിലിറഞ്ഞി തിരച്ചിൽ നടത്താനെത്തിയത് നിരവധി നാട്ടുകാർ. ഇടിവെട്ടി പെയ്ത കനത്ത മഴയിൽ നാടിനെ മരവിപ്പിച്ച അനുഭവമായി അവർക്കിത്. മാലിന്യവും പാഴ്ചെടികളും നിറഞ്ഞ ഓടയിലിറങ്ങിയായിരുന്നു പരിശോധന. തുടർന്നാണ് ഫയർ ഫോഴ്സും പൊലീസുമെത്തിയത്. അവർക്കൊപ്പവും പുലർച്ചെ വരെ നാട്ടുകർ തെരച്ചിൽ തുടർന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |