SignIn
Kerala Kaumudi Online
Friday, 23 October 2026 12.24 AM IST

കോവൂരിൽ രാത്രി 10.30 ശേഷം കച്ചവടം വേണ്ട,​ ഒരുമാസം നിയന്ത്രണം

ytgrfde

കോഴിക്കോട്: കോവൂർ ഇരിങ്ങാടൻപള്ളി പൂളക്കടവ് മിനി ബൈപ്പാസിലെ രാത്രികാല കടകൾ രാത്രി 11 ഓടെ അടയ്ക്കാൻ തീരുമാനം. രാത്രി 10.30ന് വ്യാപാരം അവസാനിപ്പിച്ച് 11 മണിക്ക് കടകൾ അടയ്ക്കാൻ ഇന്നലെ ചേർന്ന സർവകക്ഷിയോഗത്തിലാണ് തീരുമാനമായത്. ഒരു മാസത്തേക്കാണ് നിയന്ത്രണം. സ്ഥലത്തെ റോഡരികിലെ പാർക്കിംഗ് പൂർണമായും നിരോധിക്കാനും സി.സി.ടി.വികൾ സ്ഥാപിക്കാനും സുരക്ഷാ ജീവനക്കാരെ നിയമിക്കാനും തീരുമാനമായി. രാത്രികാല കടകൾക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് തീരുമാനം. ഒരു മാസത്തിനുശേഷം സബ് കമ്മിറ്റി കൂടി വിഷയം പരിശോധിക്കും. മൂന്ന് കോർപറേഷൻ കൗൺസിലർമാർ, വ്യാപാരി പ്രതിനിധികൾ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ അംഗങ്ങളായാണ് ഉപസമിതി. രാത്രി ഭക്ഷണശാലകൾ സമൂഹവിരുദ്ധർ താവളമാക്കുന്നു എന്നാരോപിച്ച് കഴിഞ്ഞദിവസങ്ങളിൽ നാട്ടുകാർ കടയടപ്പിച്ചിരുന്നു. വ്യാഴാഴ്ച ചേർന്ന സർവകക്ഷിയോഗത്തിൽ രാത്രി 10.30ന് കടകളടയ്ക്കാൻ തീരുമാനിച്ചിരുന്നെങ്കിലും വ്യാപാരികൾ അംഗീകരിച്ചില്ലിരുന്നില്ല. തുടർന്ന് 10.45ഓടെ വ്യാഴാഴ്ച രാത്രി നാട്ടുകാർ കടയടപ്പിക്കാനെത്തിയതോടെ പ്രദേശത്ത് സംഘർഷമുണ്ടാവുകയും അഞ്ചാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

നൈറ്റ് ലൈഫിന് തടയിടണം- മേയർ

നൈറ്റ് ലൈഫിന് തടയിടണമെന്നും ഇത്തരം രീതികൾ രാജ്യത്തിന് യോജിക്കുന്നതല്ലെന്നും കോഴിക്കോട് മേയർ ബീന ഫിലിപ്പ്. കോവൂർ ഇരിങ്ങാടൻപള്ളി മിനി ബൈപ്പാസിൽ നാട്ടുകാരും കച്ചവടക്കാരും തമ്മിലുള്ള സംഘർഷവുമായി ബന്ധപ്പെട്ട സാഹചര്യത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മേയർ. കുട്ടികൾ നുണ പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങുന്നത്. രാത്രികാല കച്ചവടങ്ങളുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. കോർപറേഷൻ അല്ല ഇവർക്ക് ലൈസൻസ് നൽകുന്നത്. കേന്ദ്ര സർക്കാറിന്റെ ഉദ്യം രജിസ്‌ട്രേഷൻ വഴിയാണ് കച്ചവടം തുടങ്ങുന്നത്. ഇതിന്റെ മറവിൽ ചെറുപ്പക്കാർ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. നാട്ടുകാരും പൊലീസും ലഹരി ഉപയോഗത്തിനെതിരെ ഉണർന്ന് പ്രവർത്തിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.

മേയറെ തള്ളി ഡി.വൈ.എഫ്‌.ഐ

നൈറ്റ് ലൈഫിന് തടയിടണമെന്നും നമ്മുടെ രാജ്യത്തിന് യോജിക്കുന്നതല്ലെന്നുമുള്ള കോഴിക്കോട് മേയർ ബീന ഫിലിപ്പ് അഭിപ്രായം തള്ളി ഡി.വൈ.എഫ്.ഐ. നൈറ്റ് ലൈഫിനോട് എതിർപ്പില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് വ്യക്തമാക്കി. കോവൂർ ഇരിങ്ങാടൻപള്ളി മിനി ബൈപ്പാസിൽ രാത്രി കടകൾ അടക്കണമെന്ന നിലപാട് സംഘടനക്കില്ല. രാത്രി സ്ഥാപനങ്ങളുടെ മറവിൽ ലഹരി ഇടപാട് നടക്കുന്ന സാഹചര്യം ഒഴിവാക്കണം. കോവൂരിൽ ഉണ്ടായത് പ്രാദേശിക പ്രശ്നമാണെന്നുമായിരുന്നു പ്രതികരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL