SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.45 AM IST

കോഴിക്കോട്ടെ കനത്ത തോൽവി ഇഴകീറി പരിശോധനയ്ക്ക് സി.പി.എം

cpm
സി.പി.എം

കോഴിക്കോട്: ചരിത്രത്തിലില്ലാത്ത പരാജയം ഏറ്റുവാങ്ങിയതിന്റെ കാരണം തേടി സി.പി.എം. ബ്രാഞ്ചുമുതൽ ജില്ലവരേയുള്ള കമ്മിറ്റികൾക്ക് നിർദ്ദേശം നൽകിയതിന് പുറമേ പാർട്ടിക്കൊപ്പം എക്കാലവും നിലയുറപ്പിച്ച ഇടത് നിരീക്ഷകരിൽ നിന്നും അനുഭാവികളിൽ നിന്നും പരാജയകാരണങ്ങൾ തേടുന്നുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷം അടുത്ത ദിവസം സംസ്ഥാന കമ്മിറ്റി ചേരും. പരാജയകാരണങ്ങൾ അന്വേഷിക്കാൻ ഓരോ ജില്ലകളിലും പ്രത്യേക സംഘങ്ങളെ സംസ്ഥാന കമ്മിറ്റി നിയമിക്കും. അതിന് മുന്നോടിയായിട്ടാണ് ബ്രാഞ്ചുമുതൽ മുകളിലോട്ടുള്ള നേതാക്കളിൽ നിന്ന് ജില്ലാകമ്മിറ്റി വിശദീകരണം തേടുന്നത്. എവിടെയൊക്കെ വോട്ട് ചോർന്നു, നേതാക്കൾക്ക് വീഴ്ച സംഭവിച്ചോ, സ്ഥാനാർത്ഥി നിർണയം പാളിയോ, പാർട്ടി ജനങ്ങളിൽ നിന്നകന്നതാണോ കാരണം തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്നത്.

കേരളത്തിൽ വൻപരാജയങ്ങൾ ഏറ്റുവാങ്ങിയപ്പോഴും ജില്ല എന്നും ഇടതുപക്ഷത്തിനൊപ്പമായിരുന്നു. വടകരയിലേയും കോഴിക്കോട്ടേയും ലോക്സഭാ സീറ്റുകൾ നഷ്ടപ്പെട്ടപ്പോഴും നിയമസഭാ സീറ്റുകൾ ഒപ്പം നിന്നു. ഇത്തവണ തദ്ദേശത്തിൽ പരാജയം ഏറ്റവാങ്ങുകയും ഉണ്ടാക്കിയ കാലം മുതൽകൂടെ നിന്ന ജില്ലാ പഞ്ചായത്ത് നഷ്ടപ്പെട്ടപ്പോഴും നിയമസഭാ സീറ്റിൽ കനത്ത പരാജയം ആരും പ്രതീക്ഷിച്ചില്ല.

കണക്ക് കൂട്ടൽ തെറ്റി

ഏറിയാൽ അഞ്ച് സീറ്റ് നഷ്ടപ്പെടുമെന്നായിരുന്നു കണക്ക് കൂട്ടൽ. എന്നാൽ ബേപ്പൂർ ഒഴിച്ച് കൈയ്യിലുള്ളതെല്ലാം നഷ്ടമായി. ഘടകക്ഷികളുടെ സീറ്റായ കോഴിക്കോട് സൗത്ത്, എലത്തൂർ, നാദാപുരം, കുന്ദമംഗലം, വടകര തുടങ്ങിയവയും നഷ്ടമായി. സംസ്ഥാനത്തെ കരുത്തനായ നേതാവും ഇത്തവണ തിരഞ്ഞെടുപ്പിനെ നയിക്കുകയും ചെയ്ത എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ മത്സരിച്ച പേരാമ്പ്ര നഷ്ടമായതാണ് വലിയ തിരിച്ചടി. താത്വിക അവലോകനം വിട്ട് പാർട്ടി ജനങ്ങളിൽ നിന്ന് അകന്നുപോയതും സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഉണ്ടായ വീഴ്ചയുമാണ് പ്രധാന പരാജയമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇനി ഒന്നിൽ നിന്ന് തുടങ്ങി ജനകീയ അടിത്തറയുണ്ടാക്കി മുന്നോട്ട് പോവുകയാണ് ലക്ഷ്യം. 13 മണ്ഡലങ്ങളിൽ 11 സീറ്റുകളാണ് ഇടുതുപക്ഷത്തിന് ഉണ്ടായിരുന്നത്. അതിപ്പോൾ ഒന്നിലേക്ക് ചുരുങ്ങി.

അടിത്തറ വിപുലമാക്കി മുന്നോട്ട് പോവും

പരാജയം എപ്പോഴും പരാജയമാണ്. അത് ഉൾക്കൊണ്ടുകൊണ്ടുള്ള തിരുത്തലാണ് ഉണ്ടാകുക. 13, 14 തിയതികളിൽ സംസ്ഥാനകമ്മിറ്റി ചേരുന്നുണ്ട്. അതിനുശേഷം ശരിയായ നടപടികളിലേക്കിറങ്ങും. ഇപ്പോൾ പ്രാഥമിക പരിശോധനകൾ തുടങ്ങി. കോഴിക്കോട്ട് നഷ്ടപ്പെട്ട പഴയ പ്രതാപത്തിലേക്ക് പാർട്ടി തിരിച്ചുവരും.

എം.മെഹബൂബ്, ജില്ലാ സെക്രട്ടറി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL