കോഴിക്കോട്: പെൻഷൻ മുടങ്ങിയതോടെ കോഴിക്കോട് ജില്ലയിലെ വിരമിച്ച അങ്കണവാടി ജീവനക്കാർ ദുരിതക്കയത്തിൽ. കഴിഞ്ഞ അഞ്ച് മാസമായി അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് വെൽഫെയർ ബോർഡിൽ നിന്നുള്ള ആനുകൂല്യങ്ങളും പെൻഷനും ലഭിക്കാതായതോടെ മരുന്നിന് പോലും വകയില്ലാത്ത അവസ്ഥയിലാണിവർ. ശരാശരി 4000 ഓളം വിരമിച്ച അങ്കണവാടി ജീവനക്കാർ ജില്ലയിലുണ്ട്. ഇവർക്ക് അവസാനമായി പെൻഷൻ ലഭിച്ചത് കഴിഞ്ഞ ജനുവരിയിലാണ്. അതും 2025 ഡിസംബറിലെ തുക. ഈ വർഷം ഇതുവരെ പെൻഷൻ തുക കിട്ടിയില്ലെന്നാണ് ഇവർ പറയുന്നത്. ഇതിനുള്ള മതിയായ ഫണ്ട് കൈവശമില്ലെന്ന് ക്ഷേമനിധി ബോർഡും. വർക്കർക്ക് 2500 രൂപയും ഹെൽപ്പർക്ക് 1500 രൂപയുമാണ് പ്രതിമാസപെൻഷനായി നൽകുന്നത്. അതിനായി വർക്കർമാർ 500 രൂപയും ഹെൽപ്പർമാർ 250 രൂപയുമാണ് പ്രതിമാസം ക്ഷേമനിധിയിലേക്ക് അടയ്ക്കുന്നത്. 20 ശതമാനം സർക്കാർ വിഹിതവും ആകെ തുകയുടെ എട്ടുശതമാനം പലിശയും ചേർത്താണ് 62 വയസ് വരെ ജോലി ചെയ്ത് വിരമിക്കുമ്പോൾ ഇവർക്ക് ലഭിക്കുന്നത്. എന്നാൽ സർക്കാർ വിഹിതം ലഭിക്കുന്നില്ലെന്നും 2022 ന് ശേഷം പെൻഷൻ മുടങ്ങുന്നത് പതിവാണെന്നും ജീവനക്കാർ പറയുന്നു. അങ്കണവാടി ജീവനക്കാർക്കു ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടെന്ന 2022 ലെ സുപ്രീംകോടതി വിധി സർക്കാർ നടപ്പാക്കുന്നില്ലെന്നും ജീവനക്കാർ പറഞ്ഞു. മാസം ലഭിക്കുന്ന തുച്ഛമായ തുക മരുന്നിന് പോലും തികയാത്ത സ്ഥിതിയാണ്. പെൻഷൻ തുക ഉയർത്തണമെന്നും കൃത്യമായി ലഭിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ബന്ധപ്പെട്ട അധികാരികൾക്ക് നിരവധി തവണ നിവേദനം നൽകിയിട്ടും കാര്യമായ നടപടിയുണ്ടായിട്ടില്ലെന്നാണ് പരാതി.
പുതിയ സർക്കാർ പെൻഷൻ തുക കാലതാമസമില്ലാതെ നൽകാൻ ഇടപെടലുകൾ നടത്തുമെന്നാണ് പ്രതീക്ഷ.
പ്രതിമാസ പെൻഷൻ തുക വർദ്ധിപ്പിക്കുകയും വേണം.
സീനാബായ് എം.എ,
ജില്ലാ പ്രസിഡന്റ്,
അങ്കണവാടി ഏംപ്ലോയീസ് ആൻഡ് റിട്ടേഡീസ് ഓർഗനെെസേഷൻ
മരുന്ന് വാങ്ങാൻ പോലും പെെസയില്ല. പെൻഷൻ കിട്ടാൻ എന്തെങ്കിലും ചെയ്യണം.
സൗദാമിനി,
റിട്ട. അങ്കണവാടി അദ്ധ്യാപിക
ജീവനക്കാരുടെ പെൻഷൻ തുക
വർക്കർ: 2,500 രൂപ
ഹെൽപ്പർ: 1500 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |