SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

പ്രതീക്ഷയും ആശങ്കയും ആർക്കൊപ്പം ജനം

ele
ele

കോഴിക്കോട്: ഇടതുപക്ഷത്തിന് മുൻതൂക്കമുള്ള കോഴിക്കോട് ജില്ലയിൽ ഇത്തവണ ആര് വാഴണമെന്നും വീഴണമെന്നും നിശ്ചിക്കുന്ന ജനവിധി ഇന്ന്. പത്ത് വർഷത്തെ ഭരണനേട്ടം വോട്ടാകുമെന്ന് ഇടതുപക്ഷം ഉറപ്പിക്കുന്നു. അതേസമയം ഭരണവിരുദ്ധ വികാരത്തിൽ യു.ഡി.എഫ് തരംഗമുണ്ടാകുമെന്നാണ് യു.ഡി.എഫ് അവകാശവാദം. വോട്ടുവിഹിതം ഉയർത്തി ശക്തി തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. രാവിലെ ഒമ്പത് മണിക്കുള്ളിൽ പോളിംഗ് ശതമാനത്തിന്റെ ആദ്യ സൂചനകൾ ലഭിച്ചുതുടങ്ങും. പൂർണമായ പോളിംഗ് ശതമാനം അറിയുന്നതോടെ ജില്ല എങ്ങോട്ട് ചായുമെന്ന് ഏതാണ്ട് കണക്കാക്കാമെന്ന ചിന്തയിലാണ് മുന്നണികൾ. എന്നാൽ മുൻകാല തിരഞ്ഞെടുപ്പ് കണക്കും പോളിംഗ് ശതമാനവും അടിസ്ഥാനമാക്കി ട്രെൻഡ് മനസിലാക്കാനാവില്ലെന്ന് നേതാക്കൾ പറയുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനും കോഴിക്കോട് കോർപ്പറേഷനിൽ ബി.ജെ.പിക്കും നേട്ടമുണ്ടായത് ആരും പ്രവചിച്ചിരുന്നില്ല. യുവാക്കളും നിഷ്പക്ഷ വോട്ടർമാരും വിധി നിർണയിക്കുന്നതിൽ പ്രധാനമാണ്. ചില മണ്ഡലങ്ങളിലെ അടിയൊഴുക്ക് അട്ടിമറിയിലേക്ക് നയിക്കുമെന്നും സൂചനയുണ്ട്.

മുഴുവൻ സീറ്റും നേടും: എൽ.ഡി.എഫ്

യു.ഡി.എഫിന്റെ അവകാശവാദം പൂർണമായും തള്ളുകയാണ് എൽ.ഡി.എഫ്. ഭരണവിരുദ്ധ വികാരം ഒരിടത്തുമില്ല. നിരവധി വികസന പ്രവർത്തനങ്ങൾ നടത്തി. തുടർഭരണം വന്നാൽ മാത്രമേ വികസന പദ്ധതികൾ തുടരാനാകൂ എന്ന് കരുതുന്നവരാണ് വോട്ടർമാരിൽ ഏറെയുമെന്നാണ് എൽ.ഡി.എഫ് നേതാക്കൾ പറയുന്നത്. നിലവിലുള്ള 11 സീറ്റുകളിലും വിജയിക്കും. ബാക്കിയുള്ള രണ്ടെണ്ണം കൂടി ഇത്തവണ പി‌ടിച്ചെടുക്കും. വാഗ്ദാനങ്ങളെല്ലാം നടപ്പാക്കി. പ്രോഗ്രസ് കാർഡ് പുറത്തിറക്കി.

കാറ്റ് മാറിവീശും: യു.ഡി.എഫ്

വടകരയും കൊടുവള്ളിയുമാണ് നിലവിൽ യു.ഡി.എഫിനൊപ്പമുള്ളത്. ഇവ കൂടാതെ കൊയിലാണ്ടി, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, കോഴിക്കോട് സൗത്ത്, തിരുവമ്പാടി എന്നിവ തങ്ങൾക്ക് കിട്ടുമെന്നാണ് യു.ഡി.എഫ് അവകാശവാദം. കുറ്റ്യാടിയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേരിയ വോട്ടുകൾക്കാണ് യു.ഡി.എഫിന് നഷ്ടപ്പെട്ടത്. കോൺഗ്രസും ലീഗും ചേർന്ന് ശക്തമായ പ്രചാരണ പ്രവർത്തനം എല്ലായിടത്തും നടത്തിയിട്ടുണ്ടെന്നും അവർ പറയുന്നു.

നല്ല മുന്നേറ്റമുണ്ടാകും: എൻ.ഡി.എ

കോഴിക്കോട്ട് വലിയ മുന്നേറ്റമുണ്ടാകുമെന്ന് എൻ.ഡി.എ അവകാശപ്പെടുന്നു. കേന്ദ്രസർക്കാർ പദ്ധതികളുടെ ആനുകൂല്യം കേരളത്തിലെ നിരവധി പേർക്ക് കിട്ടിയിട്ടുണ്ട്. ഇത് വോട്ടായി മാറും. ഇരു മുന്നണികളുടെയും വാഗ്ദാന ലംഘനങ്ങളും മാറ്റമുണ്ടാക്കും. കോഴിക്കോട് കോർപ്പറേഷനിൽ ഉൾപ്പെടെ തദ്ദേശ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടായി. ജനങ്ങൾ മാറി ചിന്തിക്കുന്നതിന്റെ സൂചനകളാണ് എങ്ങുമുള്ളതെന്നും നേതാക്കൾ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL