SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.19 AM IST

ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനം മുക്കത്ത് പ്രതിനിധി സമ്മേളനത്തിന് തുടക്കം

dyfi-
ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം വി.കെ.സനോജ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് മുക്കം സഖാവ് പുഷ്പൻ നഗറിൽ തുടക്കമായി. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുതിയ കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുത്ത് ഡി.വൈ.എഫ്.ഐ ശക്തമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോർ വിതരണ പദ്ധതിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചു. മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ രമേശ് ചെന്നിത്തലയും കെ. സുധാകരനും വരെ മാതൃകാപരമെന്ന് വിശേഷിപ്പിച്ച പദ്ധതിയാണിത്. എന്നാൽ, അധികാരക്കസേര ഉറപ്പിക്കുന്നതിനായി സ്വന്തം അനുജന്റെ രക്തസാക്ഷിത്വം വരെ തള്ളിപ്പറഞ്ഞ്, കൊലയാളികളുമായി കൈകോർത്ത ജി. സുധാകരനെപ്പോലുള്ളവർ ഇതിനെതിരെ രംഗത്തുവരുന്നത് വലതുപക്ഷത്തിന്റെ അവസരവാദ രാഷ്ട്രീയത്തിന്റെ പടുകുഴിയിൽ വീണതുകൊണ്ടാണ്. ഇത്തരം ആളുകൾ എന്തെങ്കിലും പുലമ്പിയാൽ ഡി.വൈ.എഫ്.ഐ ഈ കാരുണ്യ പദ്ധതികൾ ഉപേക്ഷിക്കുമെന്ന് ആരും ധരിക്കേണ്ടതില്ലെന്നും വി.കെ. സനോജ് പറഞ്ഞു.

തിരുവമ്പാടി മത്തായി ചാക്കോ സ്മൃതി മണ്ഡപത്തിൽ നിന്നും സമ്മേളന നഗരിയായ സഖാവ് പുഷ്പൻ നഗറിൽ എത്തിച്ച ദീപശിഖ സ്വാഗതസംഘം കൺവീനർ ടി. വിശ്വനാഥൻ ഏറ്റുവാങ്ങി. തുടർന്ന് ജില്ലാ സെക്രട്ടറി എൽ.ജി. ലിജീഷ് ദീപശിഖ തെളിയിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ. അരുൺ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾക്ക് തുടക്കമായി. പ്രതിനിധികളും നേതാക്കളും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

17 ബ്ലോക്ക് കമ്മിറ്റികളിൽ നിന്നായി 375 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ജില്ലാ പ്രസിഡന്റ് കെ. അരുൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ. ഷഫീഖ് അനുശോചന പ്രമേയവും, സംസ്ഥാന കമ്മിറ്റി അംഗം കെ.എം. നീനു രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എൽ.ജി. ലിജീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ ടി. വിശ്വനാഥൻ സ്വാഗതം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, ട്രഷറർ എസ്.ആർ. അരുൺ ബാബു, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം. വിജിൻ എംഎൽഎ, ഗ്രീഷ്മ അജയഘോഷ്, എം. ഷാജിർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.പി. ഷൈജു, കെ.എം. സച്ചിൻ ദേവ് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. ഇന്ന് വൈകീട്ട് പുതിയ ഭാരവാഹി തിരഞ്ഞെടുപ്പോടെ മൂന്ന് ദിവസം നീണ്ടുനിന്ന ജില്ലാ സമ്മേളനത്തിന് സമാപനമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL