കോഴിക്കോട്: കനത്ത മഴയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്ന കുടുംബങ്ങൾ മഴയ്ക്കും വെള്ളക്കെട്ടിന് ശമനമായതോടെ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി.വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും വീടുകൾക്കുള്ളിൽ അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് താമസയോഗ്യമാക്കാനുള്ള കഠിന പരിശ്രമത്തിലാണ് കുടുംബങ്ങൾ. പഞ്ചായത്ത്, ആരോഗ്യവകുപ്പ്, ഫയർ ആൻഡ് റെസ്‌ക്യൂ, സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ വീടുകളും പൊതുസ്ഥലങ്ങളും ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ക്ലോറിൻ ലായനി ഉപയോഗിച്ച് കിണറുകൾ ശുദ്ധീകരിക്കുകയും ബ്ലീച്ചിംഗ് പൗഡർ വിതറി പരിസരങ്ങൾ അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്. കക്കയം ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ തുറന്നതോടെ പൂനൂർ പുഴ കരകവിഞ്ഞൊഴുകുകയും തൽഫലമായി കക്കോടി, കണ്ണാടിക്കൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാവുകയും ചെയ്തു. പൂനൂർ പുഴയിൽ കൃത്യമായ ഇടവേളകളിൽ ചെളി വാരാത്തതിനാലാണ് പ്രളയത്തിന്റെ തീവ്രത വർദ്ധിച്ചതെന്ന ആരോപണവും ശക്തമാണ്.
വെള്ളപ്പൊക്കത്തിന് പിന്നാലെ പകർച്ചവ്യാധികൾ പടരാനുള്ള സാദ്ധ്യത മുൻനിർത്തി ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. പ്രളയജലം കയറിയ കിണറുകളിലെ വെള്ളം പരിശോധനയും സൂപ്പർ ക്ലോറിനേഷനും പൂർത്തിയാകുന്നതുവരെ കുടിവെള്ളമായി ഉപയോഗിക്കരുതെന്ന് അധികൃതർ നിർദേശിച്ചു. എലിപ്പനി, വയറിളക്കം, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ തടയുന്നതിനായി ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കിയിട്ടുണ്ട്. അപകടസാദ്ധ്യതയുള്ളവർക്ക് ഡോക്സിസൈക്ലിൻ ഗുളികകളും വിതരണം ചെയ്യുന്നുണ്ട്.
വീടുകളിലേക്ക് മടങ്ങുന്നവർ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിന് മുമ്പ് ഇലക്ട്രിക്കൽ സംവിധാനങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്നും വീടുകൾക്കുള്ളിൽ പാമ്പുകൾ ഉൾപ്പെടെയുള്ള വിഷജീവികൾ ഒളിഞ്ഞിരിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി
ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്യാമ്പ് അവസാനിക്കുന്നത് വരെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |