SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

വിധിയെഴുതാൻ ഇന്ന് ബൂത്തിലേക്ക്

ele
വിധിയെഴുതാൻ ഇന്ന് ബൂത്തിലേക്ക്

വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ
സുരക്ഷയ്ക്ക് വൻ പൊലീസ് സന്നാഹം


കോഴിക്കോട്: വാശിയേറിയ പ്രചാരണത്തിനും വോട്ടഭ്യർത്ഥനയ്ക്കുമൊടുവിൽ ജില്ലയിലെ 26,68,817 സമ്മതിദായകർ ഇന്ന് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ജില്ലയിലെ 13 മണ്ഡലങ്ങളിലും മാതൃക പോളിംഗ് സ്റ്റേഷനുകളും വനിതകൾ മാത്രം പോളിംഗ് ഉദ്യോഗസ്ഥരായ 67 പിങ്ക് പോളിംഗ് സ്റ്റേഷനുകളുമുണ്ട്.

കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ കാരപ്പറമ്പ് ഹൈസ്‌കൂളിലെ 48ാം നമ്പർ ബൂത്ത് ഭിന്നശേഷിക്കാർ നിയന്ത്രിക്കുന്ന ഏക പോളിംഗ് സ്റ്റേഷനാണ്. വോട്ടിംഗ് മെഷീനടക്കമുള്ള തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്നലെ പൂർത്തിയായി.
വോട്ടെടുപ്പ് സുരക്ഷിതവും സമാധാനപരവുമാക്കാൻ ശക്തമായ സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ പ്രശ്ന സാധ്യതാ ബൂത്തുകളിൽ പ്രത്യേക സുരക്ഷയുണ്ടാകും. കോഴിക്കോട് റൂറൽ പരിധിയിൽ മാത്രം 1,600 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇതിനുപുറമെ ആയിരത്തിലധികം കേന്ദ്ര സേനാംഗങ്ങളും സുരക്ഷ ചുമതലയിലുണ്ടാകും. പൊലീസിന് പുറമെ മൈക്രോ ഒബ്സർവർമാരെയും പ്രശ്നബാധിത ബൂത്തുകളിൽ നിയോഗിച്ചിട്ടുണ്ട്. പോളിംഗ് ഡ്യൂട്ടിക്കായി 13,218 ഉദ്യോഗസ്ഥരുണ്ട്.

വോട്ടെടുപ്പിന് ശേഷം വടകര, നാദാപുരം, കുറ്റ്യാടി മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകൾ മടപ്പള്ളി ഗവ. കോളേജിലും തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളിലേത് കൂടത്തായി സെന്റ് മേരീസ് എച്ച്.എസ്.എസിലും സജ്ജമാക്കിയ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിക്കും. ബാക്കി മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകൾ വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിക്കും. മടപ്പള്ളി ഗവ. കോളേജ്, കൂടത്തായി സെന്റ് മേരീസ് എച്ച്.എസ്.എസ്, വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം എന്നിവയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ.

കള്ളവോട്ടും ആൾമാറാട്ടവും തടയും

കള്ളവോട്ട്, ആൾമാറാട്ടം ഉൾപ്പെടെയുള്ളവ തടയാൻ ജില്ലയിലെ എല്ലാ ബൂത്തുകളിലും അകത്തും പുറത്തും വെബ്കാസ്റ്റിംഗ് സംവിധാനമുണ്ട്. വോട്ടർ ബൂത്തിൽ പ്രവേശിക്കുന്നത് മുതൽ പുറത്തിറങ്ങുന്നത് വരെയുള്ള വോട്ടെടുപ്പിന്റെ മുഴുവൻ ദൃശ്യങ്ങളും സി.സി.ടി.വി ക്യാമറ വഴി കൺട്രോൾ റൂമിൽ നിന്ന് തത്സമയം നിരീക്ഷിക്കും. ഇതിനായി വിപുലമായ സംവിധാനങ്ങൾ കലക്ടറേറ്റിലുണ്ട്. വോട്ട് ചെയ്യുന്ന സമയത്ത് വോട്ടർമാർക്ക് തങ്ങളുടെ മൊബൈൽ ഫോണുകൾ സുരക്ഷിതമായി വയ്ക്കാൻ മൊബൈൽ ഡെപ്പോസിറ്റ് സൗകര്യവും ബൂത്തുകളിലുണ്ട്. വോട്ടർമാരെ സഹായിക്കാൻ എൻ.എസ്.എസ്, എൻ.സി.സി സന്നദ്ധപ്രവർത്തകരുമുണ്ടാകും.

ആകെ വോട്ടർമാർ.... 26,68,817

പുരുഷന്മാർ....13,04,604

സ്ത്രീകൾ....13,64,182

ട്രാൻസ്‌ജെൻഡർ....31

പോളിംഗ് സ്റ്റേഷനുകൾ....2,837

പ്രശ്നസാദ്ധ്യത ബൂത്ത്....351

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL