SignIn
Kerala Kaumudi Online
Thursday, 06 August 2026 1.42 AM IST

കോൺഗ്രസ് നേതാക്കളുടെ ശബ്ദം കേൾക്കാനില്ല വഴുതിപ്പോകുമോ കിനാലൂരിൽ നിന്നും എയിംസ്..?

kinalur
കിനാലൂർ

കോഴിക്കോട്: ഇപ്പോൾകിട്ടും എന്നു കരുതി കൈയിലുള്ള സ്ഥലവുമായി കാത്തിരുന്നിട്ടും കോഴിക്കോടിന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് (എയിംസ്) നഷ്ടപ്പെടുമെന്ന അവസ്ഥ. എയിംസിനായി കോട്ടയമടക്കം നിരവധി സ്ഥലങ്ങൾ പരിഗണനയിലേക്ക് വരുമ്പോൾ കോഴിക്കോട് കിനാലൂർ കൈവിട്ടുപോകുന്നതിനെതിരെ ഇടത് സംഘടനകളും കാലിക്കറ്റ് ചേംബർ ഒഫ് കൊമേഴ്‌സ് അടക്കമുള്ള സംഘടനകളും ശക്തമായി രംഗത്ത്. അതേസമയം എയിംസിനായി തുടക്കം മുതൽ രംഗത്തുള്ള എം.കെ.രാഘവൻ എം.പിയടക്കം കോൺഗ്രസ് നേതാക്കളും കോഴിക്കോട്ടെ എം.എൽ.എമാരുമൊന്നും അനങ്ങാത്തത് കോഴിക്കോടിന്റെ പ്രതീക്ഷകളെ ആശങ്കയിലാഴ്ത്തുന്നു. സി.പി.എമ്മും സി.പി.ഐയുമടക്കം കിനാലൂരിനായി രംഗത്തുവരുമ്പോൾ കോൺഗ്രസ്-ലീഗ് നേതാക്കളോ മലബാറിൽ നിന്നുള്ള മന്ത്രിമാരോ ശബ്ദിച്ചിട്ടില്ല. കോഴിക്കോട്ടുകാരൻ കൂടിയായ ആരോഗ്യമന്ത്രിയാകട്ടെ കേരളത്തിലെ മറ്റ് സ്ഥലങ്ങളുടേയും ആവശ്യം പരിഗണിക്കുമെന്ന് പ്രസ്താവനയും നടത്തി.
സംസ്ഥാനസർക്കാർ എയിംസിനായി ഏറ്റവും മുന്നൊരുക്കങ്ങൾ നടത്തിയത് കിനാലൂരിലാണ്. 200 ഏക്കർ സ്ഥലം കണ്ടെത്തി കേന്ദ്രസർക്കാരിന് ഔദ്യോഗികമായി നിർദ്ദേശം സമർപ്പിച്ച ഏക സ്ഥലം കിനാലൂരാണ്. ഇതിൽ തന്നെ 150 ഏക്കർ കെ.എസ്.ഐ.ഡി.സിയുടെ ഭൂമി ആരോഗ്യവകുപ്പിന് കൈമാറുകയുമുണ്ടായി. കൂടാതെ ഭാവി വികസനത്തിനായി 250 ഏക്കറോളം ഭൂമി ഏത് സമയത്തും ഏറ്റടുക്കാനാവുന്ന രീതിയിൽ ലഭ്യവുമാണ്. കിനാലൂരിലെ സ്ഥലത്ത് സാദ്ധ്യതാ പഠനം നടത്താൻ ഹൈക്കോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകുകയും ചെയ്തതാണ്. ഭൂമിയുടെ ലഭ്യത, അടിസ്ഥാന സൗകര്യങ്ങൾ, മികച്ച റോഡ്-റെയിൽ-വിമാന കണക്ടിവിറ്റി, ഗവ.മെഡിക്കൽകോളജ് ഉൾപ്പെടെയുള്ള ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യമെല്ലാം കിനാലൂരിന് അനുകൂല ഘടകങ്ങളായിരുന്നു. എന്നാൽ കിനാലൂരെന്ന ഒറ്റ സ്ഥലംമാത്രം ചൂണ്ടിക്കാട്ടിയെന്നും മറ്റ് ജില്ലകളുടെ സാദ്ധ്യതകൂടി പരിഗണിക്കണമെന്നും അതിൽതന്നെ കോട്ടയത്തിന് മുൻഗണന വന്നതുമെല്ലാം കിനാലൂരിന്റെ സാദ്ധ്യതകൾക്ക് മങ്ങലാവുകയാണ്. മന്ത്രിമാരില്ലെങ്കിലും കോഴിക്കോട്ട് 12 എം.എൽ.എമാരും രണ്ട് എം.പിമാരുമുണ്ട് കോഴിക്കോട്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളുടെകൂടി ആവശ്യമായിട്ടും യു.ഡി.എഫ് നേതാക്കളുടെ ശബ്ദമുയരാത്തത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്നാണ് ജനം പറയുന്നത്.

കിനാലൂരില്ലെങ്കിൽ

സമരം: കാലിക്കറ്റ് ചേംബർ


കോഴിക്കോട്: ഇത്രയേറെ അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും കിനാലൂരിനെ പരിഗണിക്കാതിരിക്കുന്നത് പ്രതിഷേധാർഹമെന്ന് കാലിക്കറ്റ് ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ എയിംസ് വരുന്നുണ്ടെങ്കിൽ ഏറ്റവും അനുയോജ്യം കിനാലൂരാണ്. അതിനുവേണ്ടി ജനപ്രതിനിധികളുടേയും മന്ത്രിമാരുടേയും ശബ്ദം ഉയരണം. പ്രധാനമന്ത്രിയേയും കേന്ദ്ര ആരോഗ്യമന്ത്രിയേയും കാര്യങ്ങൾ വിശദമായി അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയേയും സംസ്ഥാന ആരോഗ്യമന്ത്രിയേയും നേരിൽകാണും. സർക്കാർ കോഴിക്കോടിനായി നിലകൊള്ളുന്നില്ലെങ്കിൽ സമരമാർഗത്തിലേക്ക് നീങ്ങുമെന്നും നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി, സെക്രട്ടറി ബോബിഷ് കുന്നത്ത്, പി.എം.ഷാനവാസ്, റഫി.പി.ദേവസി, സുബൈർ കൊളക്കാടൻ, അർഷാദ് ആദിരാജ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL