കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ പാത്തോളജി ലാബില്‍ പരിശോധനകള്‍ നടത്താൻ ഇനി ചെലവേറും. നേരത്തെ സൗജന്യമായി ലഭിച്ചിരുന്ന പതിനാലോളം പരിശോധനകൾക്കാണ് 30 രൂപ മുതൽ 800 രൂപ വരെ ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു രോഗിക്ക് 3 - 4 ടെസ്റ്റുകൾ ചെയ്യേണ്ടി വന്നാൽ 500 രൂപ മുതൽ 1000 രൂപ വരെയാകും. രോഗനിർണയത്തിനായി മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്നവരെയാണ് പുതിയ നിരക്ക് നേരിട്ട് ബാധിക്കുക. ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് മരുന്നിനും യാത്രയ്ക്കും ഭക്ഷണത്തിനുമൊപ്പം പരിശോധനയ്ക്കുള്ള തുകയും ഇനി കണ്ടെത്തണം. കാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾ കണ്ടെത്തുന്നതിൽ നിർണായകമായ ബയോപ്സിക്ക് 150 രൂപയാണ് നിരക്ക്. ഹിസ്റ്റോപാത്തോളജി, സൈറ്റോളജി, ഹെമറ്റോളജി വിഭാഗങ്ങളിലെ വിവിധ പരിശോധനകൾക്കും രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട തകരാറുകൾ കണ്ടെത്തുന്നതിനുള്ള കോഗുലേഷൻ പരിശോധനകൾക്കും ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതലായി നടത്തുന്ന ഫൈബ്രിനോജൻ പരിശോധനയ്ക്ക് 500 രൂപയും ലൂപ്പസ് ആന്റികോഗുലന്റ് പരിശോധനയ്ക്ക് 800 രൂപയുമാണ് നൽകേണ്ടത്. മറ്റ് പരിശോധനകൾക്ക് 30 രൂപ മുതൽ വ്യത്യസ്ത നിരക്കുകളുണ്ട്.
ചെലവ് കൂടിയെന്ന് വിശദീകരണം
ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റി പുറത്തിറക്കിയ കുറിപ്പിലാണ് പുതുക്കിയ നിരക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്. പരിശോധനകൾക്കാവശ്യമായ റീജന്റുകളുടെയും മറ്റ് സാമഗ്രികളുടെയും വില വർദ്ധിച്ചതിനെ തുടർന്നാണ് ഫീസ് ഏർപ്പെടുത്തുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. രോഗം കണ്ടെത്തുന്നതിനുള്ള പരിശോധന പോലും പണം കണ്ടെത്താനാകാതെ വൈകുന്ന സാഹചര്യമുണ്ടാകുമോ എന്ന ആശങ്കയുമുണ്ട്. തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധവും ശക്തമാവുകയാണ്.
"മെഡിക്കല്‍ കോളജ് സാധാരണക്കാരുടെ ഏക ആശ്രയമാണ്. പരിശോധനകൾക്ക് ഫീസ് നൽകേണ്ടിവരുന്നത് വലിയ ബാദ്ധ്യതയാവുന്നു."
ജ്യോതി സി.കെ, വയനാട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |