SignIn
Kerala Kaumudi Online
Saturday, 25 July 2026 3.31 AM IST

വയനാട്ടിൽ ഹെലിപ്പാഡ് നിർമ്മാണം പുരോഗമിക്കുന്നു; വരും, അഞ്ചെണ്ണം ഉടൻ

helii
സുൽത്താൻബത്തേരി കുപ്പാടിയിൽ നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ പുരോഗമിക്കുന്ന ഹെലിപ്പാഡുകൾ

സുൽത്താൻബത്തേരി: വയനാടിന് അനുവദിച്ച അഞ്ച് ഹെലിപ്പാഡുകളുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. ആദ്യഘട്ടത്തിൽ സുൽത്താൻബത്തേരി കുപ്പാടിയിലെ നിലവിലുള്ള ഹെലിപ്പാഡ് ഗ്രൗണ്ടിൽ നിർമ്മിക്കുന്ന രണ്ട് ഹെലിപ്പാഡുകളുടെ നിർമ്മാണമാണ് നടക്കുന്നത്. കേന്ദ്രസർക്കാർ അനുവദിച്ച സാസ്‌കി ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. ഈ മാസം അവസാനത്തോടെ പണി പൂർത്തിയാകുമെന്നാണ് കരാറുകാരൻ പറയുന്നത്. പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാകുമ്പോഴടക്കമുള്ള അടിയന്തര യാത്രസൗകര്യത്തിനും രക്ഷാദൗത്യസേനകൾക്കടക്കം ജില്ലയിൽ വേഗത്തിൽ എത്തിപ്പെടാനുമാണ് ഹെലിപ്പാഡുകൾ.

താമരശേരി ചുരത്തിലെ ഗതാഗത കുരുക്കും മണ്ണിടിച്ചിലും അത്യാവശ്യ യാത്രകളെ തടസപ്പെടുത്താറുണ്ട്. പിന്നീടുള്ള മാർഗങ്ങളായ കുറ്റ്യാടി ചുരം, പാൽചുരം, നാടുകാണി എന്നിവയും മഴക്കാലങ്ങളിൽ യാത്രദുഷ്‌കരമാക്കാറുണ്ട്. പിന്നീടുള്ള മാർഗം ദേശീയപാത 766 വഴി മൈസൂരിൽ നിന്നുള്ളതാണ്. ശക്തമായ മഴയിൽ സംസ്ഥാന അതിർത്തി പൊൻകുഴി പുഴയിൽ വെള്ളം ഉയർന്ന് റോഡിലേക്ക് കയറാനുള്ള സാദ്ധ്യതയും കൂടുതലാണ്. ഇതോടെ ഇതുവഴിയുള്ള യാത്രയും തടസപ്പെടും. ഇതെല്ലാം കണക്കാക്കിയാണ് ജില്ലയിൽ അഞ്ചിടത്തായി ഹെലിപ്പാഡുകൾ നിർമ്മിക്കുന്നത്. സുൽത്താൻബത്തേരിയിലെ ഹെലിപ്പാഡുകളുടെ നിർമ്മാണം കഴിഞ്ഞാൽ അമ്പലവയൽ, ബാണാസുര, മുനീശ്വരൻകുന്ന് എന്നിവിടങ്ങളിലും നിർമ്മാണം വേഗത്തിലാക്കും.

ഇന്ദിരഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സജ്ജീകരിച്ചത്

കുപ്പാടിയിൽ ആദ്യമുണ്ടായിരുന്ന ഹെലിപ്പാഡ് സംരക്ഷണമില്ലാതെ നശിക്കുകയായിരുന്നു. മുൻപ്രധാനമന്ത്രി ഇന്ദിരഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് ആദ്യമായി താത്ക്കാലിക ഹെലിപ്പാഡായി സജ്ജീകരിച്ചത്. താത്ക്കാലിക ഹെലിപ്പാഡുകളിൽ മികച്ചതായിരുന്ന ഇത് പൂർണമായ ഹെലിപ്പാഡ് അല്ല. 2018ലും 2024ലും ജില്ലയിൽ മഴക്കെടുതികൾ ഉണ്ടായപ്പോൾ രക്ഷാസേനകളും വി.ഐ.പി.കളും ഇവിടെയാണ് ഇറങ്ങിയത്.

ഹെലിപ്പാഡുകൾ ഇവിടെ

കുപ്പാടിയിൽ - 2

അമ്പലവയൽ

ബാണാസുര

മുനീശ്വരൻകുന്ന് (എല്ലാം ഒന്ന്)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL