SignIn
Kerala Kaumudi Online
Thursday, 23 July 2026 4.01 AM IST

‌സെൻസസ് ഡ്യൂട്ടിയിൽ അദ്ധ്യാപകർ: ഓണപ്പരീക്ഷയെത്തി, പ​ഠ​നം പെരുവഴിയിൽ

census
സെൻസസ് ഡ്യൂട്ടിയിൽ അദ്ധ്യാപകർ ഓണപ്പരീക്ഷയെത്തി, പ​ഠ​നം പെരുവഴിയിൽ

കോഴിക്കോട്: ഓണപ്പരീക്ഷയ്‌ക്ക്‌ ആഴ്‌ചകൾ മാത്രം, പക്ഷേ സ്കൂളുകളിൽ പാഠഭാഗങ്ങളൊന്നും പൂർത്തിയായില്ല. പഠിപ്പിക്കേണ്ട അദ്ധ്യാപകരാവട്ടെ സെൻസസ് ഡ്യൂട്ടിയിൽ വീടുകൾ കയറിയിറങ്ങുന്നു. കൃത്യമായ ആസൂത്രണമില്ലാതെ സെൻസസ്‌ ആരംഭിച്ചതോടെ ജില്ലയിലെ സ്‌കൂളുകളിൽ അദ്ധ്യാപക ക്ഷാമം രൂക്ഷമാവുകയാണ്. പഠിക്കാനാകാതെ വിദ്യാർത്ഥികളും ബുദ്ധിമുട്ടുന്നു. പ്രധാനദ്ധ്യാപകർ ഒഴികെയുള്ള എല്ലാ അദ്ധ്യാപകർക്കും സെൻസസ് ഡ്യൂട്ടി ലഭിച്ച സ്കൂളുകളാണ്‌ ജില്ലയിൽ ഏറെയും. പത്താംക്ലാസുകളിൽ പോലും പാഠഭാഗങ്ങൾ പകുതി പോലും തീർക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടെ വിദ്യാർത്ഥികൾക്ക് മാർക്ക് കുറയുമോയെന്ന ആശങ്കയിലാണ് രക്ഷിതാക്കളും.

ജോലി ഭാരം കൂടുതൽ

ഒരു സ്‌കൂളിലെ 50 ശതമാനത്തിൽ അധികം അദ്ധ്യാപകർക്ക്‌ സെൻസസ്‌ ഡ്യൂട്ടി നൽകരുതെന്നായിരുന്നു നിർദേശം. എന്നാൽ, ഇത്‌ പാലിക്കാതെ ഭൂരിപക്ഷം അദ്ധ്യാപകർക്കും ഡ്യൂട്ടി നൽകി. ഒരാൾക്ക് പരമാവധി 150 മുതൽ 200 വരെ വീടുകൾ മാത്രമേ അനുവദിക്കൂവെന്ന് അറിയിച്ചിരുന്നെങ്കിലും പലർക്കും 400 മുതൽ 450 ലേറെ വീടുകൾ കയറിയിറങ്ങാനുണ്ട്. വീടുകളും വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടെ 650-ലേറെ എൻട്രികൾ പൂർത്തിയാക്കേണ്ട സാഹചര്യം പലർക്കും ഉണ്ടായിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിലാണ് സെൻസസ് നടത്തേണ്ടതെന്ന നിർദേശമുണ്ടെങ്കിലും ഇത്രയും വീടുകളിൽ വിവരശേഖരണം പൂർത്തിയാക്കാൻ കഴിയാത്തതിനാൽ പ്രവൃത്തിദിവസങ്ങളിലും അദ്ധ്യാപകർ ഫീൽഡിലിറങ്ങുകയാണ്. രാവിലെ ക്ലാസെടുത്ത ശേഷം ഉച്ചയോടെ സെൻസസ് ജോലിക്ക് പോകുന്നതും രാത്രിവരെ വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തുന്നതുമാണ് പലരുടെയും ദിനചര്യ. ഇത് അമിതഭാരമായി മാറുകയാണെന്ന് അദ്ധ്യാപകർ പറയുന്നു. സ്കൂളുകളിൽ പകരം ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കാത്തതിനാൽ ക്ലാസുകൾ മുടങ്ങി പാഠഭാഗങ്ങൾ കുന്നുകൂടുകയാണ്. ഒരു വീട്ടിൽ ആളുകളെ ലഭിക്കാത്തതിനാൽ മൂന്നോ അതിലധികമോ തവണ പോകേണ്ടി വരുന്ന സാഹചര്യമുണ്ടെന്നും അദ്ധ്യാപകർ പറയുന്നു. ഓണപ്പരീക്ഷക്ക് മുമ്പ് നിശ്ചിത പാഠഭാഗങ്ങൾ പൂർത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസവകുപ്പിന്റെ നിർദേശമുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ എങ്ങനെ പഠിപ്പിക്കുമെന്നാണ് ഇവർ ചോദിക്കുന്നത്. ജില്ലയിൽ ഏകദേശം 18,000 അദ്ധ്യാപകരിൽ 11,000 ത്തിലധികം പേരും സെൻസസ് ഡ്യൂട്ടിയിലാണ്.

വേണം

സെൻസസ് ജോലിക്ക് നിയോഗിക്കപ്പെടുന്ന അദ്ധ്യാപകർക്ക് അനുവദിക്കുന്ന വീടുകളുടെ എണ്ണം പുനഃക്രമീകരിക്കണം

ഡ്യൂട്ടിയിലുള്ളവർക്കു പകരം ഡെയ്ലി വേജ് അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കണം

 ഓണപ്പരീക്ഷയുടെ തീയതി പുനഃപരിശോധിക്കണം

''പരീക്ഷ അടുത്തെത്തി. പലയിടങ്ങളിലും പാഠഭാഗങ്ങൾ വളരെ പിന്നിലാണ്. കുട്ടികളുടെ പഠനവും പരീക്ഷാ തയ്യാറെടുപ്പും സംരക്ഷിക്കുന്ന തരത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണം''

രാജൻ ആർ.എം, ജില്ലാ സെക്രട്ടറി, കെ.എസ്.ടി.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL