@വയനാട്ടിൽ റെഡ് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കൽപ്പറ്റ: വയനാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് അത്യാവശ്യമല്ലാത്ത അന്തർ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതായി വയനാട് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. അന്തർ സംസ്ഥാനത്ത് നിന്നും വയനാട് ജില്ലയിലേയ്ക്ക് വരുന്ന വാഹനങ്ങൾക്കും മറ്റ് ഹെവി വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് നീലഗിരി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായും വയനാട് ജില്ലാ കളക്ടർ അറിയിച്ചു. വയനാട്ടിലെ കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ നിയന്ത്രണം തുടരാൻ പൊലീസ്, മോട്ടോർ വാഹന വകുപ്പുകൾക്ക് നിർദേശം നൽകി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മതപഠനക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ, ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. റെസിഡൻഷ്യൽ സ്‌കൂളുകൾക്കും റെസിഡൻഷ്യൽ കോളേജുകൾക്കും പ്രവർത്തിക്കാം. മഴ ശക്തമാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
ഇന്നലെ ഉച്ചവരെ വയനാട്ടിൽ സ്ഥിതിഗതികൾ ശാന്തമായിരുന്നു. ഉച്ചകഴിഞ്ഞാണ് കാലാവസ്ഥ മാറിയത്.അതിശക്തമായ മഴ ജില്ലയുടെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും അനുഭവപ്പെട്ടു. തുടർന്ന് ജില്ലയിലെ ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉച്ചയോടെ തന്നെ പ്രവർത്തനം അവസാനിപ്പിച്ചു. മഴയ്ക്കൊപ്പം കാറ്റും പലയിടത്തും അനുഭവപ്പെട്ടു. ചുരം മേഖലകളിലും മലമ്പ്രദേശങ്ങളിലും അതിശക്തമായ മഴയാണ് ഇന്നലെ ഉച്ച കഴിഞ്ഞ് അനുഭവപ്പെട്ടത്. താഴ്ന്ന പ്രദേശങ്ങൾ വെളളത്തിനടിയിലായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |